...
Home News കളിയാരവങ്ങൾക്ക് വേദിയാകാൻ കാസർകോട് ; 29.46 കോടിയുടെ അത്യാധുനിക സ്‌റ്റേഡിയം നാടിന് സമർപ്പിക്കും

കളിയാരവങ്ങൾക്ക് വേദിയാകാൻ കാസർകോട് ; 29.46 കോടിയുടെ അത്യാധുനിക സ്‌റ്റേഡിയം നാടിന് സമർപ്പിക്കും

ഏത് പ്രതികൂല കാലാവസ്ഥയിലും ദേശീയതല മത്സരങ്ങൾ വരെ സംഘടിപ്പിക്കാൻ പാകത്തിൽ സജ്ജീകരിച്ചിട്ടുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

251

കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും ബൃഹത്തായതും രാജ്യാന്തര നിലവാരമുള്ളതുമായ നടക്കാവ് ഇൻഡോർ സ്റ്റേഡിയ സമുച്ചയം ഈ മാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സംസ്ഥാന കായിക വകുപ്പ് കിഫ്‌ബി വഴി അനുവദിച്ച 29.46 കോടി രൂപ വിനിയോഗിച്ച് കിറ്റ്കോ ലിമിറ്റഡാണ് അത്യാധുനിക രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ഏത് പ്രതികൂല കാലാവസ്ഥയിലും ദേശീയതല മത്സരങ്ങൾ വരെ സംഘടിപ്പിക്കാൻ പാകത്തിൽ സജ്ജീകരിച്ചിട്ടുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ബാഡ്‌മിൻ്റൺ, ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ്, ടേബിൾ ടെന്നിസ് തുടങ്ങിയ മത്സരങ്ങൾക്കുള്ള അത്യാധുനിക കോർട്ടുകളും സജ്ജമാണ്. ഇതിനുപുറമെ കബഡി കോർട്ടും സ്പ്രിംഗ്ളർ സംവിധാനത്തോട് കൂടിയ സെവൻസ് നാച്ചുറൽ ഗ്രാസ് ഫുട്‌ബോൾ കോർട്ടും ജില്ലയിലെ ആദ്യത്തെ സെമി ഒളിംപിക് നീന്തൽക്കുളവും ഈ സമുച്ചയത്തെ വേറിട്ടുനിർത്തുന്നു. 400 മീറ്റർ ഫ്ലഡ് ലൈറ്റ് ട്രാക്ക് കൂടി ഉൾപ്പെടുന്നതോടെ രാപ്പകൽ വ്യത്യാസമില്ലാതെ കായിക ആരവം ഉയരും.

ആയിരക്കണക്കിന് കാണികൾക്ക് ഒരേസമയം ഇരുന്ന് കളി കാണാവുന്ന ഗാലറിയോട് കൂടിയ മൂന്നുനില പവലിയൻ മന്ദിരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കളിക്കാർക്കും ഒഫീഷ്യൽസിനും സാങ്കേതിക വിദഗ്‌ധർക്കുമായി പ്രത്യേകം മുറികൾ, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച് എന്നിവയും കെട്ടിടത്തിലുണ്ട്. ഷോപ്പിംഗ് മാൾ, വിപുലമായ പാർക്കിംഗ് സൗകര്യം, സമാന്തര റോഡ് എന്നിവ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണമായ ഒരു സ്പോർട്സ് ഹബ്ബായാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.