ആഗോളതലത്തിൽ എട്ടിൽ ഒരു പെൺകുട്ടിക്ക് 18 വയസ്സിന് മുമ്പ് ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് യുണിസെഫിൻ്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. 370 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും 18 വയസ്സിന് മുമ്പ് ഇത്തരം അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വാക്കാലോ ഓൺലൈനിലൂടെയോ നടക്കുന്ന അതിക്രമങ്ങളും കണക്കിലെടുത്താൽ ഈ കണക്ക് ഇനിയും ഉയരുമെന്നാണ് പഠനത്തിൻ്റെ സൂചന. എട്ടിൽ ഒരാൾ എന്നത് അഞ്ചിൽ ഒരാൾ എന്നായി മാറുമെന്നാണ് വിശദീകരണം.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആഗോളതലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും യുണിസെഫ് ആവശ്യപ്പെടുന്നു. സബ്- സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. ഇവിടെ 79 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും ഇത്തരം അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്. കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യ (75 ദശലക്ഷം), മധ്യ, ദക്ഷിണേഷ്യ (73 ദശലക്ഷം), യൂറോപ്പ്, വടക്കേ അമേരിക്ക (68 ദശലക്ഷം), ലാറ്റിൻ അമേരിക്ക, കരീബിയൻ (45 ദശലക്ഷം) എന്നിവയാണ് മറ്റ് പ്രധാന പ്രദേശങ്ങൾ.
യുദ്ധബാധിത പ്രദേശങ്ങളിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും അതിക്രമങ്ങൾ കൂടുതൽ അനുഭവപ്പെടുന്നത്. അഭയാർത്ഥി ക്യാമ്പുകളിലും ഇത്തരം സംഭവങ്ങൾ കൂടുതലാണ്. 14-17 വയസ്സുള്ള പെൺകുട്ടികളാണ് പ്രധാനമായും ലക്ഷ്യം. കുട്ടിക്കാലത്ത് നേരിടുന്ന ഇത്തരം അതിക്രമങ്ങൾ ഭാവിയിലുള്ള മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.
ആൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 240-310 ദശലക്ഷം ആൺകുട്ടികൾക്കെങ്കിലും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നതായി യുണിസെഫ് പറയുന്നു. “കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം നമ്മുടെ സമൂഹത്തിനുള്ള ഒരു കളങ്കമാണ്. കുട്ടികൾ സുരക്ഷിതത്വം പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്, ഇത് അവരിൽ നീണ്ടുനിൽക്കുന്ന ആഘാതം ഉണ്ടാക്കും,” -യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽയുടെ അഭിപ്രായം.




