...
Home News Kerala തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിൻ്റെ സീൽ?

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിൻ്റെ സീൽ?

സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ആണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

182

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിൻ്റെ സീല്‍ പതിച്ചത്. ഈ മാസം 22ന് ഉച്ചയോടെ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.

2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിൻ്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്. ഫസ്റ്റ് ഓണ്‍ റിപ്പോര്‍ട്ടര്‍

2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇമെയില്‍. 2019ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിൻ്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.

സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ആണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ബിജെപിക്ക് വേണ്ടിയുള്ള പണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്ന് കെസി വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇത് തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവമാണിത്. വൈകിയാണെങ്കിലും ഇത് അറിയാന്‍ പറ്റി. സീല്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നോക്കിയാലും മനസിലാകും.

ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് പതിനൊന്ന് ദിവസമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണ്ടായിട്ടില്ല. സമയം കുറച്ചാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. രണ്ട് കൂട്ടരും ഒരുമിച്ചെടുത്ത തീരുമാനമായിരിക്കും. ജനം തീരുമാനിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.