...
Home News International അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ല

അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ല

21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്

217

പാകിസ്‌താനില്‍ നടന്ന അമേരിക്ക- ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പോരായ്‌മ ഉണ്ടെന്നും അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്‌താനോട് നന്ദി പറഞ്ഞാണ് ജെഡി വാന്‍സ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

‘ചര്‍ച്ചയില്‍ സംഭവിച്ച പോരായ്‌മകള്‍ പാക്‌സിതാന്‍ കാരണമല്ല. അവര്‍ ഞങ്ങളെ നന്നായി സഹായിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും കരാറിലെത്താനും അവര്‍ നന്നായി പരിശ്രമിച്ചു. 21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ നമുക്ക് ഒരു കരാറിലെത്താന്‍ സാധിച്ചില്ല. അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നത്’, -വാന്‍സ് പറഞ്ഞു.

അതുകൊണ്ട് തന്നെ ഒരു കരാറിലെത്താതെയാണ് തങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങുന്നതെന്ന് വാന്‍സ് പറഞ്ഞു. ഏതൊക്കെ കാര്യങ്ങളില്‍ അവരെ ഉള്‍ക്കൊള്ളുകയെന്നും ഏതൊക്കെ കാര്യങ്ങളില്‍ അവരെ ഉള്‍ക്കൊള്ളില്ലെന്നും തങ്ങള്‍ കൃത്യമായി പറഞ്ഞു. തങ്ങള്‍ അത് വ്യക്തമാക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇറാന്‍ അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിച്ചില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാന്‍ ആണവായുധം തേടില്ലെന്ന സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രധാന ലക്ഷ്യം അതായിരുന്നുവെന്നും ഈ ചര്‍ച്ചയില്‍ തങ്ങള്‍ കൈവരിച്ച നേട്ടം ഇതാണെന്നും വാന്‍സ് വ്യക്തമാക്കി.

ചര്‍ച്ചകളിൽ ഉടനീളം ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്നും ജെഡി വാന്‍സ് പറഞ്ഞു. കഴിഞ്ഞ 21 മണിക്കൂറിനുള്ളില്‍ 12 -ലധികം തവണ ട്രംപുമായി സംസാരിച്ചെന്നും വാന്‍സ് പറഞ്ഞു. ‘ഞങ്ങള്‍ മുന്നോട്ട് വെച്ചത് മികച്ച ഓഫറാണ്. ഇറാന്‍ അത് സ്വീകരിക്കുമോ എന്ന് നോക്കാം. ഇറാനും അമേരിക്കയും നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ഇറാന്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്താന്‍ സാധിച്ചില്ല. ഞങ്ങള്‍ ഏറെ സഹാനുഭൂതി ഉള്ളവരായിരുന്നു. നിങ്ങള്‍ ഇവിടെ നല്ല വിശ്വാസത്തോടെ വന്ന് കരാര്‍ നേടാന്‍ പരമാവധി ശ്രമിക്കണമെന്ന് പ്രസിഡന്റ് ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങള്‍ അത് ചെയ്‌തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചയില്‍ ഒരു പുരോഗതിയും കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്‌ലാമാബാദിലെ ചര്‍ച്ചകള്‍ അവസാനിച്ചെന്ന് ഇറാന്‍ മാധ്യമവും വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക്, ആണവ അവകാശങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ നിന്ന് പുറത്ത് പോകാന്‍ അമേരിക്ക ഒരു ഒഴികഴിവ് തേടുകയായിരുന്നുവെന്ന് ഇറാന്‍ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അന്താരാഷ്ട്ര രംഗത്ത് നഷ്‌ടപ്പെട്ട മുഖം തിരിച്ചെടുക്കാന്‍ അമേരിക്കക്ക് ചര്‍ച്ച ആവശ്യമായിരുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ പരാജയമുണ്ടായിട്ടും അവരുടെ പ്രതീക്ഷകള്‍ കുറയ്ക്കാനും അമേരിക്ക തയ്യാറായില്ല. അടുത്ത ഘട്ട ചര്‍ച്ചക്ക് ഇറാന്‍ പദ്ധതിയിടുന്നില്ല’, -ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.