...
Home News Kerala ശസ്ത്രക്രിയയ്ക്കായി അവധി നൽകിയില്ല; റിപ്പോര്‍ട്ടര്‍ ടി.വിയിൽ നിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക

ശസ്ത്രക്രിയയ്ക്കായി അവധി നൽകിയില്ല; റിപ്പോര്‍ട്ടര്‍ ടി.വിയിൽ നിന്നും രാജിവെച്ച് മാധ്യമ പ്രവർത്തക

വാർത്തകൾക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോർട്ടർമാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്ന ഒരു ബ്യുറോ ചീഫാണ് അതിന് കാരണം. കേട്ട് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും പരാതി നൽകി.

424

റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ആരോപണങ്ങൾ ഉയർത്തി രാജിയുമായി ജീവനക്കാരി. ചാനലിന്റെ ഓഫീസിൽ വീണ് സാരമായി പരിക്കേറ്റിട്ടും ശസ്ത്രക്രിയയ്ക്കായി അവധി അനുവദിച്ചില്ലെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍ കുമാറാണ് രാജിവെച്ചത്.

ഒരു മാസം മുമ്പ് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഫീസില്‍ നിന്ന് തെന്നി വീണ് അഞ്ജനയ്ക്ക് വലത് കൈയ്ക്ക് രണ്ട് ഒടിവ് സംഭവിക്കുകയായിരുന്നു. പിന്നാലെ ലീവിനായി അപേക്ഷിച്ചപ്പോള്‍ കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ എന്നായിരുന്നു മേലുദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്നും അഞ്ജന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു .

അപ്പോൾ പ്ലാസ്റ്റര്‍ ഇട്ടാല്‍ മാറുമായിരുന്ന പരിക്ക് ജോലിയിലെ വിശ്രമമില്ലാത്ത ഓട്ടം കാരണം സര്‍ജറിയില്‍ എത്തിയെന്നും സര്‍ജറിക്കായി ലീവിന് ചോദിച്ചപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് മറുപടിയാണ് ലഭിച്ചതെന്നും അഞ്ജന പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ചില യാത്രകൾ അപ്രതീക്ഷിതമായി അവസാനിക്കും. അതുപോലെ ഒന്നാണ് ഇതും. കഴിഞ്ഞ ഒന്നര വർഷത്തിൽ അധികമായി റിപ്പോർട്ടർ ടിവിയുടെ ഭാഗമായിരുന്നു. ഇവിടെ നിന്നും ഇറങ്ങുന്നു. ‘Health is Wealth’ എന്നാണല്ലോ അതിലും വലുതായി മറ്റൊന്നുമില്ല. ഒരുമാസം മുൻപ് കോട്ടയത്തെ റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു. ‘കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ’ എന്നായിരുന്നു ചാനൽ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി.

അതുകൊണ്ട് തന്നെ പ്ലാസ്റ്ററിട്ട കൈയ്യുമായി ജോലിയ്ക്ക് കയറാൻ നിർബന്ധിതയായി. റസ്റ്റ്‌ ഇല്ലാത്ത ഓട്ടം കാരണം പ്ലാസ്റ്ററിൽ ഒതുങ്ങേണ്ടിയിരുന്നത് സർജറിയിൽ എത്തി. അടിയന്തരമായി ചെയ്യേണ്ടിയിരുന്ന സർജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോൾ ‘നിലമ്പൂർ ഇലക്ഷൻ കഴിയട്ടെ’ എന്നായിരുന്നു അടുത്ത മറുപടി. അപ്പോൾ മുതൽ സ്ഥാപനം വിടാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു. ‘Fight For Justice’ എന്നത് ചാനൽ പ്രൊമോയിലെ ഒരു വാചകമായും കാറിന്റെ സ്റ്റിക്കറായും മാത്രം ഒതുങ്ങേണ്ട ഒന്നല്ല അത് ആദ്യം നടപ്പിലാക്കേണ്ടത് തൊഴിലിടത്തിൽ ആയിരിക്കണമെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ എന്നെപ്പോലെ തന്നെ ഒരുപാട് പേർ ഇവിടെ നിന്നും പോയിട്ടുണ്ട്. വാർത്തകൾക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോർട്ടർമാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്ന ഒരു ബ്യുറോ ചീഫാണ് അതിന് കാരണം. കേട്ട് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും പരാതി നൽകി. ഉടൻ തന്നെ ട്രാൻസ്ഫർ തന്ന് സഹായിച്ചു. ഒരു ജൂനിയർ റിപ്പോർട്ടറുടെ പരാതി ആയതുകൊണ്ട് ഗൗരവത്തിൽ എടുക്കാത്തതായിരിക്കുമെന്ന് ചിന്തിച്ചു.

ചില മുതിർന്ന റിപ്പോർട്ടർമാരും പരാതി നൽകി, ഗുണമുണ്ടായില്ല. ഒടുവിൽ അവർ ഇവിടം വിടുന്നതും നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്തൊക്കെ സംഭവിച്ചാലും തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാൾ വാഴുന്നു. ‘Karma is a boomerang’ എന്നാണല്ലോ നോക്കാം . വീഴാൻ പോയപ്പോൾ ചേർത്ത് പിടിച്ചവരുണ്ട്. അവർ തന്നെയാണ് മുന്നോട്ട് നടക്കാനുള്ള ഊർജം പകർന്നതും. മുൻപിൽ വലിയ ലക്ഷ്യങ്ങൾ ഉള്ളപ്പോൾ തൊട്ടടുത്തുള്ളത് വിട്ടുകളയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു

https://www.facebook.com/anjana.anilkumar.52/posts/pfbid0j6yh872Uc31Vq1E12iW2wZkaHJiuirupVEd25VyaiLDCa9kREtJXLuyuydyojSrJl
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.