...
Home News National ആകാശത്തും ഇന്ത്യയുടെ കരുത്ത്: ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ 2028-ൽ; വിക്ഷേപണം ലക്ഷ്യമിട്ട് ഐഎസ്ആർഓ

ആകാശത്തും ഇന്ത്യയുടെ കരുത്ത്: ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ 2028-ൽ; വിക്ഷേപണം ലക്ഷ്യമിട്ട് ഐഎസ്ആർഓ

ബഹിരാകാശ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ മൊഡ്യൂളിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC) ഇന്ത്യൻ സംരംഭങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

177

ബഹിരാകാശ രംഗത്ത് തദ്ദേശീയമായ വലിയൊരു വിപ്ലവത്തിന് ഇന്ത്യ തുടക്കം കുറിക്കുന്നു. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ (BAS) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളിന്റെ വികസന പ്രവർത്തനങ്ങൾ ഐഎസ്ആർഓ ആരംഭിച്ചതായി പാർലമെന്റിൽ പ്രഖ്യാപനം വന്നു. സയൻസ് ആൻഡ് ടെക്‌നോളജി സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ഈ സുപ്രധാന വിവരം അറിയിച്ചത്. ഗഗൻയാൻ ദൗത്യത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ഏറ്റവും നിർണ്ണായകമായ അടുത്ത ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.

BAS-01 എന്ന് നാമകരണം ചെയ്തിട്ടുള്ള ആദ്യ മൊഡ്യൂളിന്റെ വികസനത്തിനും വിക്ഷേപണത്തിനുമായി കേന്ദ്രമന്ത്രിസഭ 2024 സെപ്റ്റംബറിൽ തന്നെ അനുമതി നൽകിയിരുന്നു. 2025 മുതൽ 2028 വരെയുള്ള നാല് വർഷ കാലയളവിനുള്ളിൽ ഏകദേശം 1,763 കോടി രൂപയാണ് ഈ ആദ്യ ഘട്ടത്തിനായി ചിലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിവിധ ഐഎസ്ആർഓ കേന്ദ്രങ്ങളിൽ സിസ്റ്റം എഞ്ചിനീയറിംഗ്, സബ് സിസ്റ്റം സാങ്കേതികവിദ്യകൾ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്.

അഞ്ച് യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു വലിയ സമുച്ചയമായിരിക്കും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ. ആദ്യ മൊഡ്യൂൾ 2028-ഓടെ വിക്ഷേപിക്കാൻ ലക്ഷ്യമിടുമ്പോൾ, 2035-ഓടെ അഞ്ച് മൊഡ്യൂളുകളും പൂർത്തിയാക്കി പൂർണ്ണമായ നിലയിൽ സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കാനാണ്ഐഎസ്ആർഓയുടെ പദ്ധതി. ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓർബിറ്റൽ പ്ലാറ്റ്‌ഫോം ആയിരിക്കും ഇത് വാഗ്ദാനം ചെയ്യുന്നത്.

അത്യാധുനികമായ ഒട്ടേറെ സൗകര്യങ്ങൾ ഈ ബഹിരാകാശ നിലയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റോബോട്ടിക് പ്രവർത്തനങ്ങൾ, ഭ്രമണപഥത്തിൽ വെച്ച് തന്നെ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം (On-orbit refueling), സഞ്ചാരികൾക്കായി പ്രത്യേക ക്രൂ ക്വാർട്ടേഴ്‌സ് എന്നിവ ഇതിന്റെ ഭാഗമായിരിക്കും. കൂടാതെ, മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഫാർമസ്യൂട്ടിക്കൽസ്, മെറ്റീരിയൽ സയൻസ്, നൂതന നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവയിലായിരിക്കും പ്രധാന ഗവേഷണങ്ങൾ കേന്ദ്രീകരിക്കുക.

സ്വന്തമായി ബഹിരാകാശ നിലയമുള്ള ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ഇടംപിടിക്കും. ബഹിരാകാശ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ മൊഡ്യൂളിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC) ഇന്ത്യൻ സംരംഭങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യവസായ മേഖലയെ കൂടി പങ്കാളികളാക്കി ബഹിരാകാശ കുതിപ്പിന് വേഗത കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.