...
Home News National ഐഎസ്ആർഓ നേരിടുന്നത് വൻ പ്രതിസന്ധി; 120-ഓളം ശാസ്ത്രജ്ഞർ പടിയിറങ്ങി, ഗഗൻയാൻ ദൗത്യത്തിന് തിരിച്ചടിയോ?

ഐഎസ്ആർഓ നേരിടുന്നത് വൻ പ്രതിസന്ധി; 120-ഓളം ശാസ്ത്രജ്ഞർ പടിയിറങ്ങി, ഗഗൻയാൻ ദൗത്യത്തിന് തിരിച്ചടിയോ?

രാജിവെച്ചവരുടെ പട്ടികയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ദൗത്യമായ ഗഗൻയാന് വേണ്ടിയുള്ള റോക്കറ്റ് എൽ.വി.എം ത്രീയുടെ ഡയറക്ടർ വിക്ടർ ജോസഫും ഉൾപ്പെടുന്നു എന്നത് ഐഎസ്ആർഓയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

4

ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞർ രാജിവെച്ചും സ്വയം വിരമിക്കൽ എടുത്തും പടിയിറങ്ങിയത് വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് മാത്രം 80-ഓളം പേരും, തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് ഇരുപതോളം പേരും ഇത്തരത്തിൽ രാജി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നിർണ്ണായക ദൗത്യങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഈ കൂട്ടരാജി എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

രാജിവെച്ചവരുടെ പട്ടികയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ദൗത്യമായ ഗഗൻയാന് വേണ്ടിയുള്ള റോക്കറ്റ് എൽ.വി.എം ത്രീയുടെ ഡയറക്ടർ വിക്ടർ ജോസഫും ഉൾപ്പെടുന്നു എന്നത് ഐഎസ്ആർഓയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നവരിൽ ഒരാൾ തന്നെ പടിയിറങ്ങിയത് ദൗത്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. നിർണ്ണായകമായ പല പദവികളിലിരിക്കുന്നവരും ഇത്തരത്തിൽ രാജിവെച്ച് പോകുന്നത് ഐഎസ്ആർഓയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ശാസ്ത്രജ്ഞരുടെ ഈ കൂട്ടരാജി തടയാനായി വകുപ്പ് ഇപ്പോൾ വിരമിക്കൽ നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ഏതെങ്കിലും ശാസ്ത്രജ്ഞർക്ക് രാജി വെക്കണമെന്നുണ്ടെങ്കിൽ ഇനി മുതൽ ആ അപേക്ഷ അതത് കേന്ദ്രങ്ങളിലെ ഡയറക്ടർമാരുടെ വ്യക്തമായ ശുപാർശ സഹിതം സമർപ്പിക്കണം. വകുപ്പുതലത്തിൽ മാത്രം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്താൽ മതി എന്നാണ് ഐഎസ്ആർഓയുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. രാജിവെക്കാനുള്ള വഴി കഠിപ്പിച്ചു കൊണ്ട് പ്രതിസന്ധി മറികടക്കാനാണ് അധികൃതർ നിലവിൽ ശ്രമിക്കുന്നത്.

ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണമാണ് ഈ വലിയ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2020-ൽ ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്തതോടെ രാജ്യത്ത് നിരവധി സ്റ്റാർട്ടപ്പുകൾ പിറവിയെടുത്തു. സ്കൈറൂട്ട് ഏറോസ്പേസ്, അഗ്നികുൽ കോസ്മോസ്, പിക്സൽ തുടങ്ങി 400-ലേറെ സ്റ്റാർട്ടപ്പുകളാണ് നിലവിൽ ഇന്ത്യയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഓയിലെ മുൻ ശാസ്ത്രജ്ഞർ തന്നെയാണ് ഇതിൽ പല സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളത് എന്നത് ശ്രദ്ധേയമാണ്.

സ്വകാര്യ കമ്പനികൾ ഐഎസ്ആർഓ ശാസ്ത്രജ്ഞർക്ക് മൂന്നിരട്ടി വരെ ശമ്പളവും കമ്പനിയുടെ ഓഹരി പങ്കാളിത്തവുമാണ് (Equity) വാഗ്ദാനം ചെയ്യുന്നത്. വലിയ പ്രതിഫലത്തിന് പുറമെ, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ വെല്ലുവിളികളും ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ ശാസ്ത്രജ്ഞർ സ്വാഭാവികമായും സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നു. വിരമിച്ച ശേഷവും പല മുതിർന്ന ശാസ്ത്രജ്ഞരും ഇത്തരം സ്റ്റാർട്ടപ്പുകളിലേക്ക് ഉപദേശകരായും മറ്റും മാറുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്.

ശമ്പള വർദ്ധനവിന് പുറമെ ഐഎസ്ആർഓയിലെ ജോലിഭാരവും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. ഗഗൻയാൻ, ചന്ദ്രയാൻ-4 തുടങ്ങിയ വലിയ ദൗത്യങ്ങളുടെ കടുത്ത സമയപരിധിയും ജീവനക്കാരുടെ കുറവും വലിയ തൊഴിൽ സമ്മർദ്ദമാണ് ശാസ്ത്രജ്ഞരിൽ ഉണ്ടാക്കുന്നത്. വിരമിക്കൽ മൂലം ഒഴിവു വരുന്ന സുപ്രധാന തസ്തികകൾ പെട്ടെന്ന് നികത്താൻ കഴിയാത്തത് സ്ഥാപനത്തിനുള്ളിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

ഗഗൻയാൻ, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷൻ വികസിപ്പിക്കൽ തുടങ്ങിയ നിർണ്ണായക ഘട്ടത്തിലാണ് ഈ പ്രതിസന്ധി എന്നത് ഏറെ ആശങ്കാജനകമാണ്. ഒരാൾ വിട്ടുപോയാൽ മറ്റൊരാളെ ചുമതല ഏൽപ്പിക്കുമെന്നും ഇത് അസാധാരണ സംഭവമല്ലെന്നുമാണ് ഐഎസ്ആർഓ ചെയർമാൻ ഡോക്ടർ വി. നാരായണൻ പറയുന്നതെങ്കിലും, മികച്ച ശാസ്ത്രജ്ഞരുടെ അഭാവം ദൗത്യങ്ങളുടെ വേഗതയെ ബാധിക്കാനിടയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.