...
Home News Kerala ‘സ്‌കൂള്‍ ക്വിസ് വിവാദം’; സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സസ്‌പെൻഷനിൽ

‘സ്‌കൂള്‍ ക്വിസ് വിവാദം’; സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സസ്‌പെൻഷനിൽ

ക്വിസ് മത്സരം പ്രാദേശിക പരിപാടിയാണെന്നും വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ ആദ്യ വിശദീകരണം

3

കാസര്‍കോട്ടെ സ്‌കൂള്‍ ഉപജില്ലകളിൽ നടത്താൻ ക്വിസ് മത്സരത്തിൽ വിഡി സവര്‍ക്കറെ പുകഴ്ത്തുന്ന രീതിയിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്‌പെൻഷൻ. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനായ ഗുരുപ്രസാദിനെയാണ് അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്‌തത്. തെറ്റിദ്ധാരണ പരത്തുന്നതും ചരിത്രത്തിൻ്റെ ബലമില്ലാത്തതുമായ ചോദ്യം തയ്യാറാക്കിയത് ഗൗരവതരമായ വീഴ്‌ചയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

താൻ ഗൂഗിളിൽ തിരഞ്ഞാണ് ചോദ്യം തയ്യാറാക്കിയതെന്നും ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് അധ്യാപകൻ്റെ വിശദീകരണം. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.

വിവാദമായ ചോദ്യം: മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ഫ്രീഡം ക്വിസിൻ്റെ’ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. ‘ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?’ എന്ന ടൈബ്രേക്കർ ചോദ്യത്തിന് ‘വിഡി സവര്‍ക്കര്‍’ എന്ന് ഉത്തരമായി നൽകുകയായിരുന്നു.

ഉത്തരവാദികൾ: മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയത്. ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നാണ് വിവരം.

നടപടിക്രമങ്ങൾ: സംഭവം പുറത്തു വന്നയുടൻ കാസര്‍കോട് ജില്ലാ ഉപഡയറക്ടര്‍ എഇഒയോട് അടിയന്തരമായി റിപ്പോർട്ട് തേടുകയും തുടർന്ന് കർശന നടപടി സ്വീകരിക്കുകയും ആയിരുന്നു. ക്വിസ് മത്സരം പ്രാദേശിക പരിപാടിയാണെന്നും വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ ആദ്യ വിശദീകരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.