...
Home News Kerala പിവി അൻവറിന് അനാവശ്യ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബുദ്ധിയുള്ള ഭരണകൂടമാണ്

പിവി അൻവറിന് അനാവശ്യ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബുദ്ധിയുള്ള ഭരണകൂടമാണ്

അൻവർ പക്ഷെ കളം നിറഞ്ഞാടുകയാണ്. ഒരു രാത്രിയെങ്കിൽ ഒരു രാത്രി ജയിലിൽ കിടന്നിട്ട് മതി വക്കീൽ എന്ന് തീരുമാനിക്കുക വഴി സ്വയം രക്തസാക്ഷിയാവുകയാണ് അൻവർ.

206

| ശരണ്യ എം ചാരു

പുത്തൻ വീട്ടിൽ ഷൗകത്ത് അലിയുടെ മകൻ, പുത്തൻ വീട്ടിൽ അൻവർ എന്ന നിലമ്പൂർ എംഎൽഎ പിവി അൻവർ അതി നാടകീയമായി ഈ രാത്രി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കേസ്, നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിച്ചതിന്. കേസിൽ അൻവർ അടക്കം പതിനൊന്ന് പ്രതികൾ.

ഇതൊരു സ്വാഭാവിക നടപടിയല്ലേ എന്ന് ചോദിച്ചാൽ, നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ ഇന്ന് നടന്ന അക്രമണങ്ങളുടെ ദൃശ്യങ്ങളിൽ അൻവർ ഉണ്ടായിരുന്നില്ല എന്നത് കൊണ്ടും, പ്രതിഷേധം ഉദ്ഘാടനം ചെയ്യുക മാത്രമേ എംഎൽഎ ചെയ്തിട്ടുള്ളൂ എന്നത് കൊണ്ടും, അത് ചെയ്തത് ഒരു സാധാരണ പൗരൻ അല്ലെന്നുള്ളതുകൊണ്ടും, ഇപ്പോൾ പ്രതിസ്ഥാനത്തുള്ളതും, അറസ്റ്റ് ചെയ്യപ്പെട്ടതും ഇന്നലെ വരെ ഭരണപക്ഷത്തിനൊപ്പം നിന്ന ഒരു എംഎൽഎ ആയത് കൊണ്ടും ഇതൊരസാധാരണ നടപടിയാണെന്ന് തന്നെയാണെന്നാണ് എന്റെ മറുപടി.

ഇനി ഒരു പഴയ കഥ പറയാം. മലപ്പുറം ജില്ലയിൽ പിവി അൻവർ പിവിആർ മെട്രോ വില്ല എന്ന പേരിൽ ഒരു പ്രോജക്റ്റ് ആരംഭിച്ച കാലം. അൻവറിന്റെ പ്രോജെക്ടിന്റെ ഒരു കിലോമീറ്റർ മാറി ആറാംപുളി മംഗലശ്ശേരി റോഡ് കടന്നു പോകുന്നു. വില്ലയിലേക്കുള്ള റോഡിന് ആകെ നാല് മീറ്റർ വീതി. സമീപവാസിയായ 93 വയസ്സുള്ളൊരു വൃദ്ധന്റെ വീടിനോട് ചേർന്ന പറമ്പിൽ നിന്ന് കുറച്ചു സ്ഥലം വാങ്ങിയാൽ റോഡ് വീതി കൂട്ടി 8 മീറ്റർ ആക്കാം. പ്രോജക്റ്റ് ശ്രദ്ദിക്കപ്പെടാനും വാഹനങ്ങൾ കൂടുതൽ എത്താനും അത് ആവശ്യമാണ്.

അൻവർ ആ വൃദ്ധനെ ബന്ധപ്പെടുന്നു. സെന്റിന് 60000 രൂപയ്ക്ക് സ്ഥലം വാങ്ങാൻ ധാരണയാകുന്നു. റോഡ് വരുമ്പോൾ വീടിനോട് ചേർന്നുള്ള പറമ്പിന് നഷ്ടപ്പെടുന്ന മതിൽ കെട്ടി കൊടുക്കാമെന്ന കരാറിൽ 9 ലക്ഷം രൂപ അഡ്വാൻസ് നൽകുന്നു. റോഡ് വരുന്ന വഴിയിൽ ഉണ്ടായിരുന്ന 60 ഓളം റബ്ബർ മരങ്ങൾ അടക്കം 200 ഓളം മരങ്ങൾ മുറിച്ചു മാറ്റി റോഡിന് വീതി കൂട്ടി തുടങ്ങുകയും ചെയ്യുന്നു. ഇത്രയും വരെ വളരെ കൃത്യമായിരുന്നു കാര്യങ്ങൾ.

