...
Home Entertainments ഏറ്റവും വലിയ സമ്മാനതുക നല്‍കുന്ന ജെസിബി സാഹിത്യ പുരസ്‌കാരം അവാർഡ് നിർത്തലാക്കി

ഏറ്റവും വലിയ സമ്മാനതുക നല്‍കുന്ന ജെസിബി സാഹിത്യ പുരസ്‌കാരം അവാർഡ് നിർത്തലാക്കി

ഇംഗ്ലീഷില്‍ എഴുതിയ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌ത ഫിക്ഷന്‍ കൃതികളാണ് പുരസ്‌കാരത്തിനായി ക്ഷണിക്കാറുള്ളത്

453

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനതുക നല്‍കിയിരുന്ന ജെസിബി സാഹിത്യ പുരസ്‌കാരം നിര്‍ത്തലാക്കി. ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ നല്‍കിയിരുന്ന പുരസ്‌കാരത്തിന് 25 ലക്ഷം രൂപയായിരുന്നു സമ്മാന തുക.

25 ലക്ഷം രൂപക്ക് പുറമേ ശില്‍പവും ഉള്‍പ്പെടുന്നതായിരുന്നു അവാര്‍ഡ്. മാര്‍ച്ച് ആദ്യവാരത്തോടെ ഇംഗ്ലീഷില്‍ എഴുതിയ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌ത ഫിക്ഷന്‍ കൃതികളാണ് പുരസ്‌കാരത്തിനായി ക്ഷണിക്കാറുള്ളത്.

ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഇത്തവണ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നതിന് യാതൊരു അറിയിപ്പുകളും ഉണ്ടായില്ല. 2018-ലാണ് ആദ്യമായി ജെസിബി സാഹിത്യ പുരസ്‌കാരം നല്‍കിയത്. പ്രഥമ പുരസ്‌കാരം മലായാളി എഴുത്തുകാരന്‍ ബെന്യാമിൻ്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിൻ്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ലോറെന്‍സോ സെര്‍ച്ച് ഫോര്‍ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിക്ക് എഴുത്തുക്കാരന്‍ ഉപമന്യൂ ചാറ്റര്‍ജിക്കാണ് പുരസ്‌കാരം. ഏഴു പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ അഞ്ചു തവണയും വിവര്‍ത്തനങ്ങള്‍ക്ക് ആണ് പുരസ്‌കാരം ലഭിച്ചത്. 2020ല്‍ മീശ നോവലിൻ്റെ വിവര്‍ത്തനത്തിലൂടെ എസ്. ഹരീഷും 2021ല്‍ എം.മുകുന്ദന്‍ ദല്‍ഹി ഗാഥകള്‍ എന്ന നോവലിൻ്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെയും പുരസ്‌കാരം നേടിയിട്ടുണ്ട്.

ജെസിബി സാഹിത്യ പുരസ്‌കാരത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് പ്രാദേശിക എഴുത്തുകാര്‍ക്ക് ആണെന്നും അവാര്‍ഡ് നിര്‍ത്തുന്നു എന്നറിഞ്ഞപ്പോള്‍ നുണയായിരിക്കും എന്നാണ് കരുതിയതെന്നും എം.മുകുന്ദന്‍ പ്രതികരിച്ചു. അവാര്‍ഡ് പ്രാദേശിക എഴുത്തുകാരായ ഞങ്ങളെ ഇന്ത്യന്‍ എഴുത്തുകാരാക്കി മാറ്റിയിരുന്നു. നിര്‍ത്തലാക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.