...
Home News ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

പങ്കുവെക്കുന്ന ചിത്രങ്ങൾ ഉടൻ പിൻവലിക്കാനും ആർക്കൈവിൽ നിന്ന് നീക്കം ചെയ്യാനുമുള്ള സൗകര്യവും മെറ്റാ ഒരുക്കിയിട്ടുണ്ട്

174

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ‘ഇൻസ്റ്റന്റ്സ്’ (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചർ അവതരിപ്പിച്ചു.

സ്‌നാപ് ചാറ്റ്, ബിറീൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ നേരിട്ട് വെല്ലുവിളിച്ചു കൊണ്ടാണ് മെറ്റയുടെ ഈ പുതിയ നീക്കം. എഡിറ്റ് ചെയ്യാത്ത യഥാർത്ഥ ചിത്രങ്ങൾ സുഹൃത്തുക്കളുമായോ ഫോളോവർമാരുമായോ താത്കാലികമായി പങ്കിടാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.

ഇൻസ്റ്റഗ്രാം ആപ്പിലെ ഡിഎം (DM) ഇൻബോക്‌സിലൂടെയാണ് ഈ ഫീച്ചർ പ്രധാനമായും ഉപയോഗിക്കാൻ സാധിക്കുക. ഒരിക്കൽ കണ്ടുകഴിഞ്ഞാൽ തനിയെ അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഇതിലെ ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ഇൻസ്റ്റന്റ്സുകൾ 24 മണിക്കൂറിനുശേഷം പൂർണമായും മാഞ്ഞുപോകും.

സുരക്ഷയുടെ ഭാഗമായി ഈ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാനോ സ്ക്രീൻ റെക്കോർഡ് ചെയ്യാനോ കഴിയില്ലെന്നത് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നു.

പങ്കുവെക്കുന്ന ചിത്രങ്ങൾ ഉടൻ പിൻവലിക്കാനും ആർക്കൈവിൽ നിന്ന് നീക്കം ചെയ്യാനുമുള്ള സൗകര്യവും മെറ്റാ ഒരുക്കിയിട്ടുണ്ട്. ആർക്കൈവ് ചെയ്‌ത ചിത്രങ്ങൾ പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറികളായി ‘റീക്കാപ്പ്’ രൂപത്തിൽ വീണ്ടും പങ്കിടാൻ സാധിക്കും. ഇൻസ്റ്റഗ്രാമിൻ്റെ ‘ ത്രെഡ്‌സ്’ ആപ്പിന് സമാനമായി, ഇൻസ്റ്റന്റ്സ് ആപ്പിലെ ഉള്ളടക്കങ്ങൾ പ്രധാന ഇൻസ്റ്റഗ്രാം ആപ്പിലൂടെയും തിരിച്ചും കാണാൻ സാധിക്കുന്ന രീതിയിലാണ് ഇതിൻ്റെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്‌ച മുതൽ ലോകമെമ്പാടും ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിലവിൽ ഇത് ലഭ്യമായിട്ടില്ല. ഏപ്രിൽ മാസം മുതൽ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഈ മൊബൈൽ ആപ്പ് പ്രചരിച്ചു തുടങ്ങിയിരുന്നു.

തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഒരു പ്രത്യേക ആപ്പായും (Standalone app) മറ്റ് രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാം ആപ്പിനുള്ളിലെ ഒരു ഫീച്ചറായുമാണ് ഇൻസ്റ്റന്റ്സ് അവതരിപ്പിക്കപ്പെട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.