യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കാസര്‍കോട് എംഡിഎംഎ കേസില്‍ പ്രതികള്‍ ഇതുവരെ ജാമ്യാപേക്ഷ നല്‍കാത്തത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കുന്നു. റിമാന്റിലായി ഒരു മാസം പിന്നിട്ടിട്ടും ജാമ്യാപേക്ഷ സമർപ്പിക്കാത്തതിന് പിന്നിൽ അന്വേഷണ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള നീക്കമാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. അതീവ രഹസ്യമായാണ് നിലവിൽ ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
മാറ്റപ്പെട്ട ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്തവരും
പ്രതികളുടെ സിഡിആര്‍ (കോൾ ഡീറ്റെയിൽ റെക്കോർഡ്) വിവരങ്ങള്‍ ഉള്‍പ്പടെ യാതൊന്നും പുറത്തുപോകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശമുണ്ട്. കേസിൽ വഴിതിരിവായേക്കാവുന്ന നിർണായക വിവരങ്ങൾ പുറത്തുവരാതിരിക്കാൻ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരെ ആരെയും നിലവിലുള്ള അന്വേഷണ സംഘത്തിൽ നിലനിർത്തിയിട്ടില്ല. ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ടാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയത്. കൂടാതെ, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മുഴുവന്‍ ഫോണുകളും ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടുമില്ല.
കേസില്‍ ഇതുവരെ ഒരു നൈജീരിയന്‍ സ്വദേശി അടക്കം കേരളത്തിന് പുറത്തുനിന്നുള്ള മൂന്ന് പേരുൾപ്പെടെ ഒമ്പത് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ മുഹമ്മദ് ഹുസൈന് ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവും, ഇത് എംഡിഎംഎ വില്‍പ്പനയ്ക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നതുമാണ് അന്വേഷണത്തിലെ ഏറ്റവും നിർണായകമായ ചോദ്യം.
വിഡി സതീശന് അടക്കമുള്ള പ്രമുഖരുമായി പ്രതി ഫോണില്‍ സംസാരിച്ചിരുന്നോ എന്നറിയാൻ സിഡിആര്‍ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഉദ്യോഗസ്ഥർക്കുള്ളത്.
ഫോൺ പരിശോധനയും കോടതി നടപടികളും
പ്രതികളുടെ ഫോണുകൾ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്ന അവകാശവാദവും പ്രതിക്കൂട്ടിലാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെങ്കിൽ പൊലീസ് കോടതിയില്‍ ഔദ്യോഗികമായി അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ ഇതുപോലും പൊലീസ് ചെയ്തിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന മുഹമ്മദ് ഹുസൈന് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളിൽ നിന്നായി ആകെ ഏഴ് ഫോണുകളാണ് പിടിച്ചെടുത്തത്. ഒരു ഐഫോണ്‍, മൂന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍, മൂന്ന് കീപാഡ് ഫോണുകള്‍ എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്.
ഇതിൽ അഞ്ച് ഫോണുകൾ മാത്രമാണ് നിലവിൽ അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. ബാക്കി രണ്ട് ഫോണുകൾ മാത്രമാണ് കഴിഞ്ഞ ഓഗസ്റ്റ് 29ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.


