കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ പരസ്യ വിചാരണയ്‌ക്കും ആത്മഹത്യാ പ്രേരണയ്‌ക്കും കൊലക്കുറ്റത്തിനും കേസെടുക്കണമെന്ന് ആവശ്യമുയരുന്നു.
തിങ്കളാഴ്‌ച നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവർത്തിക്കരുതെന്നും പിപി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു.
“കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എൻ്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യൻ്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പില്‍ എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിൻ്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിൻ്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.” -പിപി ദിവ്യ പറയുന്നു.
“അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവർത്തനം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, -എന്നാണ് പിപി ദിവ്യ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പില്‍ പറഞ്ഞത്. നവീന്‍ ബാബുവിനെ വേദിയിലിരുത്തി കൊണ്ടാണ് ദിവ്യയുടെ ആരോപണം.
വളരെ സാധുവും സത്യസന്ധനുമായ ഓഫീസർ ആയിരുന്നു എഡിഎം നവീൻ ബാബു എന്നാണ് പൊതുജനാഭിപ്രായം. ഒരു യാത്രയയപ്പിൽ പറയേണ്ട വാക്കുകളല്ല ജില്ലാ പഞ്ചായത്ത് അധികാരിയായ പ്രസിഡണ്ടിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഉദ്യോഗസ്ഥർ ഏതെങ്കിലും അഴിമതി നടത്തിയതായി സംശയമുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഉദോഗസ്ഥർക്ക് പരാതി നൽകാമെന്നിരിക്കെയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ പ്രൗഢമായ യാത്രയയപ്പ് ചടങ്ങിൽ ആരോപണവുമായി ഉന്നത ഭരണപദവി വഹിക്കുന്ന ജനപ്രതിനിധിയായ പ്രസിഡണ്ട് കടന്നുവന്നത്.
ഒരു വ്യവസായിയുടെ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസിക്ക് വേണ്ടി എഡിഎമ്മിനെ വിളിച്ചു സംസാരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തന്നെ പറയുന്നുണ്ട്. അതിൻ്റെ പിന്നിലെ ഉത്സാഹവും ചേതോവികാരം എന്തായിരിക്കുമെന്നത് സംശയത്തിൻ്റെ നിഴലിലാണ്. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച യാത്രയപ്പ് സദസിൽ ക്ഷണിക്കപ്പെടാതെ എത്തി ഒരു മനുഷ്യനെ ജീവിതത്തിൽ നിന്നും ഇല്ലാതാക്കിയ ധിക്കാരത്തിന് ചിലർക്കൊക്കെ മറുപടി പറയേണ്ടി വരും!
“സര്‍ക്കാരിൻ്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. ആരോപണമുന്നയിച്ച വിഷയത്തിലും വസ്‌തുനിഷ്‌ഠമായ അന്വേഷണം വേണമെന്നും പരാതികളുണ്ടെങ്കില്‍ അത് അതിൻ്റെതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്. കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും കോൺഗ്രസിലെ സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ കേസ് രജിസ്റ്റർചെയ്‌ത് അന്വേഷിക്കണം,” -അദ്ദേഹം ആവശ്യപ്പെട്ടു.
(ജീവിതത്തിലെ വിഷമ സന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ…)



