| വാമിക
ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്താവുന്ന ഒന്നായി ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) മാറുന്നു. “ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കരാർ” എന്നാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഈ ഉടമ്പടിയെ വിശേഷിപ്പിച്ചത്. ഏകദേശം ഒമ്പത് മാസങ്ങൾ നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ ചരിത്രപരമായ ധാരണയിലെത്തിയത്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യൻ വിപണിയിലേക്ക് ന്യൂസീലൻഡിന് വാതിൽ തുറന്നുകൊടുക്കുന്നതിനൊപ്പം, പെസഫിക് മേഖലയിലെ ഉയർന്ന വരുമാനമുള്ള വിപണിയിലേക്ക് ഇന്ത്യയ്ക്കും ഇതിലൂടെ പ്രവേശനം ലഭിക്കും.
കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും പാർലമെന്റുകളുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, 2026 ഡിസംബറോടെ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. നിലവിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള വ്യാപാരം ഏകദേശം 2.4 ബില്യൺ ഡോളറാണ്. പുതിയ കരാർ നടപ്പിലാകുന്നതോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ വ്യാപാരം 5 ബില്യൺ ഡോളറായി (ഇരട്ടിയായി) ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വളരെ വേഗത്തിൽ പൂർത്തിയാക്കിയ ചർച്ചകളിലൊന്നായതിനാൽ തന്നെ ഇന്ത്യയുടെ ആഗോള വ്യാപാര തന്ത്രത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്.
ഈ കരാറിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസീലൻഡ് വിപണിയിൽ 100 ശതമാനം തീരുവയില്ലാത്ത പ്രവേശനം ലഭിക്കുമെന്നത് വലിയ നേട്ടമാണ്. നിലവിൽ തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടോമൊബൈൽ തുടങ്ങിയവയ്ക്ക് ന്യൂസീലൻഡ് പത്ത് ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ടെക്സ്റ്റൈൽസ്, ലെതർ, ഫൂട്ട്‌വെയർ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് ഗുഡ്സ് തുടങ്ങിയ മേഖലകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ മത്സരശേഷി ലഭിക്കും. ഇത് രാജ്യത്തെ ചെറുകിട സംരംഭകർക്ക് വലിയ ലാഭവും കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കും.
അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 1.7 ലക്ഷം കോടി രൂപ (20 ബില്യൺ ഡോളർ) നിക്ഷേപം നടത്തുമെന്ന് ന്യൂസീലൻഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിർമ്മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, ടെക്നോളജി, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ വലിയൊരു തുക മൂലധന നിക്ഷേപമായി എത്തും. ഇത് രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് പുതിയ വേഗത നൽകും. നിക്ഷേപത്തിന് പുറമെ, ഇന്ത്യയിൽ നിന്നുള്ള 8,284 വിഭാഗം ഉൽപ്പന്നങ്ങൾ നേരിട്ട് ന്യൂസീലൻഡ് വിപണിയിലേക്ക് എത്തുന്നതോടെ വ്യാപാര മിച്ചം ഇന്ത്യയ്ക്ക് അനുകൂലമായി നിലനിർത്താൻ സാധിക്കും.
കരാറുകളിൽ ഒപ്പിടുമ്പോഴും രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യയിലെ ക്ഷീരകർഷകരെ സംരക്ഷിക്കുന്നതിനായി പാൽ, ചീസ്, നെയ്യ് തുടങ്ങിയ ഡയറി ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഏകദേശം 8 കോടി വരുന്ന ചെറുകിട ഡയറി കർഷകരുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കാനാണ് ഈ നീക്കം. ഇതുകൂടാതെ ഉള്ളി, കടല, പയർ, ആയുധങ്ങൾ തുടങ്ങിയ 29.97 ശതമാനം ഉൽപ്പന്നങ്ങളെയും ഇന്ത്യ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സേവന മേഖലയിലും തൊഴിൽ രംഗത്തും ഈ കരാർ ഇന്ത്യയ്ക്ക് ഗുണകരമാകും. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് ന്യൂസീലൻഡിൽ പോയി 3 വർഷം വരെ ജോലി ചെയ്യാനുള്ള താത്കാലിക വിസ സൗകര്യം ഇതിലൂടെ ലഭ്യമാകും. യുവാക്കൾക്കായി പ്രത്യേക വർക്കിങ് ഹോളിഡേ വിസകളും നടപ്പിലാക്കും. വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാമ്പത്തിക സേവനം തുടങ്ങിയ നൂറിലധികം സേവന മേഖലകളിൽ ഇന്ത്യയ്ക്ക് വിപുലമായ അവസരങ്ങൾ തുറക്കപ്പെടും. ന്യൂസീലൻഡിലെ വിദേശ വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണെന്നതും ഈ സഹകരണം ശക്തമാക്കുന്നു.
കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ സാധ്യതയാണ് ഈ കരാർ തുറന്നുനൽകുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കയർ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ തീരുവയില്ലാതെ ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യാം. കൂടാതെ, കേരളത്തിന്റെ തനതായ ആയുർവേദ ഉൽപ്പന്നങ്ങൾക്ക് ന്യൂസീലൻഡ് വിപണിയിൽ വലിയ വിപണി ലഭിക്കാനുള്ള സാധ്യതയും ഈ കരാറിലൂടെ തെളിയുന്നു. ഇത് കേരളത്തിലെ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാകും.
കേവലം ഒരു സാമ്പത്തിക ലാഭത്തിനുപരി തന്ത്രപരമായ നയതന്ത്ര നീക്കം കൂടിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാർ. ഇന്തോ-പെസഫിക് മേഖലയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള കവാടമായി ന്യൂസീലൻഡിനെ മാറ്റാൻ ഇന്ത്യയ്ക്ക് സാധിക്കും. ചൈനയ്ക്ക് വലിയ സ്വാധീനമുള്ള ഈ മേഖലയിൽ ഒരു ബദൽ ശക്തിയായി വളരാൻ ഇത് ഇന്ത്യയെ സഹായിക്കും. ന്യൂസീലൻഡിനെ സംബന്ധിച്ച്, ഇറക്കുമതിക്കായി ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയെപ്പോലൊരു വലിയ പങ്കാളിയെ ലഭിക്കാനും ഈ കരാർ വഴിയൊരുക്കുന്നു.
2020-ൽ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ബ്ലോക്കായ RCEP-ൽ നിന്ന് പിന്മാറിയതിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായ ‘വ്യാപാര വിരുദ്ധ’ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ നീക്കം സഹായിക്കും. ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ വികസിത രാജ്യങ്ങളുമായി വ്യാപാരത്തിന് സന്നദ്ധമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിറയുമെന്ന ഭീതി കാരണമാണ് അന്ന് RCEP-ൽ നിന്ന് ഇന്ത്യ വിട്ടുനിന്നത്. എന്നാൽ ഇപ്പോൾ സുതാര്യമായ രീതിയിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു.
‘ഫാർമേഴ്സ് ഫസ്റ്റ്, എക്സ്പോർട്ട് ബൂസ്റ്റ്’ എന്ന നയത്തിലൂന്നി ഇന്ത്യയ്ക്ക് ഏറ്റവും അനുകൂലമായ രീതിയിലാണ് ഈ കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുന്നതിനൊപ്പം വൻതോതിലുള്ള വിദേശ നിക്ഷേപം കൂടി എത്തുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. ഓഷ്യാന മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ന്യൂസീലൻഡുമായുള്ള ഈ ബന്ധം ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പസഫിക് ദ്വീപ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വാണിജ്യ കവാടമായി ന്യൂസീലൻഡ് മാറും.



