...
Home News Kerala ലീഗിനെ പോലൊരു തികഞ്ഞ സംഘടനാ ശരീരത്തിലേക്ക് ഉൾച്ചേർന്ന് ആശയങ്ങൾക്ക് ഭൗതിക ശക്തി കൈവരിച്ച ജമാ അത്തെ...

ലീഗിനെ പോലൊരു തികഞ്ഞ സംഘടനാ ശരീരത്തിലേക്ക് ഉൾച്ചേർന്ന് ആശയങ്ങൾക്ക് ഭൗതിക ശക്തി കൈവരിച്ച ജമാ അത്തെ ഇസ്ലാമി

മുസ്ലീം വീട്ടകങ്ങളിലേക്കും കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനം വേഗത്തിൽ വർദ്ധിച്ചു. മുസ്ലീം സ്ത്രീകളും പുതുതലമുറ പെൺകുട്ടികടക്കം അരിവാൾ ചുറ്റികയോട് അകലമില്ലാത്ത സ്നേഹം കാണിച്ചു തുടങ്ങി. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാർടി പുതിയ പോക്കറ്റുകളിലേക്ക് വ്യാപിച്ചു. അതിനിടയിൽ 2021 - ലെ തരംഗത്തിലൂടെ ഇടത് സർക്കാർ വീണ്ടും അധികാരത്തിലേറി.

348

| ശ്രീകാന്ത് പികെ

‘2019-2023’ കാലത്ത് കേരളത്തിൽ സംഭവിച്ച ‘അപകടം’ പലരും പലരീതിയിലാണ് വിലയിരുത്തിയതെങ്കിലും അതിനെ കുറുക്കൻ ബുദ്ധിയോടെ വലിയ ‘അപകട’മായി തിരിച്ചറിഞ്ഞ ഒരു കൂട്ടരാണ് ജമാ അത്തെ ഇസ്ലാമി. ആ ‘അപകട’മെന്നത് കേരള ചരിത്രത്തിൽ തന്നെ ഒരുപക്ഷെ ആദ്യമായി മുസ്ലീം സമുദായം ഒരു സമുദായമെന്ന നിലക്ക് തന്നെ കമ്യൂണിസ്റ്റ് പാർടിയോട് അടുത്തുകൊണ്ടിരിക്കുന്നു എന്നതായിരുന്നു.

വരേണ്യ വലതുപക്ഷത്തിനായുള്ള മുസ്ലീം ലീഗും കോൺഗ്രസ് പാർടിയിലെ കുറച്ച് പാരമ്പര്യ മുസ്ലീങ്ങളും ചില ചെറിയ ഇസ്‌ലാമിസ്റ്റ് മിലിറ്റന്റ് കക്ഷികളെയും മാറ്റി നിർത്തിയാൽ കമ്യൂണിസ്റ്റ് പാർടിക്കാരായ മുസ്ലീങ്ങൾ മലബാറിൽ ന്യൂനാൽ ന്യൂനപക്ഷമായിരുന്നിടത്ത് നിന്ന് അരിവാൾ ചുറ്റിക പിടിക്കാൻ മടിയില്ലാത്ത, കമ്യൂണിസ്റ്റ് പാർടി പരിപാടിക്ക് പോകാൻ റെഡിയായ, അവർക്ക് വോട്ട് ചെയ്യാൻ തയ്യാറാകുന്ന, പിണറായി വിജയനെ കുറിച്ച് നല്ലത് പറയുന്ന നിലയിലേക്ക് ആ കാലത്ത് മലപ്പുറത്തടക്കമുള്ള പാരമ്പര്യ മുസ്ലീങ്ങൾ ചെന്നെത്തിയിരിക്കുന്നു.

പ്രളയ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾക്ക് ശേഷം പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവാദ കാലത്ത് രാജ്യത്ത് തന്നെ ന്യൂനപക്ഷങ്ങൾക്ക് – വിശേഷിച്ചും മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പാർലിമെന്റിലും തെരുവിലും പ്രക്ഷോഭം നയിച്ചത് കമ്യൂണിസ്റ്റ് പാർടിയും അവരുടെ ബഹുജന സംഘടനകളുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സിഎഎ വിരുദ്ധ പ്രകടനങ്ങൾക്ക് കേരളത്തിൽ പലയിടത്തും യൂത്ത്ലീഗ് അഭിവാദ്യമർപ്പിക്കുന്ന കാഴ്ച പോലും കണ്ടു. അതിന് ശേഷം മുത്തലാഖ്, ഏകീകൃത സിവിൽ കോഡ് വിഷയങ്ങളിലൊക്കെ മുസ്ലീം ലീഗ് പതുങ്ങിക്കളിച്ചപ്പോഴും ന്യൂനപക്ഷങ്ങളുടെ ശബ്ദമായത് കമ്യൂണിസ്റ്റ് പാർടിയായിരുന്നു.