എന്നാൽ 20.08.2008 ന് രാത്രി വൈകി ഇതേ പിവി അൻവർ നേരിട്ടെത്തി എർത്ത് മൂവേഴ്‌സിന്റെ സഹായത്തോടെ ജോസഫെന്ന് പേരുള്ള ആ വൃദ്ധന്റെ വീട്ടിലേക്കുള്ള, കരാറിൽ പെടാത്ത ഭൂമി 7 അടിയോളം ഇടിച്ചു നിരത്തി പ്രായമായ ജോസഫിനും, അന്ന് 83 വയസ്സുള്ള ഭാര്യയ്ക്കും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം അവരുടെ വീട്ടിലേക്കുള്ള വഴിയടക്കുന്നു.

കരാറിൽ പറഞ്ഞ ബാക്കി പണം നൽകിയില്ല, മതില് കെട്ടിക്കൊടുത്തില്ല, വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്‌ഥ. മഞ്ചേരി സബ് കോടതിയിൽ അൻവറിനെതിരെ ആ വൃദ്ധൻ കേസ് കൊടുക്കുന്നു. നീണ്ട വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം കരാർ പ്രകാരം ഉറപ്പ് നല്കിയതനുസരിച്ചു വസ്തുവിന്റെ കോംപൗണ്ട് വാൾ കെട്ടി കൊടുത്തില്ലെന്നും കരാറിന്റെ മറവിൽ വൃദ്ധരായ രണ്ട് മനുഷ്യർ താമസിക്കുന്ന പറമ്പിലേക്ക് അനധികൃത കൈയേറ്റം നടത്തിയെന്നും, ബാക്കി പണം നല്കിയില്ലെന്നും മനസ്സിലാക്കിയ കോടതി, ജോസഫിന് 21,22,804 രൂപ നഷ്ടപരിഹാരം നൽകാൻ 2014 ൽ അൻവറിനെതിരെ വിധി പറയുന്നു. ആലോചിക്കണം അൻവർ അന്ന് വെറും പിവി അൻവർ ആണ്. നിലമ്പൂർ എംഎൽഎ പിവി അൻവർ ആയിട്ടില്ല.

2016 വരെ ആ വിധി അനുസരിക്കാൻ പക്ഷെ അയാൾ തയ്യാറായില്ല. ജോസഫ് നിരന്തരം വീണ്ടും കോടതി കയറിയിറങ്ങി. അവസാനം കോടതി അൻവറിനനെതിരെ വാറന്റ് പുറപ്പെടുവിച്ചു. അപ്പോഴും അയാളെ അറസ്റ്റ് ചെയ്യാനോ കോടതിയിൽ ഹാജരാക്കാനോ കേരളാ പോലീസ് തയ്യാറായില്ല. പക്ഷെ അടുത്ത തവണ നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനമായപ്പോൾ, അതിന് സ്വന്തം പേരിലുള്ള വാറന്റ് പ്രശ്നമാകും എന്ന് മനസ്സിലാക്കിയ അൻവർ കോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം ജോസഫിന് നൽകി കേസ് അവസാനിപ്പിക്കാൻ നിർബന്ധിതനായി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും നിലമ്പൂർ എംഎൽഎ പിവി അൻവർ ആയി ഒരുപടി കൂടി ഉയരുകയും ചെയ്തു. ഇങ്ങനെ എത്ര എത്ര കേസുകൾ, എത്ര എത്ര നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആളാണ് അൻവർ എന്നാണ് ആലോചിച്ചു പോകുന്നത്. ഇന്നാട്ടിൽ ജീവിക്കാൻ പണം മാത്രം പോര, അധികാരവും പ്രിവിലേജും കൂടിവേണമെന്ന് മനസ്സിലാക്കിയ ഒരാൾ കൃത്യമായി ഒരു സ്ഥലം കണ്ടെത്തുന്നു. കടന്നലുകളുടെ രാജാവാകുന്നു. ഏതോ ഒരു ഘട്ടത്തിൽ അതുവരെ ജയ് വിളിച്ചവരുമായി തെറ്റുന്നു, അതേ കടന്നലുകളാൽ അക്രമിക്കപ്പെടുന്നു. നിരന്തരം കേസുകൾ വരുന്നു, ഇന്നിതാ അറസ്റ്റും ചെയ്യപ്പെടുന്നു.

അൻവർ പക്ഷെ കളം നിറഞ്ഞാടുകയാണ്. ഒരു രാത്രിയെങ്കിൽ ഒരു രാത്രി ജയിലിൽ കിടന്നിട്ട് മതി വക്കീൽ എന്ന് തീരുമാനിക്കുക വഴി സ്വയം രക്തസാക്ഷിയാവുകയാണ് അൻവർ. അയാളെ പോലൊരു ക്രിമിനലിന് അനാവശ്യ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബുദ്ധിയുള്ള ഭരണകൂടമാണ്. അൻവറിനെ അറസ്റ്റ് ചെയ്താൽ അവസാനിക്കുന്നതല്ല ഇവിടത്തെ വന്യജീവി ആക്രമണമെന്ന യാഥാർത്ഥ്യം കൂടി മനസ്സിലാക്കി വേണം അത് ചെയ്യാനും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.