പാകിസ്ഥാന്റെ സാമ്പത്തിക ഹൃദയമായി വിശേഷിപ്പിക്കപ്പെടുന്ന കറാച്ചി നഗരത്തിന് അടിസ്ഥാന സൗകര്യങ്ങളിലെയും പൊതുസേവനങ്ങളിലെയും ഗുരുതരമായ പോരായ്മകൾ കാരണം ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യ നഗരങ്ങളിലൊന്നെന്ന വിലയിരുത്തൽ വീണ്ടും ലഭിച്ചു. കാലതാമസം നേരിടുന്ന വികസന പദ്ധതികൾ, ഭരണപരമായ വീഴ്ചകൾ, സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവ് എന്നിവയാണ് നഗരത്തിന്റെ പുരോഗതിക്ക് പ്രധാന തടസങ്ങളെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാനിലെ എക്സ്പ്രസ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വിശകലന റിപ്പോർട്ട് പ്രകാരം, വിശ്വസനീയമല്ലാത്ത ജലവിതരണം, തകർന്ന റോഡുകൾ, രൂക്ഷമായ ഗതാഗതക്കുരുക്ക്, മാലിന്യ നിർമാർജനത്തിലെ പരാജയം, വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ എന്നിവയാണ് കറാച്ചി നിവാസികൾ ദിനംപ്രതി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
നഗരത്തിലെ നിരവധി കുടുംബങ്ങൾ സർക്കാർ സംവിധാനത്തിലൂടെ വെള്ളം ലഭിക്കാത്തതിനാൽ സ്വകാര്യമായി വെള്ളം വാങ്ങാൻ പ്രതിമാസം വലിയ തുക ചെലവഴിക്കുന്നുണ്ട്. അതേസമയം, അപര്യാപ്തമായ പൊതുഗതാഗത സംവിധാനവും പൂർത്തിയാകാതെ കിടക്കുന്ന റോഡ് വികസന പദ്ധതികളും യാത്രക്കാരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
കറാച്ചിയുടെ പ്രശ്നങ്ങൾ ഒരൊറ്റ ഘടകത്തിന്റെ ഫലമല്ലെന്നും വർഷങ്ങളായി നീണ്ടുനിൽക്കുന്ന വികസന പദ്ധതികളിലെ കാലതാമസവും ഭരണപരമായ അനാസ്ഥയും ചേർന്നുണ്ടാക്കിയ പ്രതിസന്ധിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിരവധി പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഫണ്ടിന്റെ കുറവ്, കരാർ തർക്കങ്ങൾ, അഴിമതി ആരോപണങ്ങൾ, ഭരണപരമായ തടസങ്ങൾ എന്നിവ കാരണം അവ പലതും ഇപ്പോഴും പൂർത്തിയായിട്ടില്ല.
ഇതിനിടെ നഗരത്തിലെ ജനസംഖ്യ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുമ്പോൾ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും അതിനൊത്ത് വളരാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (EIU) 2026-ലെ ഗ്ലോബൽ ലൈവബിലിറ്റി ഇൻഡക്സ് പ്രകാരം, ലോകത്തെ 173 നഗരങ്ങളിൽ കറാച്ചി 170-ാം സ്ഥാനത്താണ്. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ നാലാമത്തെ നഗരമായി കറാച്ചി മാറി. കറാച്ചിക്കു താഴെ റാങ്ക് നേടിയിരിക്കുന്നത് ധാക്ക, ഡമാസ്കസ്, ട്രിപ്പോളി എന്നീ നഗരങ്ങൾ മാത്രമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് EIU ഈ റാങ്കിംഗ് തയ്യാറാക്കുന്നത്. 100ൽ 43 പോയിന്റാണ് കറാച്ചിക്ക് ലഭിച്ചത്. സുരക്ഷാ വിഭാഗത്തിൽ 20, ആരോഗ്യസംരക്ഷണത്തിൽ 54, സംസ്കാര-പരിസ്ഥിതി വിഭാഗത്തിൽ 36, വിദ്യാഭ്യാസത്തിൽ 75, അടിസ്ഥാന സൗകര്യങ്ങളിൽ 52 എന്നിങ്ങനെയാണ് നഗരത്തിന്റെ സ്കോർ