മറുഭാഗത്ത് എല്ലാ കാലത്തും മുസ്ലീം ലീഗ് വഴി മാത്രം, അവർ മുന്നോട്ട് വെക്കുന്ന ചാനലുകളിലൂടെ മാത്രം സമുദായ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന സമസ്തയുടെ മത നേതൃത്വം നേരിട്ട് സർക്കാറുമായി ഇടപെടാൻ തുടങ്ങി, അഥവാ സർക്കാർ ലീഗെന്ന അനാവശ്യ ബൈപ്പാസ് ഒഴിവാക്കി മുസ്ലീം സമുദായ നേതൃവുമായി നേരിട്ട് കാര്യങ്ങൾ ഡീൽ ചെയ്യാൻ തുടങ്ങി. എ.പി ഉസ്താദ് മാത്രമല്ല ജിഫ്രി മുത്തുക്കോയ തങ്ങളടക്കം പിണറായി വിജയനോട് ഏറെ അടുക്കുകയും ലീഗുകാരുടെ അധിക്ഷേപങ്ങൾക്ക് പാത്രമാവുകയും ചെയ്ത കാലമാണത്.

മുസ്ലീം വീട്ടകങ്ങളിലേക്കും കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനം വേഗത്തിൽ വർദ്ധിച്ചു. മുസ്ലീം സ്ത്രീകളും പുതുതലമുറ പെൺകുട്ടികടക്കം അരിവാൾ ചുറ്റികയോട് അകലമില്ലാത്ത സ്നേഹം കാണിച്ചു തുടങ്ങി. മലപ്പുറത്ത് കമ്യൂണിസ്റ്റ് പാർടി പുതിയ പോക്കറ്റുകളിലേക്ക് വ്യാപിച്ചു. അതിനിടയിൽ 2021 – ലെ തരംഗത്തിലൂടെ ഇടത് സർക്കാർ വീണ്ടും അധികാരത്തിലേറി.

കോണിക്ക് കുത്തിയാൽ സ്വർഗ്ഗമെന്ന പാരമ്പര്യ അടിമത്തത്തിനപ്പുറം ചിന്തിക്കാൻ ലീഗുകാർക്ക് സാധിക്കില്ല, സാധിച്ചാലും ‘നിന്ന് പാത്തുന്നയാൾക് വോട്ട് കൊടുക്കരുത്, തട്ടമിടാത്ത സൈനബക്ക് വോട്ട് കൊടുക്കരുത്’ എന്നൊക്കെ ക്യാമ്പയിൻ ചെയ്യുന്നതിനപ്പുറമൊന്നും അവർക്ക് ചെയ്യാൻ സാധിക്കില്ല. അവിടെയാണ് ജമാഅത്തെ ഇസ്ലാമി ആ ‘അപകട’ത്തെ ലീഗിനെ മുന്നിൽ നിർത്തി സമർത്ഥമായി ഉപയോഗിച്ചത്.

ജമാ അത്തെ ഇസ്ലാമി കാലങ്ങളായി ഒറ്റക്ക് ഒരു ഓരം പറ്റി കാലിട്ടടിച്ചു കൊണ്ട് ചെയ്യുന്ന കുത്തിത്തിരിപ്പുകൾക്ക് ഒരു ഭൗതിക ശക്തിയാർജ്ജിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ലീഗിനെ പോലൊരു തികഞ്ഞ സംഘടനാ ശരീരത്തിലേക്ക് അവർ ഉൾച്ചേർന്നപ്പോൾ അവരുടെ ആശയങ്ങൾക്ക് ഒരു ഭൗതിക ശക്തി കൈവരിച്ചു. പി.വി അൻവർ എന്ന അന്നത്തെ ഇടത് എം.എൽ.എ അയാളുടെ വ്യക്തിപരമായ താല്പര്യങ്ങളും ഈഗോയും മുൻനിർത്തി പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ തുടങ്ങിയ നിഴൽ യുദ്ധം പക്ഷേ ക്ഷിപ്ര വേഗത്തിൽ പോലീസ് സേനക്ക് മുഴുവനായും, പോലീസ് മന്ത്രിക്കെതിരായും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായും ക്യാമ്പയിൻ ചെയ്യിക്കാൻ ഈ കുറുക്കൻ ബുദ്ധിക്ക് സാധിച്ചു. ഒരു വിഭാഗം ഇടത് പക്ഷ പ്രവർത്തകർ പോലും ആ ഘട്ടത്തിൽ കൺഫ്യൂസ്ഡായി അൻവറിന്റെ ആരോപണത്തിനൊപ്പം നിന്നു.

