...
Home News National ഇന്ത്യയിൽ ഐഎസ് ഭീകരാക്രമണം ലക്ഷ്യമിട്ടു; ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്‌

ഇന്ത്യയിൽ ഐഎസ് ഭീകരാക്രമണം ലക്ഷ്യമിട്ടു; ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്‌

ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു ഭീകരാക്രമണം ലക്ഷ്യമിട്ടത്.

262

ഇന്ത്യയിലെ വൻന​ഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉന്നത സൈനിക താവളങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടു.

ലക്ഷ്യസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫുകൾ പാകിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു ഭീകരാക്രമണം ലക്ഷ്യമിട്ടത്.

കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയിൽ നിന്നാണ് ഭീകരാക്രമണ പദ്ധതിയെപ്പറ്റി അറിഞ്ഞതെന്നാണ് റിപ്പോർട്ട്‌. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ​ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്ര ന​ഗരമായ പൂനെയെ കേന്ദ്രമാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീരുമാനിച്ചതെന്നും പറയുന്നു.

അൽ ഖ്വയ്ദയുടെ മുതിർന്ന പ്രവർത്തകനായ അൻബർ അൽ-അവ്‌ലാക്കിയാണ് ഷാനവാസിനെ പരിശീലിപ്പിച്ചത്. ഇയാൾ 2011ൽ കൊല്ലപ്പെട്ടു. പിന്നീട് ഇസ്ലാമിക സംഘടനയായ ഹിസ്ബുത് താഹിറിൽ ചേർന്നതായി ഷാനവാസ് വെളിപ്പെടുത്തി എന്നാണ് റിപ്പോർട്ട്‌. ഹിസ്ബുത് താഹിറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭോപ്പാലിൽ ഓഗസ്റ്റിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ബോംബ് നിർമിക്കാനും ഭീകരരെ പരിശീലിപ്പിക്കാനും പണം അയക്കുന്ന ഹവാല റൂട്ടുകളെക്കുറിച്ചും ഷാനവാസ് അധികൃതരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.