12 September 2026
Home News National ഇസ്രയേലിന്റെ വിഖ്യാതമായ ‘അയൺ ഡോമി’ന് സമാനം;‘മിഷൻ സുദർശൻ ചക്ര’യുമായി ഇന്ത്യ

ഇസ്രയേലിന്റെ വിഖ്യാതമായ ‘അയൺ ഡോമി’ന് സമാനം;‘മിഷൻ സുദർശൻ ചക്ര’യുമായി ഇന്ത്യ

ഇസ്രയേലിന്റെ ‘അയൺ ഡോമി’ന് സമാനമായി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ ബഹുതല പ്രതിരോധ സംവിധാനം, ശത്രുക്കളുടെ വ്യോമാക്രമണങ്ങളെയും ഭീകരവാദ ഭീഷണികളെയും ഫലപ്രദമായി ചെറുക്കും.

380

ഇന്ത്യയുടെ സുരക്ഷാ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ‘മിഷൻ സുദർശൻ ചക്ര’ എന്ന അത്യാധുനിക പ്രതിരോധ സംവിധാനത്തിന് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിന്റെ ‘അയൺ ഡോമി’ന് സമാനമായി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ ബഹുതല പ്രതിരോധ സംവിധാനം, ശത്രുക്കളുടെ വ്യോമാക്രമണങ്ങളെയും ഭീകരവാദ ഭീഷണികളെയും ഫലപ്രദമായി ചെറുക്കും.

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ തന്ത്രപ്രധാന, സിവിലിയൻ, മതപരമായ കേന്ദ്രങ്ങളെ ശത്രു ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു ‘കവചം സൃഷ്ടിക്കുക’ എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.

“അടുത്ത പത്ത് വർഷത്തിനുള്ളിൽ, അതായത് 2035 ആകുമ്പോഴേക്കും, ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നവീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മൾ ‘സുദർശൻ ചക്രത്തി’ന്റെ പാത തിരഞ്ഞെടുത്തിരിക്കുന്നു. രാജ്യം സുദർശൻ ചക്ര ദൗത്യം ആരംഭിക്കും,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്തി ഈ സംവിധാനം പൂർണ്ണമായും ഇന്ത്യയിൽ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യും. “ഈ ശക്തമായ സംവിധാനം തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുക മാത്രമല്ല, തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കുകയും ചെയ്യും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സിവിലിയൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത, ഇന്ത്യയുടെ സ്വന്തം അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനമാണ് മിഷൻ സുദർശൻ ചക്ര. വ്യോമാക്രമണങ്ങളെ തടയുന്നതിൽ ലോകപ്രശസ്തമായ ഇസ്രയേലിന്റെ ‘അയൺ ഡോം’ സംവിധാനത്തിന് സമാനമായായിരിക്കും ഇന്ത്യയും ഒരു പ്രതിരോധ കവചം നിർമ്മിക്കുക.

2010-കളിൽ വിന്യസിച്ച ഇസ്രയേലിന്റെ ഈ സംവിധാനം, ആയിരക്കണക്കിന് റോക്കറ്റുകളെ തടഞ്ഞ് 90 ശതമാനത്തിലധികം വിജയ നിരക്ക് നേടിയിരുന്നു. മിഷൻ സുദർശൻ ചക്രയും സമാനമായ രീതിയിൽ പ്രവർത്തിച്ച് രാജ്യത്തിന്റെ വ്യോമമേഖലയെ സുരക്ഷിതമാക്കും. വിപുലമായ നിരീക്ഷണം, തടസ്സപ്പെടുത്തൽ, പ്രത്യാക്രമണ കഴിവുകൾ എന്നിവ സംയോജിപ്പിച്ച് വായു, കര, കടൽ മേഖലകളിലെ ഭീഷണികളെ വേഗത്തിൽ നിർവീര്യമാക്കാൻ സുദർശൻ ചക്രത്തിന് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.