...
Home News Kerala ഭക്ഷണത്തിൻ്റെ രാഷ്ട്രീയം; ഇറ്റാലിയൻ ‘മാക്കറോണി പാസ്‌ത’യും കേരളത്തിലെ വിമോചന സമരവും

ഭക്ഷണത്തിൻ്റെ രാഷ്ട്രീയം; ഇറ്റാലിയൻ ‘മാക്കറോണി പാസ്‌ത’യും കേരളത്തിലെ വിമോചന സമരവും

ഒരുപാട് ക്ഷാമകാലത്തിലൂടെയാണ് കേരളത്തിൽ പണ്ടുകാലം മുതൽക്കേ ജീവിതം കടന്നു പോയിട്ടുള്ളത്‌

256

ഇന്ത്യയിൽ സാധാരണക്കാർക്ക് ഇടയിൽ യൂട്യൂബ് പോലുള്ള ദൃശ്യ മാധ്യമങ്ങൾ വളരെ പ്രചാരം നേടിയത് ഇൻറ്റർനെറ്റ് ലഭ്യമായി തുടങ്ങിയതോടെയാണ്. അങ്ങനെയാണ് നിരവധി കുക്കിംഗ് ചാനലുകളിലൂടെയും കുക്കറി ഷോകളിലൂടെയും പഠിച്ചെടുത്ത പലതരം പാശ്ചാത്യരുടെ ഭക്ഷണങ്ങൾ നമ്മുടെ അടുക്കളകളിലും നിരന്നത്.

മലയാളികളോട് എല്ലാവരോടുമായി അരി ഭക്ഷണത്തിന് പകരം ‘ഇറ്റാലിയൻ മാക്കറോണി പാസ്‌ത’ കഴിക്കാൻ 1950കളിൽ ഇ.എം.എസിൻ്റെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ നിർബന്ധിച്ചിരുന്ന സംഭവം അറിയാമോ? അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിന് ഏറെ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഈ സംഭവത്തോടെ ആയിരിക്കണം മലയാളികളുടെ ഭക്ഷണത്തിൻ്റെ രാഷ്ട്രീയം ആരംഭിക്കുന്നത്.

1957ൽ ഇ.എം.എസിൻ്റെ നേതൃത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിക്കാൻ തുടങ്ങുന്നത് സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയപ്പോൾ ആയിരുന്നു. അതൊരു ഒരു പഞ്ഞകാലത്തായിരുന്നു. കേരളത്തിൽ മാത്രമല്ല, ഒട്ടു മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അപ്പോൾ ഇതുതന്നെ ആയിരുന്നു അവസ്ഥ.

ഒരുപാട് ക്ഷാമകാലത്തിലൂടെയാണ് കേരളത്തിൽ പണ്ടുകാലം മുതൽക്കേ ജീവിതം കടന്നു പോയിട്ടുള്ളത്‌. അങ്ങനെ ഒരു പട്ടിണിക്കാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് വിശാഖം തിരുനാൾ മഹാരാജാവ് ബ്രസീലിയൻ കിഴങ്ങുവർഗ്ഗമായ മരച്ചീനിയെ നമ്മുടെ നാട്ടിൽ കൃഷി ചെയ്‌തുണ്ടാക്കാൻ തീരുമാനിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ്മ തകർന്നതോടെ ഇന്ത്യയിലേക്കുള്ള അരിയുടെ വരവ് നിലച്ചിരുന്നു. നമ്മുടെ നാട്ടിൽ കൃഷി ചെയ്‌തുണ്ടാക്കിയിരുന്ന അരിയാകട്ടെ ഒട്ടും പര്യാപ്‌തമല്ലായിരുന്നുതാനും. അരിക്ക് പകരം ഗോതമ്പ് ഭക്ഷണം ആളുകൾക്കിടയിൽ പ്രചരിപ്പിക്കാനായി പലതരം ഗോതമ്പ് വിഭവങ്ങളുടെ പാചക വിധികളുമായി ഇവിടെ വാനുകൾ പാഞ്ഞു നടന്നു. സമാനമായ രീതിയിൽ മറ്റൊരു സംസഥാനം മുന്നോട്ടുവെച്ച നിർദേശം മരച്ചീനിയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ആന്ധ്രയിൽ നിന്നും അരി ഇറക്കുമതി ചെയ്‌തത് കേരളം കണ്ട ആദ്യത്തെ രാഷ്ട്രീയ അഴിമതിയിലാണ് അവസാനിച്ചത്.

