റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകൾക്കും യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് റെയിൽവേ ബോർഡിനോട് നിർദേശിച്ച് സുപ്രീം കോടതി. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഗ്രാമീണ, വിദൂര മേഖലകളിൽനിന്നുള്ള യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 27നകം ഇതിനുള്ള സംവിധാനം നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കു മാത്രമാണ് ഓപ്ഷണൽ യാത്രാ ഇൻഷുറൻസ് സൗകര്യമുള്ളത്. കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്നവർക്കും ഈ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ റെയിൽവേയ്ക്ക് മതിയായ സമയം നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2023 ജൂണിൽ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 296 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. റെയിൽവേ ബോർഡിന്റെ പ്രവർത്തനത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണം മുന്നോട്ടുപോകുന്നതിൽ പുരോഗതിയുണ്ടായില്ലെങ്കിൽ നിലവിലെ ബോർഡ് തുടരാൻ യോഗ്യമാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
നിലവിലെ ഇൻഷുറൻസ് പരിരക്ഷ എങ്ങനെ?
നിലവിൽ ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കാണ് ഓപ്ഷണൽ യാത്രാ ഇൻഷുറൻസ് തിരഞ്ഞെടുക്കാനാകുന്നത്. സ്ഥിരീകരിച്ച ടിക്കറ്റുകൾക്കും ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾക്കും വെയിറ്റിങ് ലിസ്റ്റിൽനിന്ന് സീറ്റ് ലഭിച്ച ടിക്കറ്റുകൾക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പരിരക്ഷ ലഭിക്കും.
നികുതി ഉൾപ്പെടെ ഒരു യാത്രക്കാരന് 45 പൈസയാണ് ഇൻഷുറൻസ് പ്രീമിയം. ട്രെയിൻ അപകടത്തിലോ മറ്റ് അപ്രതീക്ഷിത സംഭവങ്ങളിലോ മരണം, സ്ഥിരമായ പൂർണ വൈകല്യം, ഭാഗിക വൈകല്യം, പരിക്കുകൾ മൂലമുള്ള ആശുപത്രി ചെലവുകൾ, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. അപകടത്തിന്റെ തീവ്രതയനുസരിച്ച് രണ്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ.
റെയിൽവേ നൽകേണ്ട നിയമപരമായ നഷ്ടപരിഹാരത്തിന് പുറമേയാണ് ഈ ഇൻഷുറൻസ് തുക ലഭിക്കുക. ഇൻഷുറൻസ് തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ ക്ലെയിമുകളും ബാധ്യതകളും യാത്രക്കാരനും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കാര്യമാണ്. ഇൻഷുറൻസ് കമ്പനികളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഇടനിലക്കാരന്റെ ചുമതലയാണ് റെയിൽവേയ്ക്കുള്ളത്.
ഓൺലൈൻ ബുക്കിങ് 87 ശതമാനത്തിലധികം
റെയിൽവേയുടെ ആകെ ടിക്കറ്റ് ബുക്കിങ്ങുകളിൽ 87 ശതമാനത്തിലധികവും നിലവിൽ ഓൺലൈൻ വഴിയാണ് നടക്കുന്നത്. എന്നിരുന്നാലും, കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്നവരിൽ ഗ്രാമീണ, വിദൂര മേഖലകളിൽനിന്നുള്ളവരും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരും കൂടുതലാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഭാഗങ്ങൾക്കും സുരക്ഷാ പരിരക്ഷ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നാണ് കോടതിയുടെ നിലപാട്.
അതേസമയം, ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു വിഭാഗവും നിലവിലെ ഓപ്ഷണൽ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നില്ല. സാധാരണ പാസഞ്ചർ ട്രെയിനുകളിലും സബർബൻ ട്രെയിനുകളിലും യാത്ര ചെയ്യുന്നവർക്കും നിലവിലെ പദ്ധതിയിൽ പരിമിതികളുണ്ട്.
കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് സൗകര്യം വ്യാപിപ്പിക്കുന്നതിലൂടെ നിലവിലെ സംവിധാനത്തിൽനിന്ന് പുറത്തുനിൽക്കുന്ന കൂടുതൽ യാത്രക്കാർക്ക് പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. സുപ്രീം കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ സംവിധാനം നടപ്പാക്കേണ്ട ഉത്തരവാദിത്വം റെയിൽവേ ബോർഡിനാണ്.


