...
Home News Kerala ‘ജാനകിയമ്മ’; ഓർമകൾ പങ്കുവച്ച് ഇളയരാജ

‘ജാനകിയമ്മ’; ഓർമകൾ പങ്കുവച്ച് ഇളയരാജ

ചലച്ചിത്ര സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും അവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഇളയരാജ

3

ദക്ഷിണേന്ത്യൻ ​സം​ഗീത ലോകത്തെ വാനമ്പാടി എസ്. ജാനകിയമ്മയുടെ വേർപാടിൽ ദുഃഖം പങ്കുവച്ച് സം​ഗീത സംവിധായകൻ ഇളയരാജ. ജാനകി അമ്മയുടെ മരണവാർത്ത തനിക്ക് വലിയ ആഘാതവും ദുഃഖവും ഉണ്ടാക്കിയെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവച്ചത്. അവരുടെ വ്യക്തിപരമായ ജീവിതം നിരവധി താങ്ങാനാവാത്ത സങ്കടങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് ഇളയരാജ അനുസ്‌മരിച്ചു. ലോകപ്രശസ്‌തരായ പല വലിയ സംഗീത സംവിധായകരുടെയും ജീവിതം ഇത്തരത്തിൽ ദുഃഖകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഓരോ പാട്ടിലൂടെയും തൻ്റെ കഴിവ് തെളിയിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു ജാനകിയമ്മ.താൻ ഒരു ഗാനം സൃഷ്‌ടിക്കുമ്പോൾ പുലർത്തുന്ന അതേ അർപ്പണബോധവും കഠിനാധ്വാനവും ആ ഗാനം പാടി ഫലിപ്പിക്കാൻ ജാനകിയമ്മയും പുലർത്തിയിരുന്നു. പലപ്പോഴും തൻ്റെ അധ്വാനത്തേക്കാൾ വലിയ പരിശ്രമം അവർ നടത്തിയിരുന്നതായി ഇളയരാജ ഓ‌ർമിക്കുന്നു. ജാനകിയമ്മ ഒരു മികച്ച സംഗീത സംവിധായിക കൂടിയായിരുന്നുവെന്നും നിരവധി ഭജനകൾ രചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാനകിയമ്മയുടെ വേർപാട് ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും അവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഇളയരാജ കൂട്ടിച്ചേർത്തു.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് ഇളയരാജ- ജാനകിയമ്മ കൂട്ടുകെട്ടിൽ പിറന്നത്. 1976ൽ പുറത്തിറങ്ങിയ ‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ ആണ് ഇളയരാജ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ഈ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയത് ജാനകിയമ്മയായിരുന്നു. ഇളയരാജയുടെ ഈണങ്ങൾക്ക് ജീവൻ നൽകുന്നതിൽ ജാനകിയുടെ ശബ്‌ദം വലിയ പങ്കുവഹിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.