...
Home News Kerala മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

മണ്ണിനടിയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.

179

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ മക്കളായ മുസമ്മിൽ (13), മുൻസിർ (5) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെ ഉണ്ടായ അപകടത്തിൽ മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

കനത്ത മഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അരികിൽ ഇരിക്കുമ്പോ‍ൾ ആയിരുന്നു അപകടം. മതിൽ ഇടിഞ്ഞ് ബസ് സ്റ്റോപ്പിൻ്റെ മുകളിലേക്ക് വീ‍ഴുകയായിരുന്നു. മണ്ണിനടിയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുസമ്മിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അപകടത്തിൽ കുട്ടികൾ മരിച്ചതിൽ നാടാകെ ദുഃഖത്തിലായി.

ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

കോഴിക്കോട് കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഫാർമസിസ്റ്റ് ആയ രമ്യ, മകൻ ശിവനന്ദ് എന്നിവരാണ് മരിച്ചത്. രമ്യയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട കരച്ചിലിന് ഒടുവിൽ മകൻ്റെ മൃതദേഹവും കണ്ടെത്തി.

ശനിയാഴ്‌ച വൈകിട്ട് ഏകദേശം അഞ്ചു മണിക്കാണ് ദാരുണമായ സംഭവം നടന്നത്. കോഴിക്കോട് പാലേരി തോട്ടത്തങ്കണ്ടി സ്വദേശിനി രമ്യ തുണി അലക്കാൻ വേണ്ടിയാണ് എട്ടു വയസുകാരനായ മകൻ ശിവനന്ദിനേയും കൂട്ടി പുഴയുടെ തീരത്ത് എത്തിയത്. തുണി അലക്കുന്നതിനിടെ, മകൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ വേണ്ടി രമ്യയും പുഴയിലേക്ക് ചാടി.

കുഞ്ഞിനായുള്ള തെരച്ചിലിന് വെല്ലുവിളി

നാദാപുരത്ത് നിന്നും പേരാമ്പ്രയിൽ നിന്നുമുള്ള ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ അടക്കം തെരച്ചിൽ നടത്തിയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ, പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെളിച്ചക്കുറവും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കുഞ്ഞിനായുള്ള തെരച്ചിലിന് വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു. അപകടം സംഭവിച്ചു കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതശരീരം ലഭിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് പുഴയിൽ തെരച്ചിൽ നടത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.