...
Home News National അരി ഉത്പാദനത്തിൽ ചൈനയെ പിന്നിലാക്കിയ ഇന്ത്യയുടെ മഹാവിസ്മയം

അരി ഉത്പാദനത്തിൽ ചൈനയെ പിന്നിലാക്കിയ ഇന്ത്യയുടെ മഹാവിസ്മയം

സ്വാതന്ത്ര്യലബ്ധി സമയത്ത് വെറും 20.58 ദശലക്ഷം മെട്രിക് ടൺ മാത്രം അരി ഉത്പാദിപ്പിച്ചിരുന്ന ഇന്ത്യ, എങ്ങനെയുമാണ് 152 ദശലക്ഷം ടണ്ണിലേക്ക് വളർന്നത്? ഈ വളർച്ചയിൽ തായ്‌വാന്റെ പങ്ക് വളരെ വലുതാണ്.

220

| വാമിക

പതിറ്റാണ്ടുകളായി ചൈന അടക്കിവാണിരുന്ന സിംഹാസനം പിടിച്ചെടുത്ത്, ആഗോള അരി ഉത്പാദനത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെറുമൊരു നേട്ടത്തിനപ്പുറം, കഠിനാധ്വാനത്തിന്റെയും ശാസ്ത്രീയ പരീക്ഷണങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ഇന്ത്യൻ കാർഷിക രംഗത്തിന് പറയാനുള്ളത്.

ചൈനീസ് ആധിപത്യത്തിന് അന്ത്യം

1990-കൾ മുതൽ ആഗോള അരി വിപണിയിൽ ചൈനയ്ക്കായിരുന്നു ആധിപത്യം. സങ്കരയിനം വിത്തുകളും സർക്കാർ നൽകിയ വൻതോതിലുള്ള സബ്‌സിഡികളും വഴി ചൈന തങ്ങളുടെ ഉത്പാദനം പ്രതിവർഷം 140 ദശലക്ഷം മെട്രിക് ടണ്ണിലധികം നിലനിർത്തിപ്പോന്നു,. യുവാൻ ലോങ്പിംഗ് വികസിപ്പിച്ചെടുത്ത വിത്തുകൾ ചൈനയുടെ വിളവ് 20 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, 2025 ഡിസംബറിലെ യുഎസ്ഡിഎ (USDA) റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ 152 ദശലക്ഷം മെട്രിക് ടൺ അരി ഉത്പാദിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തി. ഇതേസമയം ചൈനയുടെ ഉത്പാദനം 146 ദശലക്ഷം മെട്രിക് ടണ്ണിൽ ഒതുങ്ങി. ഇതോടെ ആഗോള അരി ഉത്പാദനത്തിന്റെ 28 ശതമാനവും ഇന്ത്യയുടെ വിഹിതമായി മാറി.

മാറ്റത്തിന്റെ കാറ്റ് വീശിയ സംസ്ഥാനങ്ങൾ

ഇന്ത്യയുടെ ഈ കുതിപ്പിന് പിന്നിൽ കരുത്തായി നിന്നത് ചില സംസ്ഥാനങ്ങളുടെ അസാമാന്യമായ പ്രകടനമാണ്. തെലങ്കാനയാണ് നിലവിൽ ഇന്ത്യയുടെ അരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്. മികച്ച ജലസേചന പദ്ധതികളും നെല്ല് സംഭരണത്തിനുള്ള സർക്കാർ ഇടപെടലുകളും തെലങ്കാനയെ ഈ നേട്ടത്തിലേക്ക് നയിച്ചു. പശ്ചിമ ബംഗാളിലെ ഫലഭൂയിഷ്ഠമായ ഗംഗാ സമതലങ്ങളും മൺസൂണും പരമ്പരാഗതമായ കരുത്ത് പകർന്നപ്പോൾ, പഞ്ചാബും ഹരിയാനയും ആധുനിക കൃഷിരീതികളിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചു. ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളും ഈ ചരിത്ര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

