നേപ്പാളിലെ വിവിധ ജയിലുകളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രക്ഷപ്പെട്ട 35 തടവുകാരെ സശസ്ത്ര സീമ ബൽ (എസ്എസ്ബി) പിടികൂടിയതായി വ്യാഴാഴ്‌ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇതിൽ 22 പേരെ ഉത്തർപ്രദേശിലെ ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിന്നും, 10 പേരെ ബീഹാറിൽ നിന്നും, മൂന്ന് പേരെ പശ്ചിമ ബംഗാളിൽ നിന്നുമാണ് പിടികൂടിയത്. ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ വിവിധ ചെക്ക്‌പോസ്റ്റുകളിലാണ് ഈ തടവുകാരെ പാർപ്പിച്ചിരിക്കുന്നതെന്ന് സംഭവ വികാസങ്ങൾ മനസിലാക്കിയ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
എല്ലാ അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും കർശന ജാഗ്രത തുടരുന്നതിനാൽ എണ്ണം ഇപ്പോഴും വർദ്ധിച്ചു കൊണ്ടിരിക്കുക ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നേപ്പാളിൽ കൂട്ടജയിൽ ചാട്ടങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് എസ്‌എസ്‌ബിയുടെ ജാഗ്രത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സമീപകാലത്തെ കലാപത്തിനിടെ നിരവധി തടവുകാർ രക്ഷപ്പെട്ടു. ഒളിച്ചോടിയവർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞു കയറുന്നത് തടയുന്നതിനും നിയമപാലകരിൽ നിന്ന് രക്ഷപ്പെടാൻ അതിർത്തി ഉപയോഗിക്കുന്നതിനും ഇന്ത്യയുടെ അതിർത്തി കാവൽ സേനയായ എസ്‌എസ്‌ബി ജാഗ്രത പുലർത്തുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എസ്ബി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1,751 കിലോമീറ്റർ നീളമുള്ള ഇന്തോ-നേപ്പാൾ അതിർത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ജയിൽ ചാടിയവരെ കണ്ടെത്താൻ സേന കർശനമായ തിരിച്ചറിയൽ പരിശോധനകൾ, പട്രോളിംഗ് വർദ്ധിപ്പിക്കൽ, രഹസ്യാന്വേഷണ ശേഖരണം എന്നിവ നടത്തിയിട്ടുണ്ട്.
അറസ്റ്റിലായവരിൽ പലരും തിരിച്ചറിയൽ രേഖയില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യൻ പ്രദേശത്തേക്ക് കൂടുതൽ കടക്കുന്നതിന് മുമ്പ് ജാഗ്രത പുലർത്തുന്ന ഉദ്യോഗസ്ഥർ അവരെ തടഞ്ഞുവെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
അന്വേഷണത്തിനും നിയമ നടപടികൾക്കുമായി തടവുകാരെ പോലീസിന് കൈമാറി. നേപ്പാളിലെ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ച് തടവുകാരെയും ബുധനാഴ്‌ച എസ്എസ്ബി പിടികൂടി. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ആണ് തടവുകാരെ പിടികൂടിയത്.
നേപ്പാളിലെ 77 ജില്ലകളിലുമായി നടന്ന അക്രമാസക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൻ്റെ ഫലമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി ചൊവ്വാഴ്‌ച രാജി വെക്കേണ്ടിവന്നു. ഇത് ജില്ലകളിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായി. ഇതിനെ തുടർന്ന് നേപ്പാൾ സൈന്യം നിയന്ത്രണ ഉത്തരവുകൾ ഏർപ്പെടുത്തി, തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി.



