...
Home News International ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത ‘ചുവന്ന രേഖ’ ആണെന്ന മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത ‘ചുവന്ന രേഖ’ ആണെന്ന മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയെയും ഇസ്രയേലിനെയും സൗദി അറേബ്യയെയും വിമ‍‍ർശിച്ച് ഹൂതി വിമതരും രംഗത്ത് വന്നിട്ടുണ്ട്

6

ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത ‘ചുവന്ന രേഖ’ ആണെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമേരിക്ക സൈനിക നടപടികൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണം നടത്തുകയാണെങ്കിൽ മേഖലയിൽ ഉടനീളമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്നും ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന ഭീഷണി യാഥാർഥ്യമായാൽ, മേഖലയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രഹരങ്ങളിൽ തകർന്നുവീഴും’ എന്നായിരുന്നു ഇറാൻ സൈന്യത്തിൻ്റെ പ്രതികരണം.

ഇറാനെതിരെ വീണ്ടും വ്യാപകമായ ആക്രമണം നടത്തിയതായാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥരീകരിക്കുന്നുണ്ട്.

ഇറാനെതിരെ ശക്തമായ ആക്രമണം അമേരിക്ക തുടരുകയാണ്. തെക്കൻ ഇറാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ആക്രമണങ്ങളെങ്കിലും ഇറാനുള്ളിലെ മറ്റുമേഖലകളെയും അമേരിക്കൻ സൈന്യം ലക്ഷ്യം വെച്ചു. ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തിൻ്റെ ഭാ​ഗമായി ഖാർഗ് ദ്വീപിലേക്ക് പോവുകയായിരുന്ന ആളില്ലാത്ത ഒരു എണ്ണക്കപ്പലിനെ ആക്രമിച്ച് പ്രവർത്തന രഹിതമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു.

ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം വീണ്ടും പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പലുകൾക്കെതിരെ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഒരു എണ്ണക്കപ്പലിനെ ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് പ്രവർത്തന രഹിതമാക്കിയതായാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം.

ഇതിനിടെ ​ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഇറാൻ്റെ അവകാശവാദം. ‘അമേരിക്കയുടെ ശത്രുതാപരമായ നടപടികൾ തുടർന്നാൽ, ഇറാൻ്റെ പ്രതികരണം ശത്രുക്കളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കു’മെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയയെ ഉദ്ധരിച്ച് ഇറാനിയൻ ഔദ്യോ​ഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പുതിയ ഏറ്റുമുട്ടൽ മേഖലകൾ രൂപപ്പെടു’മെന്ന മുന്നറിയിപ്പും മുഹമ്മദ് അക്രമീനിയ നൽകിയിട്ടുണ്ട്. ‘ആവശ്യമെങ്കിൽ കരാറിൽ നിന്ന് പിന്മാറി യുദ്ധം പുനരാരംഭിക്കാമെന്ന് അമേരിക്കയുമായുള്ള ഇറാൻ്റെ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നയതന്ത്രത്തിനും ഇപ്പോഴും പ്രാധാന്യമുണ്ടെന്നും നിലവിലെ കരാർ നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ‘ഞങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും ആഗ്രഹിക്കുന്നില്ല. എന്നാൽ ഏത് ഏറ്റുമുട്ടലിനെയും നേരിടാൻ എപ്പോഴും തയ്യാറായിരിക്കണം’ എന്നായിരുന്നു ഖാലിബാഫ് പ്രസ്‌താവനയിൽ പറഞ്ഞത്.

ഇതിനിടെ അമേരിക്കയെയും ഇസ്രയേലിനെയും സൗദി അറേബ്യയെയും വിമ‍‍ർശിച്ച് ഹൂതി വിമതരും രംഗത്ത് വന്നിട്ടുണ്ട്. ലോകത്തിലെ തിന്മയുടെയും അസ്ഥിരതയുടെയും യഥാർത്ഥ ഉറവിടം അമേരിക്കയും ഇസ്രായേലുമാണെന്ന വിമർശനവുമായി ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂത്തി രംഗത്തെത്തി. മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾക്ക് അമേരിക്കയും ഇസ്രായേലും ചേർന്നുള്ള നീക്കങ്ങളാണ് കാരണമെന്ന് ഹൂതി നേതാവ് ആരോപിച്ചു.

അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സൗദി അറേബ്യൻ നേതൃത്വവും പങ്കാളികളാണെന്നും ഹൂതി ആരോപിച്ചു. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലായിരുന്നു സയ്യിദ് അബ്‌ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രതികരണം.

‘അമേരിക്കയും ഇസ്രായേലും അവരുടെ സഖ്യകക്ഷികളും യുദ്ധങ്ങൾ പ്രോത്സാഹിപ്പിച്ചും വിവിധ രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചും മേഖലയിൽ അസ്ഥിരത സൃഷ്‌ടിക്കുകയാണ്. ഗ്രേറ്റർ ഇസ്രായേൽ എന്ന ലക്ഷ്യത്തോടെ മിഡിൽ ഈസ്റ്റിൻ്റെ ഭൂപടം മാറ്റിമറിക്കാനുള്ള സയണിസ്റ്റ് പദ്ധതിയാണ് മേഖലയിലെ എല്ലാ യുദ്ധങ്ങൾക്കും പിന്നിലെ പ്രധാന കാരണ’മെന്നും അദ്ദേഹം ആരോപിച്ചു. ഈ സഖ്യത്തിന് അന്താരാഷ്ട്ര കരാറുകളോടോ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളോടോ ബഹുമാനമില്ലെന്നും അൽ ഹൂത്തി വിമർശിച്ചു.

‘മുസ്ലിം ലോകത്തിൻ്റെ ഐക്യം തകർക്കുന്നതിനായി അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ എന്നിവരുമായി സൗദി അറേബ്യ സഹകരിക്കുന്നുവെന്നത് ഇപ്പോൾ എല്ലാവർക്കും വ്യക്തമായ കാര്യമാണെ’ന്നും അൽ ഹൂത്തി കൂട്ടിച്ചേ‍ർത്തു. യെമനെതിരായ സൗദിയുടെ ആക്രമണങ്ങൾക്ക് യാതൊരു നിയമപരമായ ന്യായീകരണവുമില്ലെന്നും അത് അമേരിക്കയോടും ഇസ്രായേലിനോടുമുള്ള രാഷ്ട്രീയ വിധേയത്വത്തിൻ്റെ ഭാഗമാണെന്നും അൽ ഹൂത്തി ആരോപിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.