...
Home News Kerala കെ സുധാകരന്റെ കൊലവിളി; കേരളം എത്രമാത്രം ക്യൂട്ട്നെസോട് കൂടിയാണ് സ്വീകരിക്കുന്നതെന്ന് കണ്ട് തന്നെയറിയാം

കെ സുധാകരന്റെ കൊലവിളി; കേരളം എത്രമാത്രം ക്യൂട്ട്നെസോട് കൂടിയാണ് സ്വീകരിക്കുന്നതെന്ന് കണ്ട് തന്നെയറിയാം

ഇന്നലെ മന്ത്രി എം. ബി രാജേഷിന്റെ പേരിൽ വ്യാജ വാർത്ത സ്ക്രോളായി കാണിച്ചത് ചാനലിലെ 'ഒരു കുട്ടിക്ക് പറ്റിയ അബദ്ധം' എന്നാണ് സ്മൃതി പരുത്തിക്കാട് ന്യായം പറഞ്ഞത്, ആ കണക്കിന് ഇന്ന് കില്ലാഡി സുധാകരേട്ടന്റെ ഓരോരോ കുസൃതികൾ എന്നാകും പറയാൻ പോകുന്നത്.

363

| ശ്രീകാന്ത് പികെ

‘കൈയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും ‘ എന്ന മുദ്രാവാക്യ വരികൾ കേരളത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാർടികളും അവരവരുടെ പ്രതിഷേധ പ്രകടനങ്ങളിലും മറ്റ് ജാഥകളിലും ഉപയോഗിച്ചിട്ടുണ്ട്, ഇന്നും ഉപയോഗിക്കാറുമുണ്ട്. ആരും ആ ഒരു മുദ്രാവാക്യം മുഴക്കിയത് കൊണ്ട് മാത്രം കൈയ്യും തലയും വെട്ടാൻ പോയിട്ടില്ല, മുദ്രാവാക്യം മുഴക്കാത്തത് കൊണ്ട് വെട്ടാതിരിന്നിട്ടുമില്ല. എന്നാൽ ഒരു പരിഷ്കൃത – ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പോർവിളികൾ എന്നത് സാമാന്യേന തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്.

പി. വി അൻവർ ഇടത് മുന്നണി വിട്ട ശേഷം തുടർച്ചയായി സി.പി. എം നേതാക്കളേയും പാർടിയെ തന്നെയും അധിക്ഷേപിച്ചും താറടിച്ചും പ്രസ്താവനകൾ നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ പിതാവിനെയടക്കം ചേർത്ത് ഭള്ള് പറയുകയുണ്ടായി. ആ വേളയിൽ നിലമ്പൂരിലെ പാർടി അണികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കുറച്ച് പേര് മേല്പറഞ്ഞ രീതിയിൽ ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈയ്യും വെട്ടും കാലും വെട്ടുമെന്ന് വൈകാരികമായി മുദ്രാവാക്യം മുഴക്കി’. നാട്ടുകാരായ അതിസാധാരണ മനുഷ്യർ. ഒഴിവാക്കേണ്ട മുദ്രാവാക്യ രീതി തന്നെയാണ്. അതിനാൽ തന്നെ പാർടി നേതൃത്വം അത്തരം രീതികളെ തള്ളി പറഞ്ഞു.

പക്ഷേ സോഷ്യൽ മീഡിയ വെറുതെ വിടുമോ. മീഡിയ വൺ മുതൽ ജനം ടിവി വരെ ഒരേ അച്ചിൽ നിലമ്പൂരിലെ കൊലവിളിയെന്ന് വാർത്ത കൊടുത്തു. ഇന്നലെ വരെ സോഷ്യൽ മീഡിയയിൽ ഏതോ പോസ്റ്റിന് താഴെ ഒരു കോൺഗ്രസുകാരൻ ഈ ‘കൊലവിളി കമന്റ്’ ആവർത്തിക്കുന്നത് കണ്ടു.

കെ. സുധാകരൻ കെ.പി.സി.സിയുടെ പ്രസിഡന്റാണ്. അതായത് കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ചീഫ്. കൂടാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പാർലിമെന്റ് അംഗവും. “അവരൊന്ന് ഓർത്തോളൂ.. എന്തെങ്കിലും സംഭവിച്ചാൽ, അവരെ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല എന്ന കാര്യവും ഓർത്തോളൂ..തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണം. നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ല..”
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് വിമതരായവർക്ക് നേരെയാണ് കെ. സുധാകരൻ ഈ ഭീഷണി നടത്തിയത്. അതും മുൻനിര കോൺഗ്രസ് നേതാക്കൾ വേദിയിലും അണികൾ സദസ്സിലും ഇരുന്ന് കൈയ്യടിയോടെ വരവേറ്റു.

നിലമ്പൂരിലെ കൂലി തൊഴിലാളിയായ ഒരു പാർടി സഖാവിന് ആവേശത്തിൽ രണ്ട് മുദ്രാവാക്യം മുഴക്കലിനപ്പുറം പി. വി അൻവർ മുതലാളിയുടെ കൈയ്യും കാലും വെട്ടാൻ പോയിട്ട് അയാളുടെ വീട്ടിന്റെ ഗേയ്റ്റ് കടന്ന് പോകാൻ സാധിച്ചേക്കില്ല. എന്നാൽ അത്തരം പ്രിവിലേജുകളില്ലാത്ത സാധാ കോൺഗ്രസ് പ്രവർത്തകരുടെ ജീവനും ജീവിതവുമില്ലാതാക്കാൻ കെൽപ്പുള്ള, അത്തരം ആരോപണങ്ങളും കൊലപാതക കേസുകളും നേരിട്ട, ഇന്നും നേരിടുന്ന ആളാണ് കെ. സുധാകരൻ. ആളും അർത്ഥവും അധികാരവും ഒരുപോലെയുള്ളയാൾ. ഈ കൊലവിളിയെ കേരളം എത്രമാത്രം ക്യൂട്ട്നെസോട് കൂടിയാണ് സ്വീകരിക്കുന്നതെന്ന് കണ്ട് തന്നെയറിയാം.

‘പാടത്ത് ജോലിക്ക് വരമ്പത്ത് കൂലിയെന്ന്’ പണ്ടൊരു പാർടി പരിപാടിയിൽ അന്നത്തെ പാർടി സെക്രട്ടറി സഖാവ് കോടിയേരി പറഞ്ഞതിനെ തുടർന്ന് കേരളത്തിന്റെ ലിബറൽ പൊതുബോധം ഞെട്ടി വിറച്ചിരുന്നു. ആ ഷോക്ക് വേവ് സഖാവ് കോടിയേരിയുടെ മരണം വരെ നിലച്ചിരുന്നില്ല.

ഇന്നലെ മന്ത്രി എം. ബി രാജേഷിന്റെ പേരിൽ വ്യാജ വാർത്ത സ്ക്രോളായി കാണിച്ചത് ചാനലിലെ ‘ഒരു കുട്ടിക്ക് പറ്റിയ അബദ്ധം’ എന്നാണ് സ്മൃതി പരുത്തിക്കാട് ന്യായം പറഞ്ഞത്, ആ കണക്കിന് ഇന്ന് കില്ലാഡി സുധാകരേട്ടന്റെ ഓരോരോ കുസൃതികൾ എന്നാകും പറയാൻ പോകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.