...
Home News Kerala സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ ചിറകിനടിയിൽ സംരക്ഷിച്ച ചരിത്രമാണ് തനിക്കുള്ളതെന്ന് സുധാകരൻ അവകാശപ്പെടുന്നു.

164

പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്ത സുധാകരന് ഹൈക്കമാന്‍ഡില്‍ നിന്നും സംസ്ഥാന നേതൃത്വത്തിൽ നിന്നും അനുകൂല നിലപാടല്ല ഉണ്ടായതെന്നാണ് സൂചന.

എംപിമാര്‍ ആരും മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. നേതൃത്വം വിലങ്ങുതടിയായതോടെ അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പ് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. കണ്ണൂർ തന്‍റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസാണ് തന്‍റെ മേൽവിലാസമെന്നും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.

കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ ചിറകിനടിയിൽ സംരക്ഷിച്ച ചരിത്രമാണ് തനിക്കുള്ളതെന്ന് സുധാകരൻ അവകാശപ്പെടുന്നു. കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ മുഖങ്ങൾ ഉൾക്കണ്ണിൽ തെളിയുന്നുണ്ടെന്നും പാർട്ടിയുടെ ത്രിവർണ്ണ പതാകയേന്തി കണ്ണൂരിന്‍റെ മണ്ണിൽ താൻ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കൾ പോലും ഇപ്പോൾ തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലും, സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാൻ വീടിനെപ്പോലും മറന്നാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിവൈകാരികമായ ഈ പോസ്റ്റിലൂടെ താൻ ഇപ്പോഴും കണ്ണൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന കൃത്യമായ സൂചനയാണ് സുധാകരൻ നൽകുന്നത്.

സുധാകരന്‍റെ ഈ നീക്കം അണികളെ പ്രകോപിപ്പിക്കാനും സമ്മർദ്ദ തന്ത്രം പ്രയോഗിക്കാനുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അദ്ദേഹം തന്നെ വളർത്തിക്കൊണ്ടുവന്ന കെ.പി.സി.സി. അധ്യക്ഷനും ജില്ലയിലെ ഡി.സി.സി. പ്രസിഡന്റും സുധാകരനെതിരെ നിലപാടെടുത്തതോടെയാണ് തർക്കം മുറുകിയത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സുധാകരന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന് സീറ്റ് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്.

എന്നാൽ, സുധാകരന്‍റെ ഈ നീക്കത്തിൽ അദ്ദേഹത്തിന്‍റെ തന്നെ അടുത്ത അനുയായികളിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഒഴിവാക്കിയാൽ, പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം. ആലപ്പുഴയിൽ ജി. സുധാകരൻ സി.പി.ഐ.എമ്മിന് വെല്ലുവിളിയാകുന്നത് പോലെ കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളിയാകുന്നത് കെ. സുധാകരൻ തന്നെയായിരിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.