സത്യത്തിൽ മുസ്ലീം ന്യൂനപക്ഷം ഒരു സമുദായമെന്ന നിലയിൽ തന്നെ ഏറെ ഒട്ടി നിന്ന കമ്യൂണിസ്റ്റ് പാർടിയോട് മുസ്ലീം മനുഷ്യരുടെ മനസ്സിൽ സംശയങ്ങളുടെ പ്രൊപ്പഗാണ്ട വിതക്കാൻ അവസരമൊരുക്കിയ എക്സാറ്റ് ടേണിംഗ് പോയിന്റ് പി.വി അൻവർ ഇഷ്യു ആണ്. പിന്നല്ലാം വേഗത്തിലായിരുന്നു, വലതുപക്ഷം റിമോട്ട് കൺട്രോളിൽ എന്ന പോലെ പ്രൊപ്പഗാണ്ടകൾ ഫാക്ടറി പ്രൊഡക്റ്റായി തന്നെ കമ്യൂണിസ്റ്റ് പാർടിക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ് പാർടിയേയും ഇടത് ഗവണ്മെന്റിനേയും ഹിന്ദുത്വ – സംഘി ചാപ്പ ഇടതടവില്ലാതെ പതിപ്പിക്കാൻ തുടങ്ങി. മീഡിയ വൺ ഓവർ ടൈം പണിയും ലീഗണികൾ അതിന്റെ മാർക്കറ്റിങ്ങും നടത്തി. പിണറായി വിജയൻ, കെ. കെ ശൈലജ എന്ന് വേണ്ട എം. സ്വരാജിന് വരെ സംഘി ചാപ്പ നൽകി. എല്ലാ ലോജിക്കൽ വിഷയങ്ങളും സമുദായ താല്പര്യത്തിലേക്ക് കൊണ്ടെത്തിക്കുകയും അതിലൊക്കെ തന്നെ ഒന്നുകിൽ സംഘി ചാപ്പയോ അല്ലെങ്കിൽ മുസ്ലീം വിരുദ്ധ ചാപ്പയോ കൃത്യമായി നൽകിപ്പോന്നു.

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുന്നേ കമ്യൂണിസ്റ്റ് പാർടിക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കിയ മുസ്ലീം ലീഗാണ് ഈ നിലയിലേക്ക് പരിണമിച്ചത്. കൊടും വിഷമായ വാ തുറന്നാൽ വർഗ്ഗീയത മാത്രം പറയുന്ന യുഡിഎഫ് കാലത്തെ ഡിജിപി ടി.പി സെൻകുമാറിനെ തിരിച്ച് ഡിജിപി ആക്കാനായി പിണറായി സർക്കാരിനെതിരെ സുപ്രീം കോടതിയിൽ സൗജന്യമായി അയാളുടെ കേസ് നടത്തിയത് ലീഗാണ്. ആ യുഡിഎഫ് കാലത്താണ് പ്രവീൺ തൊഗാടിയ മുതൽ പോലീസുകാരെ ബോംബെറിഞ്ഞ ആർഎസ്‌എസുകാർക്ക് വരെ കേസുകൾ റദ്ദാക്കി കൊടുത്തത്.

നൂറു കണക്കിന് മുസ്ലീം ചെറുപ്പക്കാരെ UAPA പേരിൽ ജയിലലടച്ചത്, സംഘപരിവാർ കേരളത്തിൽ വലിയ വളർച്ച നേടിയത്. ആ സംഘി നേതാക്കളുടെ കൂടെ നിരാഹാര സമരപന്തലിലും ബൈപ്പാസ് വിരുദ്ധ സമരത്തിലും ശബരിമല കലാപ കാലത്തുമൊക്കെ കെട്ടി പിടിച്ചു നിന്നിരുന്നത് യുഡിഎഫ് നേതാക്കളാണ്. പക്ഷേ യഥാർത്ഥ്യങ്ങളെ അവർ സമർത്ഥമായി ബഹളങ്ങൾ കൊണ്ട് നേരിട്ടു.

