ലോകപ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐയുടെ (OpenAI) സിസ്റ്റങ്ങളിലെ സുരക്ഷാപ്പഴുതുകൾ കണ്ടെത്തി കമ്പനിയുടെ സ്വകാര്യ കോഡ് ശേഖരത്തിലേക്ക് കടന്നുകയറി മൂന്ന് ഇന്ത്യൻ വംശജരായ ഗവേഷകർ. ‘ഹാക്ക്ട്രോൺ എഐ’ (Hacktron AI) എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിലെ അംഗങ്ങളായ മോഹൻ പെധാപതി, ഹർഷ ജയ്സ്വാൾ, രാഹുൽ മൈനി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഓപ്പൺ എഐ നടത്തുന്ന ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളിൽ, വെറും 72 മണിക്കൂറിനുള്ളിൽ ഓപ്പൺ എഐയുടെ ഇന്റേണൽ സിസ്റ്റങ്ങളിൽ പ്രവേശിക്കാൻ ഇവർക്ക് സാധിച്ചുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഓപ്പൺ എഐയുടെ സിസ്റ്റത്തിൽ നുഴഞ്ഞുകയറാൻ ഇവർ പ്രധാനമായും ഉപയോഗിച്ചത് അവരുടെ പ്രധാന എതിരാളിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് (Claude) എഐ മോഡലിന്റെ സഹായത്തോടെയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനുപുറമേ, ഓപ്പൺ എഐയുടെ സ്വന്തം ‘GPT-5.6 Sol’ മോഡലും പരീക്ഷണങ്ങൾക്കായി ഗവേഷകർ പ്രയോജനപ്പെടുത്തി. ഓപ്പൺ എഐയുടെ കമ്മ്യൂണിറ്റി ഫോറം പ്രവർത്തിക്കുന്ന ‘ഡിസ്കോഴ്സ്’ (Discourse) എന്ന തേഡ് പാർട്ടി സോഫ്റ്റ്‌വെയറിലെ ഇമേജ് ഫയലുകൾ പ്രോസസ്സ് ചെയ്യുന്നതിലുണ്ടായ പിഴവുകളാണ് ഗവേഷകർ ആദ്യം തിരിച്ചറിഞ്ഞത്.
ഈ സുരക്ഷാപ്പഴുത് മുതലെടുക്കാനുള്ള എക്സ്പ്ലോയിറ്റ് കോഡ് വികസിപ്പിച്ചെടുത്തത് ക്ലോഡ് ഓപ്പസ് 5 (Claude Opus 5) എഐ മോഡൽ ഉപയോഗിച്ചാണ്. തുടർന്ന് ഡിസ്കോഴ്സ് സോഫ്റ്റ്‌വെയറിലേക്ക് നുഴഞ്ഞുകയറിയ ഇവർ, അവിടെനിന്ന് ഓപ്പൺ എഐയുടെ സിംഗിൾ സൈൻ ഓൺ (SSO) സിസ്റ്റത്തിലുള്ള മറ്റൊരു ബഗ് കൂടി കണ്ടെത്തുകയുണ്ടായി. ഇതുവഴി ഓപ്പൺ എഐ ജീവനക്കാരുടെ ജിപിടി, കോഡെക്സ് (Codex) അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഒതന്റിക്കേഷൻ വിവരങ്ങൾ കൈക്കലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.
കൈക്കലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ഓപ്പൺ എഐയുടെ സ്വകാര്യ ഗിറ്റ്ഹബ് (GitHub) പ്രൊഫൈലിലേക്ക് പ്രവേശിക്കാൻ ഗവേഷകർക്ക് സാധിച്ചു. സിസ്റ്റത്തിൽ പ്രവേശനം ലഭിച്ചുവെന്നതിന് തെളിവായി ഒരു ജീവനക്കാരന്റെ കോഡെക്സ് അക്കൗണ്ടിൽ നിന്ന് കമ്പനിയുടെ പ്രൈവറ്റ് കോഡ് റിപ്പോസിറ്ററിയിലേക്ക് ഇവർ ഒരു പുൾ റിക്വസ്റ്റ് അയക്കുകയും ചെയ്തു. എന്നാൽ, സുരക്ഷാപ്പഴുതുകൾ കണ്ടെത്തുന്ന ബഗ് ബൗണ്ടിയുടെ ഭാഗമായുള്ള പരീക്ഷണമായതിനാൽ കമ്പനിയുടെ സോഴ്‌സ് കോഡുകളൊന്നും ഇവർ ഡൗൺലോഡ് ചെയ്യുകയോ പരിശോധിക്കുകയോ ചെയ്തില്ല. വിവരം ലഭിച്ച ഉടൻ തന്നെ ഓപ്പൺ എഐ ഈ സുരക്ഷാപ്പഴുതുകൾ പരിഹരിക്കുകയും ആക്‌സസ് റദ്ദാക്കുകയും ചെയ്തു.
ഓപ്പൺ എഐയുടെ സുരക്ഷാപ്പഴുതുകൾ കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്തതിന് ഹാക്‌ട്രോൺ എഐ സ്റ്റാർട്ടപ്പിന് 6,500 യു.എസ്. ഡോളർ (6.2 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ബഗ് ബൗണ്ടിയായി പ്രതിഫലം ലഭിച്ചു. ഈ പരിശോധനകൾക്കായി എഐ ടോക്കണുകൾ ഉപയോഗിച്ച ഇനത്തിൽ 3,000 ഡോളറിൽ താഴെ മാത്രമാണ് ഇവർക്ക് ചെലവായത്.


