...
Home News National അഗ്‌നി മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൃത്യതയും; പുതിയ ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

അഗ്‌നി മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൃത്യതയും; പുതിയ ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

ഈ പുതിയ മിസൈലിന് 10 മുതൽ 12 വരെ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മിസൈൽ 10,000 കിലോമീറ്ററിലധികം ദൂരപരിധി കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം.

174

ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ ശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന അടുത്ത തലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിലവിലുള്ള അഗ്‌നി മിസൈലുകളേക്കാൾ കൂടുതൽ ദൂരപരിധിയും കൃത്യതയും ഉറപ്പാക്കുന്ന ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്നു.

റഷ്യയുടെ ട-500, അമേരിക്കയുടെ ഥാഡ്, ചൈനയുടെ എച്ച്.ക്യു-19 തുടങ്ങിയ ലോകത്തെ മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പോലും വെട്ടിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാകും മിസൈൽ വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി മാനുവറബിൾ റീ-എൻട്രി വെഹിക്കിൾസ് (MaRVs), റഡാറുകളെ കബളിപ്പിക്കാനുള്ള അത്യാധുനിക ഡീകോയ്, റഡാർ ആഗിരണം ചെയ്യുന്ന കോട്ടിങ്ങുകൾ എന്നിവ ഉപയോഗിക്കുമെന്നാണ് വിവരം.

ഈ പുതിയ മിസൈലിന് 10 മുതൽ 12 വരെ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ മിസൈൽ 10,000 കിലോമീറ്ററിലധികം ദൂരപരിധി കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയുടെ ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ആണ്. ഔദ്യോഗികമായി അഗ്‌നി-5 മിസൈലിന് 5,000-5,500 കിലോമീറ്റർ ദൂരപരിധിയാണ് ഉള്ളതെങ്കിലും, ഭാരം കുറഞ്ഞ യുദ്ധമുനകൾ ഉപയോഗിച്ചാൽ അതിന് 7,000 മുതൽ 8,000 കിലോമീറ്റർ വരെ ലക്ഷ്യങ്ങൾ ഭേദിക്കാൻ സാധിക്കും. എന്നാൽ പുതിയ മിസൈൽ ഇതിന്റെ ഇരട്ടി ദൂരപരിധി വരെ ലക്ഷ്യമിടുന്നുണ്ട്. 2025ൽ പുതിയ മിസൈലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

കാർബൺ-കോമ്പോസിറ്റ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിലൂടെ മിസൈലിന്റെ ഭാരം ഗണ്യമായി കുറയ്ക്കും. ഇതിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ മിസൈലിന് സാധിക്കും. അഗ്‌നി-5 മിസൈലിന് 50 ടൺ ഭാരമുള്ളപ്പോൾ, പുതിയ തലമുറ മിസൈൽ 40 ടൺ വിഭാഗത്തിൽ ആയിരിക്കും വരുന്നത്. ഇന്ത്യയുടെ കെ-5, കെ-6 എന്നീ അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതിക വിദ്യ പുതിയ മിസൈലിലും പരീക്ഷിക്കും.

അന്തർവാഹിനികളിൽ മിസൈൽ വിക്ഷേപണ കുഴലുകളിലാണ് മിസൈലുകൾ സൂക്ഷിക്കുന്നത്. അന്തർവാഹിനികളിൽ ഉപയോഗിക്കാനായി കെ-5 മിസൈലുകൾ വലിപ്പം കുറഞ്ഞ രീതിയിലാണ് വികസിപ്പിച്ചത്. ഇതേ സാങ്കേതിക വിദ്യ പുതിയ മിസൈലിനുമുണ്ടാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ മിസൈലിനെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ സഹായിക്കും.

റോഡ് മാർഗ്ഗം എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ലോഞ്ചറുകളിലാകും ഇവയെ സൂക്ഷിക്കുക. ഇതിലൂടെ മിസൈലിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാൻ സാധിക്കും. ഇത് ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് മിസൈലിനെ സുരക്ഷിതമായി നിർത്താനും രഹസ്യമായി വിന്യസിക്കാനും സഹായിക്കും. ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും, ഇത് അഗ്‌നി-6 അല്ലെങ്കിൽ ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന സൂര്യ മിസൈൽ പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചനകൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.