...
Home News National ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയോ?; വിശദീകരണം

ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയോ?; വിശദീകരണം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നതെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

228

ത്രിപുരയിലുള്ള റിസർവോയർ മുന്നറിയിപ്പില്ലാതെ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണ് ബംഗ്ളാദേശിൽ ഇപ്പോൾ ഉണ്ടായ വെള്ളപ്പൊക്കത്തിനു കാരണമെന്ന ബംഗ്ളാദേശിന്റെ ആരോപണം നിഷേധിച്ച് ഇന്ത്യ. സംസ്ഥാനത്തെ ഡംബൂരിലുള്ള റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ബംഗ്ളാദേശ് ഉയർത്തുന്ന ആരോപണം.

ശക്തമായ മഴയെത്തുടർന്നാണ് ദീർഘമായ 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഈ വിവരം ബംഗ്‌ളാദേശിനെ അറിയിക്കാത്തത് മോശമാണെന്ന് ദേശീയ ജല വികസന ബോർഡ് പറഞ്ഞതായി ബംഗ്ളാദേശിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

മാത്രമല്ല, റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിക്കുന്നു. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നതെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലും അതിനോട് ചേർന്നുള്ള ബംഗ്ലദേശിന്റെ മേഖലകളിലും ജനങ്ങൾ സമാന ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രാലയം പറയുന്നു . ഈ മാസം 21 മുതൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് റിസർവോയറിന്റെ ഗേറ്റ് ഉയർത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഈ വിവരം ബംഗ്ലദേശിനെ അറിയിക്കുന്നതിൽ താൽക്കാലിക തടസം നേരിട്ടെങ്കിലും മറ്റ് അടിയന്തര മാർഗങ്ങളിലൂടെ കഴിയുന്നതും വേഗം വിവരം കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.