...
Home Entertainments ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ‘ലാപതാ ലേഡിസി’ന് കോപ്പിയടി ആരോപണം

ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ‘ലാപതാ ലേഡിസി’ന് കോപ്പിയടി ആരോപണം

അറബി ചിത്രത്തിൻ്റെ കഥ അടിച്ചുമാറ്റി അതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ലാപത ലേഡീസ് തയ്യാറാക്കിയതെന്നാണ് ചിലരുടെ വാദം

420

ഈ വർഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡിസ്’ എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019-ലെ അറബി ചിത്രമായ ബുർഖ സിറ്റിയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്.

ബുർഖ സിറ്റിയിലെ ഒരു രംഗം ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഈ ഊഹാപോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അറബി ചിത്രത്തിൻ്റെ കഥ അടിച്ചുമാറ്റി അതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ലാപത ലേഡീസ് തയ്യാറാക്കിയതെന്നാണ് ചിലരുടെ വാദം. ഇരുസിനിമയിലും കാണാൻ കഴിയുന്ന ചില സമാന രംഗങ്ങളും ചർച്ചയാകുന്നുണ്ട്.

വൈറലായ വീഡിയോക്ക് ശേഷം, റാവു അറബി സിനിമയിൽ നിന്ന് ആശയം പകർത്തിയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ കഥ കോപ്പിയടി അല്ല അറബി സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാപതാ ലേഡിസ് നിർമിച്ചതെന്നാണ് മറ്റ് ചിലരുടെ വാദം.

അതേസമയം ഇതാദ്യമായല്ല ലാപതാ ലേഡിസ് കോപ്പിയടി ആരോപണം നേരിടുന്നത്. 2024 ജൂലൈയിൽ, നടൻ അനന്ത് മഹാദേവനും ചിത്രത്തിൻ്റെ മൗലികതയെ കുറിച്ച് പരാതിപ്പെടുകയും തൻ്റെ ആദ്യ സംവിധാന സംരംഭമായ “ഘുൻഘത് കെ പത് ഖോൾ” (1999) എന്ന ചിത്രവുമായി ഇതിന് ശ്രദ്ധേയമായ സാമ്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്‌തിരുന്നു.

കിരൺ റാവു സംവിധാനം ചെയ്‌ത ഈ ചിത്രം 2024 മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. പ്രതിഭ രന്ത, നിതാൻഷി ഗോയൽ, സ്‌പർശ് ശ്രീവാസ്‌തവ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2001ൽ ഗ്രാമീണ ഇന്ത്യയിൽ നടക്കുന്ന ഒരു കഥയാണ് പറയുന്നത്. ആമിർ ഖാൻ നിർമ്മിച്ച ചിത്രത്തിൽ രവി കിഷനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നെറ്റ്ഫ്ലിക്‌സിൽ എത്തിയതോടെയാണ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.