...
Home News Kerala ശക്തമായ ത്രികോണപ്പോരിനൊരുങ്ങി കാസർകോട്; കോട്ട കാക്കാൻ ലീഗും പിടിച്ചെടുക്കാൻ എൻഡിഎയും ഇടതുമുന്നണിയും

ശക്തമായ ത്രികോണപ്പോരിനൊരുങ്ങി കാസർകോട്; കോട്ട കാക്കാൻ ലീഗും പിടിച്ചെടുക്കാൻ എൻഡിഎയും ഇടതുമുന്നണിയും

ജില്ലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ അധ്യക്ഷന്മാർ നേർക്കുനേർ മത്സരിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

214

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസർകോട് മണ്ഡലത്തിൽ മുന്നണി സ്ഥാനാർഥികൾ ക്ലൈമാക്‌സ് പ്രചാരണത്തിലേക്ക് കടന്നു. വ്യത്യസ്ത ശൈലികളിൽ വോട്ടർമാരെ സമീപിച്ചാണ് സ്ഥാനാർഥികൾ രംഗത്തിറങ്ങുന്നത്. എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി കൊറഗ ഊരുകളിൽ കൊട്ട മെടഞ്ഞും തുളു ഭാഷയിൽ സംസാരിച്ചും വോട്ട് അഭ്യർഥിക്കുമ്പോൾ, യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ പ്രവർത്തകരോടൊപ്പം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും സജീവമായി പ്രചാരണം നടത്തുന്നു.

ഇടതു കോട്ടകളിൽ വോട്ട് ഉറപ്പിക്കാനും വീടുകൾ കയറിയിറങ്ങി നേരിട്ടുള്ള സമ്പർക്കം ശക്തമാക്കാനും എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്തതോടെ രാവിലെ മുതൽ രാത്രി വരെ സ്ഥാനാർഥികൾ പ്രചാരണ തിരക്കിലാണ്. ഭാഷാ-ന്യൂനപക്ഷ മേഖലകളിൽ അശ്വിനി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിലാണ് കല്ലട്ര മാഹിൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അതേസമയം, അതിരാവിലെ മുതൽ തന്നെ ഷാനവാസ് പാദൂർ വോട്ടർമാരെ നേരിൽ കണ്ടും വിവിധ സാമൂഹിക-മത നേതാക്കളെ സന്ദർശിച്ചും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. സോഷ്യൽ മീഡിയയിലും റീലുകളിലുമുള്ള സജീവ സാന്നിധ്യവും പ്രചാരണത്തിന്റെ ഭാഗമാകുന്നു.

ലീഗിന്റെ പരമ്പരാഗത കോട്ടയായ കാസർകോട് ഇത്തവണ ത്രില്ലർ പോരാട്ട വേദിയായി മാറിയിരിക്കുകയാണ്. 1977 മുതൽ മുസ്ലിം ലീഗ് വിജയിച്ചുവരുന്ന മണ്ഡലത്തിൽ കല്ലട്ര മാഹിൻ വീണ്ടും മത്സരിക്കുമ്പോൾ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. എന്നാൽ, എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി വിജയിച്ചാൽ കാസർകോട്ടിൽ നിന്ന് ആദ്യ വനിതാ എംഎൽഎ എന്ന നേട്ടം സ്വന്തമാക്കും. അതേസമയം, ഷാനവാസ് പാദൂർ വിജയിച്ചാൽ ലീഗിന്റെ കോട്ട ഇടതുകോട്ടയായി മാറുന്ന ചരിത്രം സൃഷ്ടിക്കപ്പെടും.

തുടർച്ചയായ യുഡിഎഫ് ഭരണം ജില്ലയിൽ വികസന മുരടിപ്പ് ഉണ്ടാക്കിയെന്നാണ് എം.എൽ. അശ്വിനിയുടെ വിമർശനം. സംസ്ഥാനത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. മറുവശത്ത്, വിജയം തുടരുമെന്നും ഭൂരിപക്ഷം വർധിക്കുമെന്നും കല്ലട്ര മാഹിൻ അവകാശപ്പെട്ടു. ത്രികോണ മത്സരം ഇല്ലെന്നും എൽഡിഎഫ് വോട്ട് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഈ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും വികസനത്തിന് പുതിയ ദിശ നൽകാമെന്നുമാണ് ഷാനവാസ് പാദൂരിന്റെ പ്രതികരണം.

ജില്ലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ അധ്യക്ഷന്മാർ നേർക്കുനേർ മത്സരിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. യുഡിഎഫ് ജില്ലാ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജിയും, ബിജെപി ജില്ലാ പ്രസിഡന്റായ എം.എൽ. അശ്വിനിയും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാണ്. കൂടാതെ, പ്രധാന മുന്നണികൾക്കായി ഒരു വനിത മത്സരിക്കുന്ന ഏക മണ്ഡലവുമാണ് കാസർകോട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.