...
Home News Kerala നിർമാണത്തിലെ ന്യൂനത; വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച കല്യാൺ സിൽക്സ് 75,040 രൂപ നഷ്ടപരിഹാരം...

നിർമാണത്തിലെ ന്യൂനത; വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച കല്യാൺ സിൽക്സ് 75,040 രൂപ നഷ്ടപരിഹാരം നൽകണം

സാരി ഏത് വിധമാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിർദ്ദേശങ്ങൾ എതിർകക്ഷി ഉപഭോക്താവിന് നൽകിയതായി കാണുന്നില്ലെന്നാണ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് .

414

നിർമ്മാണത്തിൽ ന്യൂനത കണ്ടെത്തിയെങ്കിലും സിൽക്ക് വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച കല്യാൺ സിൽക്സ് 75,040 രൂപ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് .

സ്ഥാപനത്തിന്റെ സേവനത്തിൽ അപര്യാപ്തതയും അധാർമ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷൻ പ്രസിഡൻ്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചങ്ങനാശ്ശേരി സ്വദേശിയായ പ്രൊഫസർ സാറ തോമസ് മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാൺ സിൽക്കിൽ നിന്നും 2018 ജനുവരി 12ന് 30,040 രൂപ നൽകി സിൽക്ക് സാരി വാങ്ങിയത്.

പക്ഷെ വിവാഹം നടക്കാത്ത സാഹചര്യത്തിൽ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോൾ സാരിയിൽ കറുത്ത പാടുകൾ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോൾ സാരി മാറ്റി നൽകാമെന്ന് ആദ്യം ഉറപ്പു നൽകിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല.

ഇതിനെ തുടർന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. സാരി നിർമിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയതെന്ന് മലയാളത്തിലെ ഓൺലൈൻ മാധ്യമമായ ദി ഫോർത് റിപ്പോർട്ട് ചെയ്തു.

അതേസമയം പരാതിക്കാരിയല്ല അവരുടെ മകളാണ് യഥാർത്ഥത്തിൽ സാരി വാങ്ങിയതെന്നാണ് എതിർകക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്. സാരിക്ക് നിർമ്മാണ ന്യൂനതയില്ല. കാറ്റ് കടക്കാത്ത പെട്ടിയിൽ ദീർഘകാലം സാരി സൂക്ഷിച്ചത് മൂലമാണ് സാരിയിൽ കേടുപാട് സംഭവിച്ചതെന്നും അത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകിയതായും വ്യാപാരി കമ്മീഷൻ അധികൃതരെ ബോധിപ്പിച്ചു.

എന്നാൽ സാരി ഏത് വിധമാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിർദ്ദേശങ്ങൾ എതിർകക്ഷി ഉപഭോക്താവിന് നൽകിയതായി കാണുന്നില്ലെന്നാണ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത് . ഉത്പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതോടെ ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗതമായ തത്ത്വത്തിന് പകരം വിൽപ്പനക്കാരൻ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നിലവിൽ വന്നതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

സാരിയുടെ വിലയും പുറമെ 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഉൾപ്പടെ 30 ദിവസത്തിനകം എതിർകക്ഷിയായ വ്യാപാരി പരാതിക്കാരിക്ക് നൽകണമെന്നാണ് കോടതി ഉത്തരവിൽ നിദ്ദേശിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.