...
Home News National ‘പണപ്പെരുപ്പം ഉയരുന്നു’; ഡിസംബറിൽ റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചേക്കും ആർബിഐ

‘പണപ്പെരുപ്പം ഉയരുന്നു’; ഡിസംബറിൽ റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചേക്കും ആർബിഐ

സാമ്പത്തിക വളർച്ച നിലനിർത്താനുള്ള ശ്രമങ്ങളും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര ബാങ്കിന് മുന്നിലുള്ളത്

199

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പ സമ്മർദം ശക്തമായി തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിസംബറിലെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കുറഞ്ഞത് 25 ബേസിസ് പോയിന്റിന്റെ വർധനവിനാണ് സാധ്യത കൽപ്പിക്കുന്നത്. ചില സാഹചര്യങ്ങളിൽ വർധനവ് 50 ബേസിസ് പോയിന്റ് വരെയാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ 2 മുതൽ 4 വരെയാണ് ആർബിഐയുടെ നിർണായക പണനയ സമിതി യോഗം നടക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന നയതീരുമാനത്തിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ടെന്നാണ് 17 സാമ്പത്തിക വിദഗ്ധർ, ട്രഷറി മേധാവികൾ, ഫണ്ട് മാനേജർമാർ എന്നിവരിൽ പിടിഐ നടത്തിയ സർവേയിലെ സൂചനകൾ.

നിരക്ക് ഉയർത്തുകയാണെങ്കിൽ തുടർച്ചയായ രണ്ടാം തവണയാകും ആർബിഐ ഈ നടപടി സ്വീകരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുക, രൂപയുടെ മൂല്യത്തകർച്ച തടയുക, ആഗോള വിപണിയിലെ ഉയർന്ന ക്രൂഡ് ഓയിൽ വിലയുടെ ആഘാതം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരക്കുയർത്തലിന് പിന്നിൽ.

25 ബേസിസ് പോയിന്റ് വർധനയ്ക്ക് സാധ്യത

ചില്ലറ പണപ്പെരുപ്പം വരും മാസങ്ങളിലും ആർബിഐയുടെ ഉയർന്ന സഹനപരിധിയായ ആറ് ശതമാനത്തിന് മുകളിൽ തുടരാൻ സാധ്യതയുണ്ടെന്ന് ഐസിആർഎ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ വിലയിരുത്തുന്നു. 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ജിഡിപി വളർച്ച മുൻപാദത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറയാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബറിൽ 25 ബേസിസ് പോയിന്റിന്റെ നിരക്കുവർധന ഏതാണ്ട് ഉറപ്പാണെന്നാണ് അവരുടെ വിലയിരുത്തൽ.

നിരക്കുയർത്തുന്നത് കുടുംബങ്ങൾക്കും കമ്പനികൾക്കുമിടയിലെ പണപ്പെരുപ്പ പ്രതീക്ഷകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഗൗര സെൻഗുപ്ത പറഞ്ഞു. ഇതിലൂടെ പണപ്പെരുപ്പത്തിന്റെ രണ്ടാംഘട്ട പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്താനാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

50 ബേസിസ് പോയിന്റ് വർധനയും പരിഗണനയിൽ

നിരക്ക് 50 ബേസിസ് പോയിന്റ് വരെ ഉയർത്താനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ തള്ളിക്കളയുന്നില്ല. നോമുറ ഉൾപ്പെടെയുള്ള വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും കൂടുതൽ കർശനമായ പണനയ നടപടികൾക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

അതേസമയം, ഡിസംബറിലെ വർധന നിലവിലെ നിരക്കുയർത്തൽ ചക്രത്തിലെ അവസാനത്തേതായിരിക്കാമെന്ന വിലയിരുത്തലുമുണ്ട്. ആർബിഐയുടെ നിലവിലെ ‘കാലിബ്രേറ്റഡ് ടൈറ്റനിങ്’ നയസമീപനത്തിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിപണിയിലെ ഭൂരിഭാഗം വിദഗ്ധരുടെയും പ്രതീക്ഷ. ഇത്തവണ നിഷ്പക്ഷ നിലപാടിലേക്ക് മാറുമെന്ന് കരുതുന്നവർ കുറവാണ്.

തുടർച്ചയായ പണപ്പെരുപ്പ സമ്മർദം കണക്കിലെടുത്ത് ആർബിഐ കർശനമായ നയസമീപനം തുടരാനാണ് സാധ്യതയെന്ന് ക്രിസിൽ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് ദീപ്തി ദേശ്പാണ്ഡെയും അഭിപ്രായപ്പെട്ടു.

ഭക്ഷ്യവിലക്കയറ്റം ആശങ്കയാകുന്നു

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനയാണ് രാജ്യത്തെ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന സഹനപരിധിക്ക് മുകളിലെത്താൻ പ്രധാന കാരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ആദ്യ സംഭവമാണിത്.

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതികൂല മൺസൂൺ സാഹചര്യങ്ങളും കാർഷിക ഉൽപാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. എൽനിനോ പ്രതിഭാസത്തിന്റെ സാധ്യതയും ആഗോളതലത്തിലെ ഉയർന്ന ഊർജവിലയും പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇതിനുപുറമെ ഉൽപാദനച്ചെലവിലുണ്ടാകുന്ന വർധനയുടെ പൂർണമായ ആഘാതം ഉപഭോക്തൃ വിലകളിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇത് വരും മാസങ്ങളിൽ വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും.

ലാർസൻ ആൻഡ് ട്യൂബ്രോ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സച്ചിദാനന്ദ് ശുക്ലയുടെ വിലയിരുത്തലിൽ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദങ്ങളിലെ പണപ്പെരുപ്പ പ്രവചനങ്ങളിൽ ആർബിഐ നേരിയ വർധന വരുത്തിയേക്കും.

സാമ്പത്തിക വളർച്ചാ പ്രവചനങ്ങളിലും മാറ്റം?

പണപ്പെരുപ്പ ആശങ്കകൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രതീക്ഷകൾ അനുകൂലമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ മികച്ച വളർച്ചയുടെ പശ്ചാത്തലത്തിൽ ജിഡിപി വളർച്ചാ പ്രവചനങ്ങൾ ആർബിഐ ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും സംബന്ധിച്ച പുതിയ കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും ആർബിഐ അന്തിമ തീരുമാനമെടുക്കുക.

സാധാരണക്കാരുടെ വായ്പാ തിരിച്ചടവിനെ ബാധിക്കും

റിപ്പോ നിരക്കിൽ വർധനയുണ്ടായാൽ അതിന്റെ പ്രത്യാഘാതം ബാങ്കുകളുടെ വായ്പാ പലിശനിരക്കുകളിലും പ്രതിഫലിച്ചേക്കും. ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശ ഉയരുന്നതോടെ പ്രതിമാസ ഇഎംഐ ബാധ്യതയും വർധിക്കാം.

വായ്പയെടുത്ത കുടുംബങ്ങൾക്കും സംരംഭകർക്കും കമ്പനികൾക്കും ഒരുപോലെ നിർണായകമാണ് ഡിസംബറിലെ ആർബിഐ പണനയ പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളും സാമ്പത്തിക വളർച്ച നിലനിർത്താനുള്ള ശ്രമങ്ങളും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര ബാങ്കിന് മുന്നിലുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.