...
Home News National ജഗന്നാഥന് പുഷ്‌പ ശിരോവസ്ത്രം ഇല്ലാതെ പഹണ്ടി; ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം

ജഗന്നാഥന് പുഷ്‌പ ശിരോവസ്ത്രം ഇല്ലാതെ പഹണ്ടി; ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം

താഹിയ ധരിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് സേവകരുടെ തീരുമാനമാണെന്നും ക്ഷേത്ര ഭരണസമിതി

4

പുരി ശ്രീജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഭഗവാൻ ജഗന്നാഥനെ പരമ്പരാഗത പുഷ്‌പ ശിരോവസ്ത്രമായ ‘താഹിയ’ അണിയിക്കാതെ രഥത്തിലേക്ക് എഴുന്നള്ളിച്ചതിനെ ചൊല്ലി ഒഡീഷയിൽ രാഷ്ട്രീയ വിവാദം ശക്തമായി. സംഭവത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷമായ ബിജു ജനതാദളും (ബിജെഡി) കോൺഗ്രസും കടുത്ത വിമർശനമാണ് ഉയർത്തിയത്.

വ്യാഴാഴ്ച നടന്ന പഹണ്ടി ചടങ്ങിനിടെയാണ് ജഗന്നാഥനെ താഹിയ ഇല്ലാതെ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിൽ നിന്ന് രഥങ്ങളിലേക്കുള്ള ആചാരപരമായ എഴുന്നള്ളിപ്പായ പഹണ്ടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പുഷ്‌പങ്ങളാൽ അലങ്കരിച്ച താഹിയ. എന്നാൽ ബലഭദ്രനും ദേവി സുഭദ്രയും പതിവുപോലെ താഹിയ അണിഞ്ഞാണ് രഥങ്ങളിലേക്ക് എഴുന്നള്ളിയത്.

സംഭവത്തിൽ വിശദീകരണവുമായി ശ്രീജഗന്നാഥ ക്ഷേത്ര ഭരണസമിതി (എസ്‌ജെടിഎ) രംഗത്തെത്തി. കനത്ത മഴയിൽ താഹിയ നനഞ്ഞ് ഭാരമേറിയതിനാൽ ക്ഷേത്രത്തിന്റെ 22 പടികളായ ‘ബൈസി പഹാച്ച’യിൽ വെച്ച് അത് നീക്കുകയായിരുന്നുവെന്ന് എസ്‌ജെടിഎ ചീഫ് അഡ്‌മിനിസ്ട്രേറ്റർ അരബിന്ദ പാധി പറഞ്ഞു.

വിവാദം രാഷ്ട്രീയ തലത്തിലേക്ക് നീങ്ങിയതോടെ, താഹിയ ധരിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് സേവകരുടെ തീരുമാനമാണെന്നും ക്ഷേത്ര ഭരണസമിതി മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താഹിയ ഇല്ലാതെ പഹണ്ടി നടന്നത് പാരമ്പര്യ ലംഘനമല്ലെന്നും നിരവധി സേവകരുടെ അഭിപ്രായം അതാണെന്നും പാധി പറഞ്ഞു.

ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം പ്രതിപക്ഷം തള്ളി. എല്ലാ വർഷവും മഴക്കാലത്താണ് രഥയാത്ര നടക്കുന്നതെന്നും ഇതുവരെ ഇത്തരമൊരു പാരമ്പര്യവ്യതിയാനം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

“താഹിയ ഇല്ലാതെ ഭഗവാൻ ജഗന്നാഥൻ ഭക്തർക്ക് മുന്നിലെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി,” സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭക്ത ചരൺ ദാസ് പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന സർക്കാർ ജഗന്നാഥ ഭക്തരോട് മാപ്പ് പറയണമെന്ന് ബിജെഡി നേതാവ് പ്രമീല മല്ലിക് ആവശ്യപ്പെട്ടു. മഴയാണ് കാരണമെങ്കിൽ ബലഭദ്രന്റെ താഹിയ എങ്ങനെ കേടുപാടില്ലാതെ തുടർന്നുവെന്ന ചോദ്യവും അവർ ഉയർത്തി.

ജഗന്നാഥൻ ഒഡീഷയുടെ അഭിമാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹത്തെ താഹിയ ഇല്ലാതെ നന്ദിഘോഷ് രഥത്തിലേക്ക് എഴുന്നള്ളിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും മല്ലിക് പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൂര്യാസ്തമയത്തിന് ശേഷവും രഥം വലിക്കാൻ അനുമതി നൽകിയതും പാരമ്പര്യത്തിൽ നിന്നുള്ള മറ്റൊരു വ്യതിയാനമാണെന്നും അത് ഒഡീഷയുടെ സംസ്കാരത്തിനും സ്വത്വത്തിനുമേറ്റ പ്രഹരമാണെന്നും ബിജെഡി ആരോപിച്ചു.

മഴയിൽ നനഞ്ഞ് താഹിയയ്ക്ക് അമിതഭാരം വന്നതിനാൽ പഹണ്ടി വൈകാതിരിക്കാനാണ് അത് നീക്കിയതെന്ന് ദൈതപതി നിജോഗ് സെക്രട്ടറി രാമകൃഷ്ണ ദാസ് മൊഹാപാത്ര പറഞ്ഞു.

താഹിയയിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയുള്ള മുളങ്കമ്പുകൾ പഹണ്ടിയിൽ പങ്കെടുക്കുന്ന സേവകരുടെ കണ്ണിൽ തട്ടാനുള്ള സാധ്യതയും അത് നീക്കാൻ കാരണമായതായി മറ്റൊരു സേവകനായ ബിനായക് ദാസ് മൊഹാപാത്ര വിശദീകരിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥയും രാജ്യത്തിനകത്തും വിദേശത്തു നിന്നുമായി എത്തിയ ലക്ഷക്കണക്കിന് ഭക്തരുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും രഥയാത്ര ക്രമസമാധാനത്തോടെ പൂർത്തിയായതായി ഒഡീഷ സർക്കാർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.