6 September 2026
Home News International ‘വിക്ടർ ഓർബൻ യു​ഗത്തിൻ്റെ അന്ത്യമോ?’; ഹം​ഗറിയുടെ അധികാരം പിടിച്ചെടുത്ത് പീറ്റർ മ​ഗ്യാറിൻ്റെ ‘ടിസ’ പാർട്ടി

‘വിക്ടർ ഓർബൻ യു​ഗത്തിൻ്റെ അന്ത്യമോ?’; ഹം​ഗറിയുടെ അധികാരം പിടിച്ചെടുത്ത് പീറ്റർ മ​ഗ്യാറിൻ്റെ ‘ടിസ’ പാർട്ടി

മുൻ ഭരണകക്ഷിയായ ഫിഡെസ് 55 സീറ്റുകളിലേക്ക് ഒതുങ്ങി

244

ഹം​ഗറിയിൽ വിക്ടർ ഓർബൻ യു​ഗം അവസാനിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഹം​ഗറിയുടെ അധികാരം കൈയാളിയിരുന്ന വ്യക്തിയാണ് വിക്ടർ ഓർബൻ. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പീറ്റർ മ​ഗ്യാറിൻ്റെ നേതൃത്വത്തിലുള്ള ‘ടിസ’ പാർട്ടി വൻ വിജയം നേടി. 199 സീറ്റുള്ള പാർലമെന്റിൽ 138 സീറ്റുകൾ നേടിയാണ് ടിസ അധികാരം പിടിച്ചത്. മുൻ ഭരണകക്ഷിയായ ഫിഡെസ് 55 സീറ്റുകളിലേക്ക് ഒതുങ്ങി.

പീറ്റർ മഗ്യാർ ഒരു കാലത്ത് ഓർബൻ്റെ ഫിഡെസ് പാർട്ടിയിൽ ഉണ്ടായിരുന്ന ആളാണ്. അതിനാൽ, ഗവൺമെന്റ് മാറിയെങ്കിലും വലിയൊരു പ്രത്യയ ശാസ്ത്രപരമായ മാറ്റം ടിസ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. വലതുപക്ഷ നിലപാടുകൾ തന്നെയാണ് പുതിയ സർക്കാരും പിന്തുടരുന്നത്.

ഓർബൻ്റെ കാലത്ത് യൂറോപ്യൻ യൂണിയനുമായി ഹംഗറിക്ക് വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധം, കുടിയേറ്റം, നിയമവാഴ്‌ച തുടങ്ങിയ വിഷയങ്ങളിൽ ഓർബൻ സ്വീകരിച്ച നിലപാടുകൾ യൂറോപ്യൻ യൂണിയന് വലിയ തലവേദനയായിരുന്നു. മഗ്യാർ അധികാരത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിൽ അയവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ സർക്കാർ പ്രോ- മാർക്കറ്റ് പരിഷ്‌കാരങ്ങൾക്കാണ് മുൻഗണന നൽകുന്നത്. എങ്കിലും, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ അതൃപ്‌തിയും മഗ്യാറിന് വലിയ വെല്ലുവിളിയാകും. റഷ്യയുമായുള്ള ഊർജ്ജ ബന്ധം തുടരുമെന്ന് മഗ്യാർ ഇതിനകം സൂചിപ്പിച്ചു കഴിഞ്ഞു.

കുടിയേറ്റം, LGBTQ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ മഗ്യാറിൻ്റെ നിലപാടുകൾ ഓർബൻ്റെതിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഷയങ്ങളിൽ അദ്ദേഹം മുമ്പ് സ്വീകരിച്ച നിലപാടുകൾ ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇസ്രായേലുമായുള്ള ഹംഗറിയുടെ അടുത്ത ബന്ധം പുതിയ ഭരണകൂടത്തിന് കീഴിലും തുടരാനാണ് സാധ്യത. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്കുള്ള തിരിച്ചുപോക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എന്ന നിലയിൽ മഗ്യാറിൻ്റെ മുന്നിലുള്ള ഏറ്റവും വലിയ അഗ്നിപരീക്ഷ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ്. ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ, പ്രതിപക്ഷത്തിരുന്ന് വിക്ടർ ഓർബൻ തിരിച്ചു വരവിന് ശ്രമിക്കുമെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.