...
Home News National ‘ജന്തർ മന്തർ പ്രതിഷേധത്തിൽ ഒളിഞ്ഞു നോക്കിയതല്ല’; ചാരവൃത്തിക്കല്ല, ക്രമസമാധാനത്തിനെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

‘ജന്തർ മന്തർ പ്രതിഷേധത്തിൽ ഒളിഞ്ഞു നോക്കിയതല്ല’; ചാരവൃത്തിക്കല്ല, ക്രമസമാധാനത്തിനെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

എല്ലാ പ്രതിഷേധങ്ങളും പതിവായി വീഡിയോയിൽ രേഖപ്പെടുത്താറുണ്ടെന്നും, മേത്ത കോടതിയെ അറിയിച്ചു

2

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ ചിത്രീകരണം ചാരവൃത്തിക്കോ പ്രതിഷേധക്കാരെ നിരീക്ഷിക്കാനോ വേണ്ടിയല്ലെന്നും, ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പതിവ് നടപടിയുടെ ഭാഗമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ബെഞ്ചിന് മുന്നിലായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. ജന്തർ മന്തറിൽ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളും പതിവായി വീഡിയോയിൽ രേഖപ്പെടുത്താറുണ്ടെന്നും, അതിൽ അസ്വാഭാവികമായ ഒന്നുമില്ലെന്നും മേത്ത കോടതിയെ അറിയിച്ചു.

മുൻ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ (ജെഎൻയുഎസ്‌യു) പ്രസിഡന്റ് ഐഷെ ഘോഷ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ “തുടർച്ചയായതും വിവേചന രഹിതവുമായ നിരീക്ഷണത്തിന്” വിധേയരാക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

‘ഒളിഞ്ഞു നോട്ടമോ നിരീക്ഷണമോ ഇല്ല’

“ജന്തർ മന്തറിൽ എന്ത് പ്രതിഷേധം നടന്നാലും അത് വീഡിയോയിൽ രേഖപ്പെടുത്തുന്നത് പതിവാണ്. ഇത് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ്. ഒളിഞ്ഞുനോട്ടമോ ചാരവൃത്തിയോ നടക്കുന്നില്ല,” തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

പ്രതിഷേധ സ്ഥലത്ത് പങ്കെടുക്കുന്നവരിൽ പലരും സ്വയം വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ചിത്രീകരണത്തെ നിരീക്ഷണമെന്ന് വിശേഷിപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സ്വകാര്യതാ അവകാശം ലംഘിക്കുന്നുവെന്ന് ഹർജിക്കാർ

ഹർജിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക നന്ദിത റാവു, ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധക്കാരെ വ്യാപകമായും നുഴഞ്ഞുകയറുന്ന രീതിയിലും നിരീക്ഷിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു.

പൊതുസ്ഥലത്താണെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യതക്കുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാകുന്നില്ലെന്നും, നിരന്തരമായ ചിത്രീകരണം സ്വകാര്യതാ ലംഘനമാണെന്നും അവർ വാദിച്ചു.

ഇതിന് മറുപടിയായി, പൊതുതാൽപര്യ ഹർജിയെ “ആഡംബര വ്യവഹാരം” (Luxury Litigation) എന്നാണ് തുഷാർ മേത്ത വിശേഷിപ്പിച്ചത്.

പ്രതിഷേധത്തിൻ്റെ പശ്ചാത്തലം

നീറ്റ് ഉൾപ്പെടെയുള്ള ദേശീയ തലത്തിലുള്ള പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോക്രോച്ച് ജന്തർ പാർട്ടി (സിജെപി) ജൂൺ 20 മുതൽ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ജൂൺ 28 മുതൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും സമരത്തിൽ പങ്കുചേർന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ

സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തുടർച്ചയായ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഭരണഘടനാ വിരുദ്ധവും അനുപാതമില്ലാത്തതും ആണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

പൊതുക്രമത്തിനോ ദേശീയ സുരക്ഷയ്ക്കോ വ്യക്തമായ ഭീഷണി നിലനിൽക്കുന്ന സാഹചര്യങ്ങൾ ഒഴികെ ജന്തർ മന്തറിൽ പ്രതിഷേധക്കാരുടെ കൂട്ട ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, നിരീക്ഷണം എന്നിവ ഉടൻ നിർത്തിവയ്ക്കാൻ കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഗോപുരവും പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന തുടർച്ചയായ ചിത്രീകരണവും ഇതിന് തെളിവാണെന്നും, പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ പ്രവർത്തനങ്ങൾ വരെ രേഖപ്പെടുത്തുന്ന തരത്തിലുള്ള നിരീക്ഷണമാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.