ഈ വർഷം ഡിസംബറിൽ ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ (EU) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ 17, 18 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിലിന്റെ വർഷത്തെ അവസാന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നാണ് വിവരം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ സന്ദർശനം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വർഷം ജനുവരി 27-ന് ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ സംബന്ധിച്ച ചർച്ചകൾ ഇരുപക്ഷവും പൂർത്തിയാക്കിയത്. ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ സുരക്ഷാ-പ്രതിരോധ പങ്കാളിത്തത്തിലും ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കൽ പ്രക്രിയയിലേക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.
നിയമപരമായ പരിശോധനകൾ ഇതിനോടകം പൂർത്തിയായ ഈ വ്യാപാര കരാർ, 2026 അവസാനത്തോടെ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നുള്ള ആഭ്യന്തര അനുമതികളും തർജ്ജമാ ജോലികളും പുരോഗമിക്കുകയാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗവും ഏകദേശം ഇരുനൂറ് കോടിയോളം ജനങ്ങളെയുമാണ് ഈ നിർദ്ദിഷ്ട വ്യാപാര കരാർ ബന്ധിപ്പിക്കുന്നത്. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ തുണിത്തരങ്ങൾ, ലെതർ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ 97 ശതമാനം ഉൽപ്പന്നങ്ങൾക്കും ഇന്ത്യക്ക് നികുതിരഹിതമോ അല്ലെങ്കിൽ പ്രത്യേക പരിഗണനകളോടുകൂടിയതോ ആയ വിപണി സൗകര്യം ലഭിക്കും.
അതേസമയം, ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാനോ പൂർണ്ണമായി ഒഴിവാക്കാനോ ഈ കരാറിലൂടെ യൂറോപ്യൻ യൂണിയനും സാധിക്കും. കൂടാതെ, 144 സർവീസ് ഉപമേഖലകളെ ഉൾക്കൊള്ളുന്ന ഈ കരാർ ഇന്ത്യയിലെ വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ സുഗമമായ യാത്രയ്ക്കും ജോലി സാധ്യതകൾക്കും സഹായകരമാകും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധം ഇതിനോടകം തന്നെ ശക്തമാണ്. 2024-25 വർഷത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 136.54 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 75.85 ബില്യൺ ഡോളറും ഇങ്ങോട്ടുള്ള ഇറക്കുമതി 60.68 ബില്യൺ ഡോളറുമാണ്. കൂടാതെ 2024-ൽ സേവന മേഖലയിലെ വ്യാപാരം 83.10 ബില്യൺ ഡോളറിലെത്തിയിരുന്നു എന്നതും പുതിയ കരാറിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.


