Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കല്ലേറും മോഷണവും തടയാൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ | Nalamidam
3 November 2026
Home News National കല്ലേറും മോഷണവും തടയാൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ

കല്ലേറും മോഷണവും തടയാൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ

‘ഡ്രോക്ക് ഐ’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം നിരീക്ഷണം, സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തൽ, കുറ്റകൃത്യങ്ങൾ തടയൽ എന്നിവയിൽ ആർപിഎഫിനെ സഹായിക്കുന്നതായി റെയിൽവേ അറിയിച്ചു.

210

യാത്രക്കാരുടെയും റെയിൽവേയുടെ സ്വത്തുക്കളുടെയും സുരക്ഷ ശക്തിപ്പെടുത്താൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ട്രാക്കുകളിലും സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിൻ യാർഡുകളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ കല്ലേറ്, മോഷണം, അതിക്രമിച്ചുകയറ്റം തുടങ്ങിയ സംഭവങ്ങൾ തടയുകയാണ് ലക്ഷ്യം.

റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) നേതൃത്വത്തിലാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം. തത്സമയ ദൃശ്യങ്ങൾ ലഭ്യമാക്കുന്ന ക്യാമറകൾക്ക് പുറമെ രാത്രി കാഴ്ചയ്ക്കും തെർമൽ ഇമേജിങ്ങിനുമുള്ള സംവിധാനങ്ങളും ഡ്രോണുകളിലുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താനും അപകടസാധ്യതയുള്ള മേഖലകൾ നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും ഇത് സഹായിക്കും.

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 11 ഡ്രോണുകൾ

ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ മൂന്ന് ഡിവിഷനുകളിലായി നിലവിൽ 11 ഡ്രോണുകളാണ് വിന്യസിച്ചിരിക്കുന്നത്. 2027 മാർച്ചോടെ എണ്ണം 22 ആയി ഉയർത്താനാണ് പദ്ധതി. ഖുർദ റോഡ് ഡിവിഷനിൽ നാലും സാംബൽപൂരിൽ ആറും റായഗഡയിൽ ഒന്നും ഡ്രോണുകളുണ്ട്.

284 റെയിൽവേ സ്റ്റേഷനുകളും 2,708 റൂട്ട് കിലോമീറ്ററും 6,072 ട്രാക്ക് കിലോമീറ്ററും ഉൾപ്പെടുന്ന മേഖലയിലാണ് നിരീക്ഷണം. ഡിജിസിഎ അംഗീകാരമുള്ള 160 ഡ്രോൺ പൈലറ്റുമാരുടെ സേവനവും ലഭ്യമാണ്. ‘ഡ്രോക്ക് ഐ’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം നിരീക്ഷണം, സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തൽ, കുറ്റകൃത്യങ്ങൾ തടയൽ എന്നിവയിൽ ആർപിഎഫിനെ സഹായിക്കുന്നതായി റെയിൽവേ അറിയിച്ചു.

ഒമ്പത് മാസത്തിനിടെ 3,033 ദൗത്യങ്ങൾ

2026 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 15 വരെ ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 3,033 ഡ്രോൺ ദൗത്യങ്ങൾ നടത്തി. ഖുർദ റോഡ് ഡിവിഷനിൽ 680, റായഗഡയിൽ 1,024, സാംബൽപൂരിൽ 1,329 എന്നിങ്ങനെയാണ് ദൗത്യങ്ങളുടെ എണ്ണം. ഇതിൽ 1,265 എണ്ണം അട്ടിമറി സാധ്യതകൾ, കല്ലേറ്, കേബിൾ മോഷണം, തീപിടിത്തം തുടങ്ങിയ നിർണായക സുരക്ഷാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവയായിരുന്നു.

വനപ്രദേശങ്ങൾ, കുന്നിൻ മേഖലകൾ, തുരങ്കങ്ങൾ, പാലങ്ങൾ, ഒറ്റപ്പെട്ട റെയിൽവേ പാതകൾ എന്നിവിടങ്ങളിലെ നിരീക്ഷണത്തിനും ഡ്രോണുകൾ പ്രയോജനപ്പെടുന്നുണ്ട്. സ്റ്റേഷനുകൾ, കോച്ചിങ് യാർഡുകൾ, പ്രധാന റെയിൽവേ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അതിക്രമിച്ചുകയറ്റവും മോഷണവും കണ്ടെത്തുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഇവ സഹായകമാണ്.

2026-ൽ പുരിയിൽ നടന്ന രഥയാത്രയ്ക്കിടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഡ്രോൺ നിരീക്ഷണം ഉപയോഗപ്പെടുത്തിയതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ‘മേരി സഹേലി’ പദ്ധതിക്കും റെയിൽവേയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും സുരക്ഷാ പ്രാധാന്യമുള്ള ആസ്തികളുടെ നിരീക്ഷണത്തിനും ഈ സംവിധാനം പിന്തുണ നൽകുന്നുണ്ട്.

ഒരു ഡ്രോൺ സംഘത്തിന് ഏകദേശം എട്ട് മുതൽ പത്ത് കിലോമീറ്റർ വരെ ദൂരം നിരീക്ഷിക്കാനാകുമെന്നാണ് റെയിൽവേയുടെ കണക്ക്. ഡ്രോണുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ വിശാലമായ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.