‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും രാജ്യത്തിന് നേട്ടമായെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്. യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നിലയായ 38,424 കോടി രൂപയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലൂംബെർഗ് റിപ്പോർട്ടിൽ ഇന്ത്യ യൂറോപ്പിലേക്കുള്ള മൂന്നാമത്തെ വലിയ ആയുധ കയറ്റുമതിക്കാരനായി മാറിയതായി വായിച്ചിരുന്നുവെന്ന് രാജേഷ് കുമാർ സിംഗ് പറഞ്ഞു. ‘റീആം യൂറോപ്പ്’ പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യകതയാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ തരത്തിലുള്ള വെടിക്കോപ്പുകൾ, പീരങ്കി ഷെല്ലുകൾ, ചെറുതും വലുതുമായ കാലിബറുകളിലുള്ള വെടിയുണ്ടകൾ എന്നിവ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഗണ്യമായ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയിൽ വലിയ വളർച്ചയുണ്ടായതായി പ്രതിരോധ സെക്രട്ടറി പറഞ്ഞു. 16 പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു പുറമേ, ഏകദേശം 840 വൻകിട, ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 17,000 ചെറുകിട സംരംഭങ്ങളും ഈ മേഖലയിലുണ്ട്. ആഭ്യന്തര പ്രതിരോധ ഉൽപാദനത്തിന്റെ മൂല്യം ഏകദേശം 17 ബില്യൺ യൂറോയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 80-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിവർഷം 20 മുതൽ 25 ബില്യൺ ഡോളർ വരെ വരുന്ന പ്രതിരോധ മൂലധനച്ചെലവിന്റെ 75 ശതമാനവും രാജ്യത്തിനകത്ത് ചെലവഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാങ്കേതിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ച് നിർമിക്കുന്ന ഐഡിഡിഎം (Indigenously Designed, Developed and Manufactured) ഉൽപന്നങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പീരങ്കികളും വെടിക്കോപ്പുകളും മാത്രമല്ല ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ ഭാഗം. ഹെൽമെറ്റുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ചെറു ആയുധങ്ങൾ, വിവിധ പ്രതിരോധ ഘടകങ്ങൾ, പീരങ്കി സംവിധാനങ്ങൾ തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിരോധ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങൾക്കായി ഇന്ത്യ ദീർഘകാലം റഷ്യയെ ആശ്രയിച്ചിരുന്നെങ്കിലും ഈ ആശ്രിതത്വം ക്രമേണ കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ റഷ്യൻ നിർമിത ഉപകരണങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുണ്ടെങ്കിലും വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്ന നടപടികൾ തുടരുകയാണ്. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ പ്രതിരോധ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയ്ക്കു പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയിൽ ഫ്രാൻസിനും ഇസ്രായേലിനും ഏകദേശം 15 ശതമാനം വീതം പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസും സൈപ്രസും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി തന്ത്രപരമായ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.
യൂറോപ്പിന്റെ പ്രതിരോധ സംഭരണ പദ്ധതികളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികൾ യൂറോപ്യൻ രാജ്യങ്ങളിൽ സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ പ്രതിരോധ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യൂറോപ്യൻ കമ്പനികൾക്ക് രാജ്യത്ത് സംയുക്ത സംരംഭങ്ങൾ ആരംഭിക്കാമെന്നും എന്നാൽ സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ, യൂറോപ്യൻ പ്രതിരോധ നിർമാതാക്കൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും ഇരു മേഖലകളിലെയും വിതരണ ശൃംഖലകൾ കൂടുതൽ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്നും രാജേഷ് കുമാർ സിംഗ് കൂട്ടിച്ചേർത്തു.



