...
Home News National ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിമ്പിക് മെഡല്‍ ജേതാവ്; വിഷാദത്തെ തോൽപിച്ച് ഗോദയിൽ വെങ്കലമെഡൽ നേട്ടം

ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിമ്പിക് മെഡല്‍ ജേതാവ്; വിഷാദത്തെ തോൽപിച്ച് ഗോദയിൽ വെങ്കലമെഡൽ നേട്ടം

രക്ഷിതാക്കളുടെ മരണം അമനെ വിഷാദ രോഗത്തിലേക്ക് എത്തിച്ചുവെങ്കിലും ഗുസ്‌തിയും ഡൽഹിയിലെ സ്റ്റേഡിയവും അമനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു

281

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്‌ച സന്തോഷ ദിനമായിരുന്നു. ഗുസ്‌തിയിൽ അമൻ സെഹ്റാവതിൻ്റെ വെങ്കല മെഡൽ ഇന്ത്യക്ക് വലിയ ആശ്വാസമായി. ശരീരഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൻ്റെ നിരാശയിലായിരുന്നു ഇന്ത്യ.

21 വയസും 24 ദിവസവും പിന്നിട്ട അമൻ, ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറി. 57 കിലോ ഫ്രീസ്റ്റൈലിലാണ് അമൻ്റെ മെഡൽ നേട്ടം. പിവി സിന്ധുവിൻ്റെ റെക്കോഡാണ് അമൻ മറികടന്നത്.

അതേസമയം, അത്ര എളുപ്പമായിരുന്നില്ല ഒളിമ്പിക്‌സിലേക്കുള്ള അമൻ്റെ യാത്ര. പതിനൊന്നാം വയസിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അമൻ ഒട്ടനവധി പ്രതിസന്ധികള്‍ മറികടന്നാണ് പാരീസിലെ ഗോദയിലെത്തിയത്.

2003 ജൂലൈ 13ന് ഹരിയാനയിലെ ജാജാർ ജില്ലയിലെ ബിഹോറിലായിരുന്നു അമൻ്റെ ജനനം. കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന ഗ്രാമമായിരുന്നു അത്. വൈദ്യുതിയുടെ കാര്യവും അങ്ങനെ തന്നെ.

വളരെ ചെറുപ്പത്തിൽ തന്നെ ചെളിയിൽ നടക്കുന്ന മഡ് ഗുസ്‌തിയിൽ അമന് താൽപര്യം ജനിച്ചു. 2008ൽ സുശീൽ കുമാർ ബീജിങ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതോടെയാണ് 10 വയസുകാരനായ അമൻ സെഹ്റാവത്ത് ഗുസ്‌തിയെ ഗൗരവമായി കാണാൻ തുടങ്ങിയത്.

ഡൽഹിയിലെ ഛ​ഹത്രശാൽ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. എന്നാൽ, 11-ാം വയസിൽ മാതാവിൻ്റെയും തുടർന്ന് പിതാവിൻ്റെയും മരണം അമൻ സെഹ്റാവത്തിനെ മാനസികമായി ഉലച്ചു.

മാതാപിതാക്കൾ നഷ്‌ടപ്പെട്ടതോടെ സെഹ്റാവത്തും സഹോദരി പൂജയും അമ്മാവൻ സുധീർ സെഹ്റാവത്തിൻ്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞത്. രക്ഷിതാക്കളുടെ മരണം അമനെ വിഷാദ രോഗത്തിലേക്ക് എത്തിച്ചുവെങ്കിലും ഗുസ്‌തിയും ഡൽഹിയിലെ സ്റ്റേഡിയവും അമനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

2019ലെ ഏഷ്യൻ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് അമൻ വരവറിയിക്കുന്നത്. പിന്നീട് ദേശീയ ചാമ്പ്യനുമായി. 2022ൽ അണ്ടർ 23 വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. തുടർന്ന് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും നേടി. 2023ൽ ഏഷ്യൻ റസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. തുര്‍ക്കിയിൽ നടന്ന ലോക റസ്ലിങ് ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റിൽ വിജയിച്ച് പാരീസിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. (Picture Credit: AP)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.