കയറ്റുമതിയിലെ ‘സുഗന്ധ’ വിപ്ലവം

അരി ഉത്പാദിപ്പിക്കുക മാത്രമല്ല, അത് ലോകമെമ്പാടും എത്തിക്കുന്നതിലും ഇന്ത്യ റെക്കോർഡ് ഇട്ടു. ലോകത്തെ 172 രാജ്യങ്ങളിലേക്കാണ് ഇന്ന് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. 2024-25 കാലയളവിൽ മാത്രം 1.05 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് അരി കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്. ഇതിൽ ഏറ്റവും പ്രധാനി സുഗന്ധവാഹിയായ ബസ്മതി അരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ബസ്മതി അരി ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ അഭിമാനമായ ‘പുസ ബസ്മതി-1121’ എന്ന ഇനം ലോകത്തിലെ ഏറ്റവും നീളം കൂടിയ അരി എന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. വേവിക്കുന്നതിന് മുൻപ് 9 മില്ലിമീറ്റർ നീളമുള്ള ഈ അരി വെന്തു കഴിയുമ്പോൾ 15 മുതൽ 22 മില്ലിമീറ്റർ വരെ നീളം വെക്കുന്നു. ഏകദേശം പതിനഞ്ചോളം ഇന്ത്യൻ നെൽവിത്തുകൾക്ക് ഇന്ന് ഭൗമസൂചികാ പദവി (GI Tag) ലഭിച്ചിട്ടുണ്ട് എന്നത് ഗുണമേന്മയുടെ തെളിവാണ്.

തായ്‌വാനും ‘അത്ഭുത അരി’യും: ചരിത്രപരമായ വഴിത്തിരിവ്

സ്വാതന്ത്ര്യലബ്ധി സമയത്ത് വെറും 20.58 ദശലക്ഷം മെട്രിക് ടൺ മാത്രം അരി ഉത്പാദിപ്പിച്ചിരുന്ന ഇന്ത്യ, എങ്ങനെയുമാണ് 152 ദശലക്ഷം ടണ്ണിലേക്ക് വളർന്നത്? ഈ വളർച്ചയിൽ തായ്‌വാന്റെ പങ്ക് വളരെ വലുതാണ്. 1960-കളിൽ ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. അന്നത്തെ ഇന്ത്യൻ നെല്ലിനങ്ങൾക്ക് ഉയരം കൂടുതലായതിനാൽ വളവും വെള്ളവും അധികം നൽകുമ്പോൾ അവ ചരിഞ്ഞു വീഴുമായിരുന്നു. ഈ പ്രതിസന്ധിയിലാണ് തായ്‌വാൻ തങ്ങളുടെ കുള്ളൻ വിത്തിനമായ ‘ടൈഷുങ് നേറ്റീവ്-1’ (TN-1) ഇന്ത്യയ്ക്ക് നൽകിയത്. ഇത് ഇന്ത്യൻ കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. പിന്നീട് 1968-ൽ എത്തിയ IR-8 എന്ന ‘മിറക്കിൾ റൈസ്’ (അത്ഭുത അരി) ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. ഈ രണ്ട് ഇനങ്ങളെയും കൂട്ടിച്ചേർത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത ‘ജയ’ എന്ന കുള്ളൻ നെല്ലിനമാണ് ഇന്ത്യയെ നെൽകൃഷിയിൽ സ്വയംപര്യാപ്തമാക്കിയത്.

വെല്ലുവിളികൾ ഇനിയുമുണ്ട്

ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളികൾ ബാക്കിയുണ്ട്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ ഹെക്ടർ വിളവ് (Yield per hectare) വളരെ കുറവാണ്. ചൈന ഒരു ഹെക്ടറിൽ 7,100 കിലോഗ്രാം നെല്ല് ഉത്പാദിപ്പിക്കുമ്പോൾ ഇന്ത്യയിൽ അത് 4,390 കിലോഗ്രാം മാത്രമാണ്. കൂടാതെ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിന്റെ കുറവ് കർഷകർക്ക് വലിയ ഭീഷണിയുയർത്തുന്നു. ഒരു ദശാബ്ദം മുൻപ് 30 അടി താഴ്ചയിൽ ലഭിച്ചിരുന്ന വെള്ളം ഇന്ന് 50 അടി താഴ്ചയിലേക്ക് പോയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളുടെ ശോഷണവും വരുംകാലങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.