അദാനി ഗ്രൂപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പങ്കുവെച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ജേണലിസ്റ്റ് രവി നായർക്ക് ജാമ്യം അനുവദിച്ചു. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ഏഴ് ദിവസമായി ഗുജറാത്തിലെ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം നാളെ മോചിതനാകും.
കേസിന്റെ പശ്ചാത്തലം
- ആധാരം: 2025 ഒക്ടോബറില്‍ ‘ദി വാഷിങ്ടണ്‍ പോസ്റ്റ്’ പ്രസിദ്ധീകരിച്ച അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് രവി നായര്‍ എക്‌സിൽ (ട്വിറ്റര്‍) പങ്കുവെച്ചതാണ് കേസിനാധാരം.
- പ്രധാന ആരോപണം: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്‍ഐസി (LIC) അദാനി ഗ്രൂപ്പില്‍ വന്‍തുക നിക്ഷേപിക്കാന്‍ നീക്കം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമർശം.
- മാനനഷ്‌ട കേസ്: കമ്പനിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനും നിക്ഷേപകര്‍ക്കിടയില്‍ വിശ്വാസ്യത തകര്‍ക്കാനും ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് അദാനി എന്റര്‍പ്രൈസസ് ഗുജറാത്തിലെ മാന്‍സ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ കോടതി രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു.
കോടതി നടപടികള്‍
സമന്‍സോ മുന്‍കൂര്‍ നോട്ടീസോ നല്‍കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി രവി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കാൻ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെത്തന്നെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി അദ്ദേഹത്തിന് ആശ്വാസം നല്‍കിയത്.


