യുഎഇ: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ കേളി കലാസാംസ്‌കാരിക വേദി ഒരു കോടി രൂപ സമാഹരിച്ചു നൽകും. കേരള സർക്കാരിനൊപ്പം കൈകോർത്ത് സർക്കാരിൻ്റെ പുനഃരധിവാസ പദ്ധതിയിൽ ഭഗവാക്കാകുന്നതിൻ്റെ ഭാഗമായാണ് ഇതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവൻ മെമ്പർമാരും ഈ ഉദ്യമത്തിൽ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതുസമൂഹത്തിനും ധന സമാഹാരണത്തിൽ പങ്കാളികളാകാം.
കേളിയുടെ ‘സ്നേഹസ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൻ്റെ വ്യാപ്‌തി ഇനിയും പൂർണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട് .
ദുരന്തം നടന്ന രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തുനിന്നും ആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്‌തിരുന്നു.
ദുരന്തത്തില്‍ സകലതും നഷ്‌ടമായവർക്കായി വിപുലമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുമെന്നും, പൂർണ്ണമായും തകർന്നുപോയ ജനവാസ മേഖലയ്‌ക്ക് പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമത്തിൽ പ്രവാസ ലോകത്തുനിന്നും കഴിയാവുന്നതിൻ്റെ പരമാവതി ചെയ്യാൻ കേളി രംഗത്തുണ്ടാവും.
രണ്ടായിരത്തിലധികം പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവർത്തകർ കൈപിടിച്ചു കയറ്റിയത്. മുൻകാലങ്ങളിലെ പ്രളയവും മഹാമാരിയും, പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാ പ്രവർത്തനത്തിൻ്റെ ഏകോപനത്തിന് വഴി കാട്ടിയായി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു.
രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഒരോരുത്തരേയും കേളി അഭിനന്ദിക്കുന്നു. അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും കേളി പ്രവർത്തകർ അഭ്യർത്ഥിച്ചു.



