ആഡംബര ബൈക്കുകളിലൂടെ വിപണിയിൽ മുൻപന്തിയിലുള്ള ജാപ്പനീസ് നിർമാതാക്കളായ കവാസാക്കി, ബജറ്റ് സൗഹൃദ സെഗ്മെന്റിലേക്കും കടക്കുകയാണ്. ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി കവാസാക്കി അവതരിപ്പിക്കുന്ന പുതിയ മോഡൽ ഡബ്ല്യു 175, എക്‌സ് ഷോറൂം വില 1.22 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
കവാസാക്കിയുടേത് ആഡംബര ബൈക്കുകളുടെ നിരയായ നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്കാൻ എസ് തുടങ്ങിയ മോഡലുകൾ ആഗോളതലത്തിൽ തന്നെ ജനപ്രീതി നേടിയവയാണ്. മികച്ച പ്രകടനവും സവിശേഷതകളും കൊണ്ട് ശ്രദ്ധേയമായ ഈ മോഡലുകൾ, വിലയുടെ കാര്യത്തിലും പ്രധാന സ്ഥാനമാണ് കൈവരിച്ചത്. എന്നാൽ, കൂടുതൽ ബജറ്റ് സൗഹൃദ മോഡലുകൾക്ക് ആണ് ഇന്ത്യയിൽ സ്വീകാര്യത കൂടുതലെന്ന് മനസിലാക്കിയ കമ്പനി, ഉപയോക്താക്കളെ ആകർഷിക്കാൻ 177 സിസി എഞ്ചിനുള്ള ഡബ്ല്യു 175 മോഡലുമായി രംഗത്തെത്തുകയാണ്.
രണ്ട് വേരിയന്റുകളിലായി ഡബ്ല്യു 175 വിപണിയിലെത്തും. ആദ്യം സ്മോക്ക്‌ഡ് റിമ്മിലുള്ള മോഡലിന് ബ്ലാക്ക്, ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് ഗ്രെ എന്നിവയുള്‍പ്പെടെ നാല് കളർ ഓപ്ഷനുകൾ ഉണ്ട്. 1.22 – 1.31 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഡബ്ല്യു 175 സ്ട്രീറ്റ് എന്ന പേരിലുള്ള രണ്ടാമത്തെ വേരിയന്റ് അലോയ് വീലിലാണ് ലഭ്യമാകുക. ഗ്രീൻ, ഗ്രെ എന്നീ കളറുകളിൽ 1.75 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഇത് വിപണിയിലെത്തും.
177 സിസി സിംഗിള്‍ സിലിൻഡർ എഞ്ചിനുള്ള ഈ ബൈക്ക് 12.8 എച്ച്പി പവറിലും 13.2 എൻഎം ടോർക്കിലും പ്രവർത്തിക്കും. പരമാവധി 45 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
മുൻചക്രത്തിൽ 275 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കും സിംഗിൾ ചാനല്‍ എബിഎസിന്റെ പിന്തുണയുമുള്ള ഈ മോഡലിന് ക്ലാസിക് ലുക്ക് നിലനിർത്തിയുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. സെമി ഡിജിറ്റൽ സ്പീഡോമീറ്റർ ഉൾപ്പെടെ ബൈക്കിന്റെ മുഖ്യ സവിശേഷതകളിൽ പെട്ടതാണ്.



