...
Home News Kerala ‘സംസ്ഥാന ബജറ്റിലെ ബ്ലൂ എക്കോണമിയും മോദി അവതരിപ്പിച്ചതും തമ്മിൽ വ്യത്യാസമില്ലെന്നാണ് മനസിലാകുന്നത്’: പി പ്രസാദ്

‘സംസ്ഥാന ബജറ്റിലെ ബ്ലൂ എക്കോണമിയും മോദി അവതരിപ്പിച്ചതും തമ്മിൽ വ്യത്യാസമില്ലെന്നാണ് മനസിലാകുന്നത്’: പി പ്രസാദ്

കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും തീരത്തെ തുറന്നു കൊടുക്കാനാണ് ബജറ്റില്‍ ഇത്തരം തന്ത്രപരമായ നീക്കം

2

കേരള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ബ്ലൂ എക്കോണമിയില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി പി. പ്രസാദ്. ആലപ്പുഴയെ ബ്ലൂ എക്കോണമിയുടെ തലസ്ഥാനമാക്കുമെന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ രസമുണ്ടെന്നും പദ്ധതിയുടെ ഉള്ളിലെന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. മോദി അവതരിപ്പിച്ച ബ്ലൂ എക്കോണമിയും ഇവിടെ അവതരിപ്പിച്ചതും തമ്മില്‍ വ്യത്യാസമില്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരത്തെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും പരമ്പരാഗത തൊഴിലാളികളുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അപ്പുറം തീരദേശത്തെയും പ്രകൃതി വിഭങ്ങളെയും ആഗോള മൂലധന ശക്തികളുടെ പുതിയ ലാഭകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ സമുദ്ര, സതേണ്‍ കേരള ഇക്കണോമിക്ക് കോറിഡോര്‍, റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍ എന്നിവയെന്നും പി. പ്രസാദ് ചൂണ്ടിക്കാട്ടി.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മിഷന്‍ സമുദ്ര, സതേണ്‍ കേരള ഇക്കണോമിക്ക് കോറിഡോര്‍, റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍ എന്നിവ ആശങ്ക ഉണര്‍ത്തുന്നതാണ്. തീരദേശത്തെയും പ്രകൃതിവിഭങ്ങളെയും ആഗോള മൂലധന ശക്തികളുടെ പുതിയ ലാഭകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും തീരത്തെ തുറന്നു കൊടുക്കാനാണ് ബജറ്റില്‍ ഇത്തരം തന്ത്രപരമായ നീക്കം. കോര്‍പ്പറേറ്റ് പ്രീണനത്തിന് വേണ്ടി നടത്തുന്ന ഇത്തരം പദ്ധതികള്‍ ഗുണകരമാകില്ലെന്നും പി. പ്രസാദ് പറഞ്ഞു.

സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പിലാക്കുന്നു എന്നാണ് പ്രഖ്യാപനം. വിഴിഞ്ഞം പദ്ധതിയില്‍ അമിതമായി സ്വകാര്യ മേഖലക്ക് നല്‍കിയ ഇളവുകള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മിഷന്‍ സമുദ്ര എന്ന പേരില്‍ ഈ മാതൃക കേരളമെമ്പാടും നടത്താന്‍ ശ്രമിക്കുമ്പോള്‍ തീരദേശത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ഗൗരവമായി കാണുന്നില്ലെന്നത് വ്യക്തമാക്കുകയാണ്.

അതേസമയം റയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് എന്ന പദ്ധതി ആലപ്പുഴക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍ പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് വേണ്ടിയാണ്. ഇത് തീരദേശ മേഖലയെ പിഴുത് എറിയുന്നതിന് വേണ്ടിയുള്ളതാണ്. കോര്‍പ്പറേറ്റ് മേഖലയുടെ കാല്‍ ചുവട്ടില്‍ തീര മേഖലയെ അടിയറവ് വെക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ തീരദേശങ്ങളില്‍ 60ശതമാനത്തോളം കടലാക്രമണം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആലപ്പുഴ ലോജിസ്റ്റിക്ക് ഹബ്, ഡ്രൈ പോര്‍ട്ട് എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവും , ഇന്ദിരാഗാന്ധിയും മുന്നോട്ട് വെച്ച കാഴ്‌ചപ്പാടുകള്‍ അല്ല ഇപ്പോള്‍ ഉള്ളത്, അവരുടെ പേരുകള്‍ ഉപയോഗിക്കുകമാത്രമാണ് ചെയ്‌തത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഇന്ത്യയില്‍ ഏറ്റവും വലിയ താല്‍പര്യം എടുത്ത ആളാണ് ഇന്ദിരാഗാന്ധി. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ സംരക്ഷണം വികസനം എന്നിവയില്‍ ഇന്ദിരയുടെയും നെഹ്‌റുവിൻ്റെയും കാഴ്‌ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണെന്നും പി. പ്രസാദ് കുറ്റപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.