ഇന്ന്, ഈ ചുരുങ്ങിയ കാലം കൊണ്ട് ലീഗിനെ വിമർശിക്കുന്നത് പോലും മുസ്ലീം വിരുദ്ധതയായി മാറി. മുസ്ലീം ലീഗ് തെരഞ്ഞെടുപ്പിൽ മത വർഗ്ഗീയത പ്രചരിപ്പിക്കും എന്നത് കേരളമുണ്ടായ കാലം മുതലേ ഭൂമി കറങ്ങുന്നു എന്ന പോലൊരു സത്യമാണ്. എന്നാൽ ഇന്ന് കണ്മുന്നിലുള്ള ആ വർഗ്ഗീയ പ്രചരണം തുറന്ന് കാട്ടുന്നതാണ് വർഗ്ഗീയത എന്ന് സ്ഥാപിക്കാൻ ഈ കുറുക്കൻ ബുദ്ധിക്ക് ഒരു പരിധിവരെ സാധിച്ചു. എന്നാൽ ഇതിനൊക്കെ മൂല കാരണമെന്തെന്ന് ചോദിച്ചാൽ ആർക്കും ഉത്തരവുമില്ല.

മുസ്ലീം ലീഗിനെ വിഴുങ്ങിക്കൊണ്ട് ജമാ അത്തെ ഇസ്ലാമി ഒരു പരിധിക്ക് മേലെ അവരുടെ ലക്ഷ്യം കണ്ടു. കമ്യൂണിസ്റ്റ് പാർടിയെ തങ്ങളുടെ സ്വന്തം പാർടിയായി കരുതി അടുത്തിരുന്ന നല്ലൊരു പങ്ക് മുസ്ലീം മനുഷ്യരെ കമ്യൂണിസ്റ്റ് പാർടിയിൽ നിന്നകറ്റാൻ ഈ കുറുക്കൻ ബുദ്ധിക്ക് സാധിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർടിയോട് – ഇടത് പക്ഷത്തോട് അടുക്കുന്ന മുസ്ലീങ്ങൾ എന്നത് തങ്ങളുടെ ശവപ്പെട്ടിക്ക് അടിക്കുന്ന ആണിയാണെന്നും അതിന്റെ ‘അപകട’മെന്താണെന്നും അവർക്ക് നന്നായി അറിയാം.

സമുദായ പാർടി എന്ന സൗജന്യത്തിൽ കേരള പൊതുബോധത്തിനിടയിൽ പാണക്കാട് ഭക്ത സംഘമായി ബിരിയാണിയും തട്ടി ഉണ്ടുറങ്ങി കഴിഞ്ഞിരുന്ന ഒരു പ്രമാണി കൂട്ടം മാത്രമല്ല ഇന്നത്തെ ലീഗ്. ആ നിലയിൽ നിന്നും ലീഗ് പൊളിറ്റിക്കൽ ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയത്തേയും, അതിന്റെ മോഡസ് ഓപ്പറാന്റിയേയും പുൽകിക്കഴിഞ്ഞു. സെക്കുലർ രാഷ്ട്രീയത്തിനായി ജീവനും ജീവിതവും സമർപ്പിച്ച നേതാക്കളെ മുതൽ കേരളത്തിലെ അവസാന സെക്കുലർ ഇടത് മനുഷ്യനെ പോലും ഹീനമായ നിലയിൽ വർഗ്ഗീയ ചാപ്പ നൽകുന്ന ഈ ജമാ അത്തെ ബുദ്ധിയെ അതേ നാണയത്തിൽ നേരിട്ടാലല്ലാതെ മുന്നോട്ട് പോകാനാകില്ല.

വലതു പക്ഷ മഴവിൽ സഖ്യങ്ങളുടെ ഏകീകരണത്തേയും ദുഷ്പ്രചരണങ്ങളേയും മറികടന്ന് ഇടത് സർക്കാർ തുടരുമെന്ന് തന്നെയാണ് യുക്തിസഹമായ പ്രതീക്ഷ. ഇനി ജയിച്ചാലും ഇല്ലെങ്കിലും, മുസ്ലീം ലീഗെന്ന സാമൂഹിക വിപത്തിനോടുള്ള മൃദു സമീപനം നിർത്തി അതൊരു വർഗ്ഗീയ പക്ഷമാണെന്ന നിലയിൽ തന്നെ സമീപിച്ച് ഫൈറ്റ് ചെയ്ത് കൊണ്ടേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.