മാർക്കറ്റിൽ അരിയുടെ വില ക്രമാതീതമായി ഉയരുകയും ഒപ്പം അരിക്ഷാമം രൂക്ഷമാകുകയും ചെയ്‌തപ്പോഴാണ് കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയ്ക്ക് ആ മഹത്തായ ആശയം ഉണ്ടാകുന്നത്. ‘അരിക്ക് പകരം എന്തുകൊണ്ട് വലിയ വലിയ നഗരങ്ങളിലെ സമ്പന്നർ മാത്രം അതുവരെ ഉപയോഗിച്ചിരുന്ന ‘മാക്കറോണി’ കേരളത്തിലെ തങ്ങളുടെ സ്വന്തം പ്രജകൾക്ക് വിളമ്പിക്കൂടാ..?’

അരി ക്ഷാമത്തിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി 1958- 1964 കാലഘട്ടങ്ങളിൽ ഇന്ത്യൻ ഭക്ഷ്യ വിദഗ്‌ധർ വലിയ ഗവേഷങ്ങളിൽ ഏർപ്പെട്ടിരുന്ന കാലം. അങ്ങനെ CFTRI (Central Food Technological Research Institute) മൈസൂറിലെ ഒരു കൂട്ടം വിദഗ്‌ധർ ഒടുവിൽ ഒരു പരിഹാരവുമായി മുന്നോട്ടെത്തി. Tapioca-Macaroni അഥവാ synthetic rice എന്നായിരുന്നു അതിൻ്റെ പേര്.

60% മരച്ചീനിയും 25% ഗോതമ്പ് പൊടിയും 15% നിലകടലയും ചേർത്തുണ്ടാക്കിയ മിശ്രിതം. പരമ്പരാഗതമായ പാസ്‌തയുടെ ആകൃതിക്ക്‌ പകരം അരിമണിയുടെ രൂപത്തിലാണ് അവരത് പുറത്തുവിട്ടത്. അരിഭക്ഷണം കഴിക്കുന്നവരെ ചാക്കിലാക്കാൻ വേണ്ടിയായിരിക്കണം അങ്ങനെയൊരു പരീക്ഷണം.

ഈ ‘മാക്കാറോണി’യാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. കൃത്രിമമായി ഉണ്ടാക്കിയ ഈ പുതിയ ‘ഐറ്റം’ കണ്ട് ആദ്യം ജനങ്ങൾ അമ്പരന്നു. പിന്നീട് ഇതിൻ്റെ ഗുണഗണങ്ങളെ പറ്റി നടന്ന പഠനങ്ങളുടെ വിവരങ്ങൾ പേപ്പറുകളിൽ ഘോര -ഘോരം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കൊറേപ്പേരെങ്കിലും ഈ ‘മാക്കറോണി’ ഉപയോഗിക്കാൻ തുടങ്ങി.

Tapioca-Macaroni എന്ന മഹത്തായ ഈ ധാന്യത്തെ ഇന്നാർക്കും കേട്ടുകേൾവിയില്ലാത്തത്? കാരണം മറ്റൊന്നുമല്ല. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ഈ പുതിയ ഭക്ഷണരീതിയെ വെറുത്തിരുന്നു. മലയാളികൾക്ക് അരിഭക്ഷണം വിട്ടൊരു കളിയുണ്ടോ? ‘കമ്മ്യൂണിസ്റ്റ്ക്കാരാണോ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ പറ്റി തീരുമാനിക്കുന്നത്’ എന്ന രീതിയിൽ ഇവിടെ പ്രചാരണങ്ങൾ നടന്നു.

1959ൽ അന്നത്തെ കേന്ദ്ര സർക്കാർ കേരളത്തിലെ ആദ്യത്തെ ഈ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടാൻ കാരണമായ കുപ്രസിദ്ധ വിമോചന സമരത്തിന് ജനപിന്തുണയുണ്ടാകാൻ പരോക്ഷമായെങ്കിലും ഈ ‘മാക്കാറോണി’യും ഒരു നിമിത്തം ആയിരുന്നിരിക്കണം (സംസ്ഥാന സർക്കാരിന് എതിരെയായുള്ള വിമോചന സമരത്തിനിടെ ആലപ്പുഴയിൽ ഈ മാക്കാറോണി വിഷയത്തെ പരിഹസിച്ചുകൊണ്ട് ‘ഭഗവാൻ മാക്രോണി’ എന്ന കഥാപ്രസംഗം അവതരിപ്പിക്കുന്നതിനിടെ ഗായക സംഘത്തിലെ ഒരാൾ കുത്തേറ്റു മരണപ്പെടുകയുണ്ടായി.)

പിന്നീട്, ഡോ. എം.എസ്‌ സ്വാമിനാഥൻ ചുക്കാൻ പിടിച്ച ഹരിത വിപ്ലവത്തിലൂടെ ആണ് ഗ്രീൻ റിവൊല്യൂഷൻ ഭക്ഷ്യ മേഖലയിൽ ഭാരതം സ്വയം പര്യാപ്‌തത കൈവരിക്കുന്നത്.

From Quora- Umesh

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.