...
Home News Kerala അധ്യാപകൻ ‘അച്ചടക്കം നിലനിർത്താൻ’ വിദ്യാർഥിയുടെ കരണത്ത് അടിക്കുന്നത് ക്രിമിനൽ കുറ്റമല്ല; കേരള ഹൈക്കോടതി

അധ്യാപകൻ ‘അച്ചടക്കം നിലനിർത്താൻ’ വിദ്യാർഥിയുടെ കരണത്ത് അടിക്കുന്നത് ക്രിമിനൽ കുറ്റമല്ല; കേരള ഹൈക്കോടതി

ക്ലാസിൻ്റെ ഇടവേളയിൽ പാട്ടു പാടിയതിലൂടെ കുട്ടികൾ അച്ചടക്കം ലംഘിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ

198

അധ്യാപകൻ അച്ചടക്കം നിലനിർത്താൻ വിദ്യാർഥിയുടെ കരണത്തടിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. തൃശ്ശൂർ ചിറ്റാട്ടുകര ശ്രീ ഗോകുലം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും എതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദിൻ്റെ പരാമർശം.

കരണത്തടിയേറ്റ അഞ്ചു വിദ്യാർഥികൾ അടക്കം 21 കുട്ടികൾ സ്‌കൂളിൻ്റെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവർക്ക് വൈകിട്ട് ആറുമണി മുതൽ 10 മണി വരെ സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസിൻ്റെ ഇടവേളയിൽ കുട്ടികൾ ഭക്ഷണം കഴിക്കുകയും പാട്ടുപാടുകയും ചെയ്‌തു.

ഇതിൻ്റെ പേരിൽ കഴിഞ്ഞവർഷം ജനുവരി പത്താം തീയതി രാവിലെ 10 മണിക്ക് ഇവരെ പ്രിൻസിപ്പലിൻ്റെ റൂമിലെത്തിക്കുകയും, ഇതിൽ അഞ്ചുപേരുടെ കരണത്ത് അടിക്കുകയും ചെയ്‌തു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഷർട്ടിൻ്റെ കോളറിൽ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്‌തുവെന്നായിരുന്നു കുട്ടികളുടെ പരാതി. രഹസ്യമൊഴിയിലും കുട്ടികൾ പരാതി ആവർത്തിച്ചു.

പരാതിയിൽ പാവറട്ടി പൊലീസ് എടുത്ത കേസ് റദ്ദാണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പുറമേക്ക് കാണാവുന്ന പരുക്കുകൾ ഇല്ലെന്നായിരുന്നു റിപ്പോർട്ട്. ഇത് കണക്കിലെടുത്താണ് കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവ്.

ക്ലാസിൻ്റെ ഇടവേളയിൽ പാട്ടു പാടിയതിലൂടെ കുട്ടികൾ അച്ചടക്കം ലംഘിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ. സ്‌കൂളിലെ അച്ചടക്കം നിലനിർത്താനായാണ് കുട്ടികളുടെ കാരണത്തടിച്ചതെന്നും അതിനാൽ ആ പ്രവർത്തി ഗുരുതരമല്ലെന്നുമാണ് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.