...
Home Uncategorized ‘ജുഡീഷ്യൽ കസ്റ്റഡിയിൽ 48 മണിക്കൂറിലധികം’; സർക്കാർ ഉദ്യോഗസ്ഥർ സ്വമേധയാ സസ്പെൻഷനിലാകും: സുപ്രീം കോടതി

‘ജുഡീഷ്യൽ കസ്റ്റഡിയിൽ 48 മണിക്കൂറിലധികം’; സർക്കാർ ഉദ്യോഗസ്ഥർ സ്വമേധയാ സസ്പെൻഷനിലാകും: സുപ്രീം കോടതി

നവംബർ 6ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങൾ

16

ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്വമേധയാ സസ്പെൻഷനിലായതായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി ബന്ധപ്പെട്ട അധികാരികൾ പ്രത്യേകമായി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട കൈക്കൂലി കേസിൽ ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ജെബി പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിൽ അറസ്റ്റിലായി 15 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ആശുപത്രി മാനേജരുടെ സസ്പെൻഷൻ പിൻവലിച്ച് അതേ ആശുപത്രിയിൽ അതേ തസ്തികയിൽ വീണ്ടും നിയമിച്ചതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

സസ്പെൻഷൻ പിൻവലിച്ച് പ്രതിയെ അതേ ആശുപത്രിയിൽ അതേ പദവിയിൽ തന്നെ തിരിച്ചെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യം ബിഹാർ സർക്കാർ അടിയന്തരമായി പരിശോധിക്കണമെന്നും നിർദേശിച്ചു.

പരാതിക്കാരന് ലഭിക്കേണ്ടിയിരുന്ന 36,421 രൂപയുടെ കുടിശ്ശിക അനുവദിച്ചു നൽകാൻ 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആശുപത്രി മാനേജർക്കെതിരായ ആരോപണം. 1988-ലെ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ ഇയാൾ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

കൈക്കൂലി തുക ചെറുതാണെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണത്തെ വിമർശിച്ച പട്ന ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഉദ്യോഗസ്ഥൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിച്ചു. സെഷൻസ് കോടതി ജാമ്യം അനുവദിച്ച് ഒരു വർഷത്തിന് ശേഷമാണ് ഹൈക്കോടതി അത് റദ്ദാക്കിയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കൈക്കൂലി തുക കുറവാണെന്നത് മാത്രം ജാമ്യം അനുവദിക്കാനുള്ള മാനദണ്ഡമാകരുതെന്ന ഹൈക്കോടതിയുടെ നിലപാടിനോട് സുപ്രീം കോടതിയും യോജിച്ചു. അതേസമയം, പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയും പരിഗണിക്കുമ്പോൾ ഇത്തരം കേസുകളിൽ സാധാരണഗതിയിൽ ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നവംബർ 6ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.