...
Home News National ഭീകര വാദികളുമായി പാകിസ്ഥാന് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി

ഭീകര വാദികളുമായി പാകിസ്ഥാന് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി

തീവ്രവാദബന്ധമുള്ള രണ്ട് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്‌തു

217

പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോക രാഷ്ട്രങ്ങളുമായി ഫോണിൽ സംസാരിച്ചു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുമായി പാകിസ്ഥാന് നേരിട്ട് ബന്ധമുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസി കണ്ടെത്തി. വിശ്വസനീയമായ വിവരങ്ങൾ രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിദേശ രാഷ്ട്രങ്ങളുമായി പങ്കുവച്ചു.

ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടിൻ്റെ സാന്നിധ്യം പാകിസ്ഥാൻ മേഖലകളിൽ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാക്കണമെന്നും ഇന്ത്യ വിദേശ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. തീവ്രവാദബന്ധമുള്ള രണ്ട് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്‌തു. കുൽഗാം ജില്ലയിലെ തോക്കർ പാറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ. കുറ്റവാളികളെയും അതിന് സാമ്പത്തിക സഹായം നൽകുന്നവരെയും നീതിയുടെ മുന്നിൽ കൊണ്ടുവരണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് സുരക്ഷാ കൗൺസിൽ പറഞ്ഞു. ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്.

അതേസമയം പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് കരസേന മേധാവി അറിയിച്ചു. കൂട്ടക്കുരുതിയെ കുറിച്ചുള്ള വിവിധ ഏജൻസികളുടെ അന്വേഷണം തുടരും. പഹൽഗാമിലെ പ്രാദേശിക വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് എൻഐഎ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. പാകിസ്ഥാൻ പൗരന്മാർ ഉടൻ നാടുവിടണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. എല്ലാ സംസ്ഥാനങ്ങളിലെയും പാകിസ്ഥാൻ പൗരന്മാരുടെ പട്ടിക തയ്യാറാക്കണമെന്നും നാടുകടത്തൽ നടപടി വേഗത്തിലാക്കണമെന്നും ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.

സിന്ധു നദി ജല കരാർ മരവിപ്പിക്കൽ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചു കേന്ദ്രസർക്കാർ. പാക്കിസ്ഥാനിലേക്ക് നൽകുന്ന ജലലഭ്യത വെട്ടിക്കുറക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തതായി ജലശക്തി മന്ത്രി വ്യക്തമാക്കി. അതേസമയം പൗരന്മാർ രാജ്യം വിടണമെന്ന നിർദ്ദേശത്തിന് പിന്നാലെ അട്ടാരി അതിർത്തിയിൽ വൻതിരക്ക് നേരിടുന്നതായി റിപ്പോർട്ട്‌.

സംസ്ഥാനങ്ങളിലെ പാക്കിസ്ഥാന്‍ പൗരന്മാരെ ഉടന്‍ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ 111 പാക്കിസ്ഥാന്‍ പൗരന്മാരോട് ഞായറാഴ്‌ച നാടുവിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.