...
Home News National ‘കേരളത്തിന് നിഷേധിച്ചു, മഹാരാഷ്ട്രക്ക് നല്‍കി’; വിദേശ സംഭാവനയില്‍ കേന്ദ്ര സർക്കാർ വിവേചനം

‘കേരളത്തിന് നിഷേധിച്ചു, മഹാരാഷ്ട്രക്ക് നല്‍കി’; വിദേശ സംഭാവനയില്‍ കേന്ദ്ര സർക്കാർ വിവേചനം

രാജ്യത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമായി മഹാരാഷ്ട്ര മാറി

268

വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ കേരളത്തിന് നിഷേധിച്ച അനുമതി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാനാണ് എഫ്.സി.ആര്‍.എ പ്രകാരം രജിസ്ട്രേഷന്‍ അനുവദിച്ചത്. വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി 2018ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

2018ല്‍ കേരളം ആദ്യമായി നേരിട്ട മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍, യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് സഹായഹസ്‌തം നീട്ടിയത്. യുഎഇ 700 കോടി രൂപയും ഖത്തര്‍, മാലിദ്വീപ്, തായ് ലന്‍ഡ് രാജ്യങ്ങളും ധനസഹായം കേരളത്തിന് വാഗ്‌ദനം ചെയ്‌തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര അനുമതി ലഭിച്ചില്ല.

രാജ്യം ശക്തമാണെന്നും ഇത്തരം ദുരന്തങ്ങളെ ഒറ്റക്ക് നേരിടാന്‍ കരുത്തുണ്ടെന്നും ആയിരുന്നു അന്ന് കേന്ദ്രസർക്കാർ വാദം. മാത്രമല്ല, വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ചൂണ്ടിക്കാട്ടി എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ തടഞ്ഞു. ഇതേ മോദി സര്‍ക്കാരാണ് ഇപ്പോള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം കേന്ദ്രം രജിസ്ട്രേഷന്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ ഫണ്ടുകള്‍ സാധാരണയായി ആഭ്യന്തര സംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്.

വിദേശത്തുനിന്നു സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്.സി.ആര്‍.എ പ്രകാരം രജിസ്ട്രേഷന്‍ ആവശ്യമാണ്. മുഖ്യമന്ത്രി ചെയര്‍മാനായി ബോംബെ പബ്ലിക് ട്രസ്റ്റ് നിയമ പ്രകാരമാണ് മഹാരാഷ്ട്ര സിഎംആര്‍എഫ് രജിസ്റ്റര്‍ ചെയ്‌തത്. സംസ്ഥാന സര്‍ക്കാരിനാണ് നടത്തിപ്പ് ചുമതലയും.

എഫ്.സി.ആര്‍.എ ലൈസന്‍സ് ലഭിച്ചതോടെ രാജ്യത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമായി മഹാരാഷ്ട്ര മാറി. നിലവില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശ സഹായം യദേഷ്‌ടം സ്വീകരിക്കാം. കോവിഡ് മഹാമാരിയില്‍ പിഎം കെയേഴ്‌സ് ഫണ്ടിനും എഫ്‌സിആര്‍എ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്‌തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.