...
Home News National പാകിസ്താൻ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു

പാകിസ്താൻ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു

ബെംഗളൂരുവിലെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 'പാകിസ്താൻ' എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ശ്രീശാനന്ദയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്.

299

മുസ്ലീം ഭൂരിപക്ഷ മേഖലയെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീശാനന്ദ്, സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു. ഈ സാഹചര്യത്തിൽ, ഇത് സംബന്ധിച്ച നടപടികൾ അവസാനിപ്പിക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിമാർ അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.

ബെംഗളൂരുവിലെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ശ്രീശാനന്ദയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്. വിവാദ പരാമർശത്തെ തുടർന്ന്, ജഡ്ജി സുപ്രീംകോടതിക്ക് മുൻപാകെ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു.

കർണാടക ഹൈക്കോടതിയിൽ ഭൂമിതർക്കുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ശ്രീശാനന്ദ വിവാദ പരാമർശം നടത്തിയത്. “മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാൽ, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്ന് വലതു വശത്തേക്ക് തിരിഞ്ഞാൽ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. അവിടെ നിയമം ബാധകമല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തി.

വിവാദം പ്രക്ഷുബ്ധമായതോടെ, സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജഡ്ജി ഖേദം പ്രകടിപ്പിച്ചത്. മാപ്പ് സ്വീകരിച്ച സുപ്രീംകോടതി, ജഡ്ജിമാർക്ക് അവരുടെ അഭിപ്രായങ്ങൾ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.